തിരയുക

പാവൊളൊ റുഫീനി.,വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൻറെ മേധാവി, സിഗ്നിസിൻറെ (SIGNIS) ദക്ഷിണ കൊറിയയിലെ സോളിൽ നടന്നുവരുന്ന ലോകസമ്മേളനത്തെ ചൊവ്വാഴ്ച (16/08/22) സംബോധന ചെയ്യുന്നു. പാവൊളൊ റുഫീനി.,വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൻറെ മേധാവി, സിഗ്നിസിൻറെ (SIGNIS) ദക്ഷിണ കൊറിയയിലെ സോളിൽ നടന്നുവരുന്ന ലോകസമ്മേളനത്തെ ചൊവ്വാഴ്ച (16/08/22) സംബോധന ചെയ്യുന്നു. 

പാവൊളൊ റുഫീനി: വിനിമയത്തിൻറെ അഭാവമുള്ള ബന്ധഭരിത ലോകം !

പാവൊളൊ റുഫീനി, കത്തോലിക്കാ മാദ്ധ്യമ ശൃംഖലയായ സിഗ്നിസിൻറെ (SIGNIS) ദക്ഷിണ കൊറിയയിലെ സോളിൽ നടന്നുവരുന്ന ലോകസമ്മേളനത്തെ ചൊവ്വാഴ്ച (16/08/22) സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാങ്കേതികവിദ്യയെ ബിംബമായി പ്രതിഷ്ഠിക്കരുതെന്ന് വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൻറെ മേധാവി പാവൊളൊ റുഫീനി.

ആഗോള കത്തോലിക്കാ മാദ്ധ്യമ ശൃംഖലയായ സിഗ്നിസിൻറെ (SIGNIS) ദക്ഷിണ കൊറിയയിലെ സോളിൽ നടന്നുവരുന്ന ലോകസമ്മേളനത്തെ ചൊവ്വാഴ്ച (16/08/22) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“സമാധാനം ഡിജിറ്റൽ ലോകത്തിൽ” (Peace in the Digital World) എന്ന വിചിന്തന പ്രമേയവുമായി, ആഗസ്റ്റ 15-ന് ആരംഭിച്ച ഈ സമ്മേളനം 19-ന് സമാപിക്കും. 100-ലേറെ രാജ്യങ്ങളിലെ കത്തോലിക്ക റേഡിയോ, ടെലെവിഷൻ, ഇൻറർനെറ്റ്, സിനിമ എന്നിങ്ങനെയുള്ള എല്ലാ മാദ്ധ്യമവിഭാഗങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സിഗ്നിസിൻറെ മുന്നൂറോളം പ്രതിനിധികൾ ഇതിൽ സംബന്ധിക്കുന്നുണ്ട്.

പതിറ്റാണ്ടുകൾക്കു മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ടെലെകോൺഫറൻസിംഗ്, ടെലെമെഡിസിൻ, ഇ-കൊമേഴ്‌സ് തുടങ്ങിയ യാഥാർത്ഥ്യങ്ങൾ മനുഷ്യൻറെ ധിക്ഷണാശക്തിയുടെ ഫലമായ സാങ്കേതികവിദ്യ  ഇപ്പോൾ സാദ്ധ്യമാക്കിത്തീർത്തിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച റുഫീനി നമ്മുടെ ഈ കാലഘട്ടത്തിലെ വിരോധാഭാസപരമായ യാഥാർത്ഥ്യങ്ങളിലേക്കും വിരൽ ചൂണ്ടി.

സാങ്കേതികവിദ്യയുടെ ഫലമായി പരസ്പരബന്ധത്തിനും വിനിമയത്തിനുമുള്ള മാർഗ്ഗങ്ങൾ അതിസമൃദ്ധമാണെന്നിരിക്കലും ഒറ്റപ്പെടലിൻറെ ഒരു ലോകം സംജാതമായിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനു കാരണം ബന്ധം ഉണ്ടെങ്കിലും വിനിമയം നടക്കുന്നില്ല എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആകയാൽ ഇവിടെ വ്യക്തിപരവും സംഘാതവുമായ ആത്മശോധന ആവശ്യമായിരിക്കുന്നു എന്ന് റുഫീനി പ്രസ്താവിച്ചു.

സ്വാതന്ത്ര്യം, സമാഗമം, ആകസ്മികമായത് ഉളവാക്കുന്ന വിസ്മയം, പരിവർത്തനം, കല്പനാശക്തിയുടെ വിസ്ഫോടനം, സൗജന്യ സ്നേഹം തുടങ്ങിയ ചില കാര്യങ്ങൾക്ക് പകരം നില്ക്കാൻ സാങ്കേതിക വിദ്യയ്ക്ക് ഒരിക്കലും സാധിക്കില്ല എന്ന വസ്തുതയും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

നൂതനമായ വിനിമയത്തിനുള്ള നൂതന രീതികൾ കണ്ടെത്തുകയാണ് നല്ല മാദ്ധ്യമ പ്രവർത്തനത്തിൻറെയും അതുപോലെ തന്നെ സിഗ്നിസിൻറെയും വെല്ലുവിളി എന്നും റുഫീനി ഓർമ്മിപ്പിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2022, 14:39