തിരയുക

ആർച്ച് ബിഷപ്പ്  പോൾ റിച്ചാർഡ് ഗാല്ലഗെർ. ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ. 

ആർച്ച് ബിഷപ്പ് ഗാല്ലഗർ: സകല മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള സംവാദത്തിലൂടെ മാത്രമേ സമാധാനം കൈവരിക്കാൻ കഴിയൂ

സംഘർഷങ്ങൾക്കുള്ള പരിഹാരം യുദ്ധത്തെ നിരസിക്കലാണെന്നും സംവാദമാണ് ശാശ്വത സമാധാനം കൈവരിക്കാനുള്ള ഏക മാർഗ്ഗമെന്നും റോമിൽ ഒരുമിച്ചുകൂടിയ സന്യാസ സഭാ മേലധ്യക്ഷരുടെ യൂണിയന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വിദേശരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള വത്തിക്കാന്റെ ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ ഊന്നി പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പുതിയ തലമുറകൾക്കായുള്ള സാമൂഹിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുദ്ധം തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 25 വരെ റോമിനടുത്തുള്ള ഫ്രതേർണ ദോമൂസിൽ ഓഫ് സാക്രോഫാനോയിൽ നടക്കുന്ന യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിന്റെ (യുഎസ്ജി) (സന്യാസനി സഭാ മേലധ്യക്ഷരുടെ) 98-മത് അസംബ്ലിയുടെ ഉദ്ഘാടന വേളയിലാണ് ആർച്ച് ബിഷപ്പ് ഇങ്ങനെ വ്യക്തമാക്കിയത്.

യു.എസ്.ജി. അസംബ്ലി

ത്രിദിന സമ്മേളനം ചർച്ച ചെയ്യുന്നത് "ഫ്രാത്തെല്ലി തൂത്തി: സമാധാനത്തിന്റെ കരകൗശല വിദഗ്ധരായിരിക്കാനുള്ള വിളി" എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഇത് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള  ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനത്തിലേ 225-ആം ഖണ്ഡികയിൽ നിന്നുള്ളതാണ്. അതിൽ ഫ്രാൻസിസ് പാപ്പാ പറയുന്നത് "ലോകത്തിന്റെ പല ഭാഗങ്ങളിലും തുറന്ന മുറിവുകൾ ഉണക്കാനുള്ള സമാധാനത്തിന്റെ പാതകൾ ആവശ്യമുണ്ട്", എന്നും "സമാധാനം കെട്ടിപ്പടുക്കുന്ന, മുറിവുണക്കൽ പ്രക്രിയകൾ തുടങ്ങാൻ  ധൈര്യത്തോടെയും ക്രിയാത്മകവുമായി പ്രവർത്തിക്കാൻ തയ്യാറുള്ള സ്ത്രീകളുടെയും പുരുഷന്മാരേയും ആവശ്യമുണ്ട്" എന്നുമാണ്.

സമർപ്പിതരായ സ്ത്രീ - പുരുഷന്മാർക്കുള്ള പരിശീലന പരിപാടികളിലൂടെ ലോകത്തിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഭയുടെ പ്രതിബദ്ധതയിലും പ്രത്യേകിച്ച് സമാധാനം, നീതി, സൃഷ്ടിയുടെ സമഗ്രത എന്നിവയ്ക്കുള്ള യുഎസ്ജിയുടെയും യുഐഎസ്ജിയുടെയും (ഇന്റർനാഷണൽ യൂണിയൻ ഓഫ് വിമൻ സുപ്പീരിയേഴ്സ് ജനറൽ) പൊതു പ്രതിബദ്ധതയിലും യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സമാധാനം ഉറപ്പാക്കുന്നതിന്  യുദ്ധത്തിന്റെ പൂർണ്ണമായ നിരാകരണവും, സംവാദവും

സഭയ്ക്ക് സമാധാനത്തിനായി പ്രതിജ്ഞാബദ്ധരാകാതിരിക്കാൻ കഴിയില്ല എന്ന് ആർച്ച് ബിഷപ്പ് ഗല്ലാഗർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ തറപ്പിച്ചു പറഞ്ഞു. സമാധാനം കൈവരിക്കാനുള്ള ഏക മാർഗ്ഗമെന്ന നിലയിൽ' സംവാദത്തെ കുറിച്ച് പറഞ്ഞ വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ വാക്കുകളെ ഇന്നും നിരന്തരം ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും യുക്രെയിനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഉൾപ്പെടെയുള്ള നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തെ “മൂന്നാം ലോക മഹായുദ്ധം” എന്ന് പരാമർശിച്ചതും ആർച്ച് ബിഷപ്പ് സൂചിപ്പിപ്പിച്ചു.

സംഘർഷങ്ങളുടെ അഭാവം മാത്രമല്ല സമാധാനം

"സമാധാനം ഉറപ്പാക്കുന്നത് യുദ്ധത്തെ പൂർണ്ണമായി നിരസിക്കുകയും ഏത് വിലകൊടുത്തും സംവാദം നടത്താനുള്ള വഴി തേടുകയും ചെയ്യുന്നതാണെന്നും ഇത് ഭാവിയിലേക്കുള്ള പാത ഉറപ്പുനൽകുന്ന വിശ്വാസ വർദ്ധനയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതുപോലെ, "സമാധാനത്തിന്റെ അടിത്തറ ഉറപ്പാക്കേണ്ടത് ആവശ്യമാണ്", എന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് ഗാല്ലഗെർ "സംഘർഷങ്ങളുടെ അഭാവം മാത്രമല്ല, മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും മനസ്സാക്ഷിയുടേയും  മതത്തിന്റെയും സ്വാതന്ത്ര്യമുൾപ്പെടെ സംരക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തോടെയും  രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളുടെ സമാധാനപരമായ പരിഹാരമാണ് സമാധാനത്തിന്റെ അടിത്തറയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശനിയാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയോടെ യുഎസ്ജി അസംബ്ലി സമാപിക്കും.

സന്യാസ സഭാ മേലധ്യക്ഷരുടെ യൂണിയ൯ (Union of Superiors General)

യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറൽ (യുഎസ്ജി), പൊന്തിഫിക്കൽ റൈറ്റിൽപ്പെട്ട പുരുഷസന്യാസസഭകളുടേയും, അപ്പോസ്തോലിക ജീവിത സമൂഹങ്ങളുടേയും സുപ്പീരിയർ ജനറൽമാരുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ്. 1952 മുതൽ, സുപ്പീരിയേഴ്‌സ് ജനറൽ ആദ്യമായി കണ്ടുമുട്ടിയപ്പോൾ തുടങ്ങി, അനുഭവങ്ങൾ പങ്കിടുകയും, വിവരങ്ങൾ കൈമാറുകയും, അവരുടെ സേവനത്തിൽ പരസ്പരം അനുഗമിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഫോറമാണിത്. "സഭയുടെ സേവനത്തിൽ വ്യക്തിഗത സ്ഥാപനങ്ങളുടെ ജീവിതവും ദൗത്യവും പ്രോത്സാഹിപ്പിക്കുക, അവയ്ക്കിടയിൽ കൂടുതൽ ഫലപ്രദമായ സഹകരണം, പരിശുദ്ധ സിംഹാസനം, അധികാരശ്രേണി എന്നിവയുമായുള്ള കൂടുതൽ ഫലപ്രദമായ സമ്പർക്കം" എന്നിവയാണ് യുഎസ്ജിയുടെ ലക്ഷ്യം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2022, 16:18