തിരയുക

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഐക്യരാഷ്ട്രസഭയുടെ ഉന്നത തല യോഗത്തെ സംബോധന ചെയ്യുന്നു വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഐക്യരാഷ്ട്രസഭയുടെ ഉന്നത തല യോഗത്തെ സംബോധന ചെയ്യുന്നു 

കർദ്ദിനാൾ പരോളിൻ: ആണവായുധ നിർമ്മാർജ്ജനം ഒരു വെല്ലുവിളിയും അനിവാര്യതയും!

ആണവായുധ സമ്പൂർണ്ണ നിർമ്മാർജ്ജനത്തിനായുള്ള അന്താരാഷ്ട്രദിനം ആചരിച്ച സെപ്റ്റംബർ 26-ന് ന്യുയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തെ വത്തിക്കാൻ സംസ്ഥാനകാര്യാലയത്തിൻറെ കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അണുവായുധങ്ങളുടെ സമ്പൂർണ്ണ നിർമ്മാർജ്ജനത്തിന് "പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സംഘാതവും സംയോജിതവുമായ" പ്രതികരണം ആവശ്യമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

ആണവായുധ സമ്പൂർണ്ണ നിർമ്മാർജ്ജനത്തിനായുള്ള അന്താരാഷ്ട്രദിനം ആചരിച്ച സെപ്റ്റംബർ 26-ന് ന്യുയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തിൽ പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിസംഘത്തെ നയിച്ച അദ്ദേഹം പ്രസ്തുതയോഗത്തെ സംബോധന ചെയ്യുകയായിരുന്നു.

ആണവായുധങ്ങൾ നിലനിലക്കുന്നിടത്തോളം കാലം നമ്മുടെ പൊതുഭവനത്തിൻറെ ഭാവിയ്ക്കും മാനവരാശിയുടെ അസ്തിത്വത്തിനു തന്നെയും ഭീഷണിയായ ആണവായുധോപയോഗ സാദ്ധ്യത തള്ളിക്കളയാനാകില്ല എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

നടപ്പുവർഷം ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രൈയിൻ യുദ്ധം, യൂറോപ്പിലേക്ക്, തലമുറകളായി കാണാത്ത തോതിലുള്ള സായുധ സംഘർഷത്തെ കൊണ്ടുവന്നിരിക്കയാണെന്നും ഈ പോരാട്ടത്തോടൊപ്പമുള്ള  നിന്ദ്യമായ ആണവായുധപ്രയോഗ ഭീഷണി, ലോകം എത്രമാത്രം ആണവയുദ്ധത്തിൻറെ പടുകുഴിയുടെ വക്കിലെത്തിയിരിക്കുന്നുവെന്നു കാണിച്ചുതരുന്നുവെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു.

മാനവരാശിക്കുമുഴുവൻ വിനാശകരമായ പ്രത്യാഘാതങ്ങളോടെ ഉയർന്നുവരുന്ന ഈ ഭീഷണി, "ആണവായുധങ്ങൾ അന്താരാഷ്ട്ര സുരക്ഷയെ തുരങ്കം വയ്ക്കുന്ന  വിലേയറിയതും അപകടകരവുമായ ബാദ്ധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈയൊരു പശ്ചാത്തലത്തിൽ, "ആണവായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലനമെന്ന ആത്യന്തിക ലക്ഷ്യം ഒരു വെല്ലുവിളിയും ധാർമ്മികവും മാനുഷികവുമായ ഒരു അനിവാര്യതയുമായി മാറുന്നുവെന്ന് ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്  കർദ്ദിനാൾ പരോളിൻ പ്രസ്താവിച്ചു.

ഈ ലക്ഷ്യപ്രാപ്തിയിൽ നിന്ന് നമ്മെ അകറ്റുന്നതാണ് ആണവരാഷ്ട്രങ്ങളുടെ പ്രവർത്തികൾ എന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

ഈ നാടുകൾ ആണവ നിർവ്യാപന ഉടമ്പടിയുടെ (NPT) ആറാം വകുപ്പു പ്രകാരമുള്ള തങ്ങളുടെ നിരായുധീകരണ ബാദ്ധ്യതകൾ നിറവേറ്റുന്നതിനുപകരം ആണവായുധങ്ങളുടെ നവീകരണത്തിലൂടെയും വിപുലീകരണത്തിലൂടെയും ആണവ പ്രതിരോധത്തെ ആശ്രയിക്കുന്നത് വർദ്ധിപ്പിക്കുകയാണെന്ന് കർദ്ദിനാൾ പരോളിൻ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2022, 15:37