തിരയുക

മോൺസിഞ്ഞോർ യാനൂസ് ഉർബാൻചിക്, യൂറോപ്പിൻറെ സുരക്ഷിതത്വം സഹകരണം എന്നിവയ്ക്കായുള്ള സംഘടനയായ ഒ എസ് സി ഇ-യിൽ (OSCE) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ യാനൂസ് ഉർബാൻചിക്, യൂറോപ്പിൻറെ സുരക്ഷിതത്വം സഹകരണം എന്നിവയ്ക്കായുള്ള സംഘടനയായ ഒ എസ് സി ഇ-യിൽ (OSCE) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ  

പ്രതിസന്ധികൾ, പുതിയ വീക്ഷണങ്ങൾക്കും പദ്ധതികൾക്കും പ്രചോദനമാകണം!

യൂറോപ്പിൻറെ സുരക്ഷിതത്വം സഹകരണം എന്നിവയ്ക്കായുള്ള സംഘടനയായ ഒ എസ് സി ഇ-യിൽ (OSCE) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ യാനൂസ് ഉർബാൻചിക് ആണ് ഇത് ഓർമ്മിപ്പിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാഗരികതയ്ക്ക് ഊർജ്ജം ആവശ്യമാണ് എന്നാൽ ഊർജ്ജോപയോഗം നാഗരികതയെ നശിപ്പിക്കുന്നതാകരുത് എന്ന് നാം ഓർമ്മിക്കേണ്ടതുണ്ടെന്ന് മോൺസിഞ്ഞോർ യാനൂസ് ഉർബാൻചിക്.

യൂറോപ്പിൻറെ സുരക്ഷിതത്വം സഹകരണം എന്നിവയ്ക്കായുള്ള സംഘടനയായ ഒ എസ് സി ഇ-യിൽ (OSCE) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം, ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ പോളണ്ടിലെ വ്വോച്ചിൽ (Łódź) മുപ്പതാം സാമ്പത്തിക പാരിസ്ഥിതിക ചർച്ചാവേദിയ്ക്ക് ഒരുക്കമായുള്ള രണ്ടാം യോഗത്തെ അതിൻറെ ഉദ്ഘാടന ദിനത്തിൽ, തിങ്കളാഴ്ച (23/05/22) സംബോധന ചെയ്യുകയായിരുന്നു.

ഈ ദ്വിദിന സമ്മേളനം ചൊവ്വാഴ്‌ച (24/05/22) സമാപിച്ചു. 

നമ്മുടെ ഊർജ്ജ സംവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടതിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മോൺസിഞ്ഞോർ ഉർബാൻചിക് ഇത്തരമൊരു പരിവർത്തനം തന്ത്രപ്രധാനമായ ദീർഘകാല നിക്ഷേപമാണെന്നും, ഇത് നീണ്ടകാല സാമ്പത്തിക നേട്ടങ്ങൾ മാത്രമല്ല, പാരിസ്ഥിതിക നേട്ടങ്ങളും കൊണ്ടുവരുമെന്നും പ്രസ്താവിച്ചു.

ആരോഗ്യം, പരിസ്ഥിതി, സുരക്ഷ എന്നീ മേഖലകളിൽ പ്രതിസന്ധിയുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം,  കാഴ്ച്ചപ്പാടും, പദ്ധതികൾ ആവിഷ്‌കരിക്കാനും അവ വേഗത്തിൽ പ്രാവർത്തികമാക്കാനും നമ്മുടെ പൊതു ഭവനമായ ലോകത്തിൻറെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും നമ്മുടെ പൊതുവായ ലക്ഷ്യം  പുനർനിർണ്ണയിക്കാനുമുള്ള കഴിവും ഓരോ പ്രതിസന്ധിയും ആവശ്യപ്പെടുന്നുവെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

കോവിദ് 19 മഹാമാരിയിൽ നിന്ന് ലോകം സാവാധാനം പുറത്തു കടക്കുന്ന ഒരു വേളയിൽ ഉക്രൈയിനിൽ നടക്കുന്ന യുദ്ധം, യൂറോപ്പിൽ പ്രത്യേകിച്ച്, സാമ്പത്തിക, സാസ്കാരിക സാമൂഹ്യ സംവിധാനങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുകയാണെന്ന വസ്തുതയും മോൺസിഞ്ഞോർ ഉർബാൻചിക് എടുത്തുകാട്ടി. 

യുദ്ധം ഉളവാക്കുന്ന മാനവിക ദുരന്തമാണ് പരമപ്രധാനമെങ്കിലും, യുദ്ധം എല്ലായ്പ്പോഴും വ്യാപകമായ അനന്തരഫലങ്ങൾക്ക് കാരണമാകുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ നമ്മെ ഓർമിപ്പിക്കുന്നതുപോലെ, യുദ്ധം സദാ പരിസ്ഥിതിക്കും ജനങ്ങളുടെ സാംസ്കാരിക സമ്പന്നതയ്ക്കും ഗുരുതര ഹാനി വരുത്തുന്നുവെന്നും, ആണവായുധങ്ങളും ജൈവായുധങ്ങളും പരിഗണിക്കുമ്പോൾ അപകടസാദ്ധ്യതകൾ വർദ്ധമാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈയിനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം പാരിസ്ഥിതികവും സാമ്പത്തികവുമായ ദോഷഫലങ്ങൾ വിതയക്കുന്നതോടൊപ്പം വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തെയും ഉപജീവനത്തെയും കൂടുതൽ ബാധിക്കുന്നുവെന്നും മോൺസിഞ്ഞോർ ഉർബാൻചിക് അനുസ്മരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2022, 15:39