തിരയുക

കർദ്ദിനാൾ മൈക്കിൾ ചേർണി  ഹങ്കറി സന്ദർശിച്ച വേളയിൽ, 10/03/22 കർദ്ദിനാൾ മൈക്കിൾ ചേർണി ഹങ്കറി സന്ദർശിച്ച വേളയിൽ, 10/03/22  

കർദ്ദിനാൾ മൈക്കിൾ ചേർണി സ്ലൊവാക്യയിലേക്ക്!

ഉക്രയിൻ ജനതയ്ക്ക് പാപ്പായുടെ സാന്ത്വന സാന്നിദ്ധ്യം അനുഭവവേദ്യമാക്കുക എന്ന ദൗത്യവുമായി കർദ്ദിനാൾ മൈക്കിൾ ചേർണി പതിനാറാം തീയതി യുദ്ധവേദിയായിരിക്കുന്ന ഉക്രയിനിൻറെ അയൽരാജ്യമായ സ്ലൊവാക്യയിലെത്തും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഇടക്കാല അദ്ധ്യക്ഷനായ കർദ്ദിനാൾ മൈക്കിൾ ചേർണി ഫ്രാൻസീസ് പാപ്പായുടെ നിർദ്ദേശ പ്രകാരം സ്ലൊവാക്യ സന്ദർശിക്കും.

റഷ്യ ഉക്രയിനിൽ നടത്തുന്ന മനുഷ്യത്വരഹിതമായ യുദ്ധത്തിൻറെ ദുരന്തങ്ങൾ പേറുന്ന ജനതയുടെ ചാരെ മാർപ്പാപ്പായുണ്ടെന്ന് അറിയിക്കുകയാണ് ഈ സന്ദർശനത്തിൻറെ ലക്ഷ്യം.

പതിനാറാം തീയതി ബുധനാഴ്ച (16/03/22) സ്ലൊവാക്യയിൽ എത്തുന്ന കർദ്ദിനാൾ ചേർണി അതിനടുത്ത ദിനങ്ങളിൽ, അന്നാടുമായി ഉക്രയിൻ അതിർത്തികുറിക്കുന്ന പ്രദേശം സന്ദർശിക്കും.

പാപ്പാ ഈ സന്ദർശനദൗത്യത്തെ പ്രാർത്ഥനാപൂർവ്വം പിൻചെല്ലുമെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി, തിങ്കളാഴ്ച (14/03/22) ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

പോരാട്ടങ്ങളിൽ നിന്ന് പലായനം ചെയ്യുകയും മറ്റു മനുഷ്യരുടെ അതിക്രമത്തിൻറെ യാതനകൾ അനുഭവിക്കുകയും ചെയ്യുന്നവരുടെ ചാരെ കർദ്ദിനാൾ ചേർണി വഴി സന്നിഹിതൻ ആയിരിക്കാൻ പാപ്പാ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

യുദ്ധത്തിൻറെ ഭീകരതയ്ക്ക് ഇരകളായവരുടെ ചാരെ പാപ്പായുടെ സാന്ത്വന സന്ദേശവുമായി കർദ്ദിനാൾ ചേർണി ഉക്രയിൻറെ അയൽരാജ്യമായ ഹങ്കറി സന്ദർശിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2022, 14:43