കാരുണ്യമുള്ളവരായിരിക്കാൻ കർത്താവിൻറെ കാരുണ്യം അനുഭവിച്ചറിയുക, കർദ്ദിനാൾ ടർക്സൺ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവത്തിൻറെ കാരുണ്യത്താൽ ആകർഷിക്കപ്പെടാനും നയിക്കപ്പെടാനും അനുവദിക്കുകയെന്നാൽ, ക്രിസ്തീയ തിരഞ്ഞെടുപ്പിൻറെ ഹൃദയത്തിലേക്കു മടങ്ങിപ്പോകലാണെന്ന് കർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്സൺ (Peter Kodwo Appiah Turkson).
സഭ ആചരിച്ച മുപ്പതാം ലോക രോഗീദിനത്തോടനുബന്ധിച്ച്, ഫെബ്രുവരി 11-ന് വെള്ളിയാഴ്‌ച (11/02/22) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താൻ അർപ്പിച്ച ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്കുകയായിരുന്നു വത്തിക്കാൻറെ സമഗ്രമാനവവികസന വിഭാഗത്തിൻറെ മുന്നദ്ധ്യക്ഷനായ അദ്ദേഹം.
“നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക” എന്ന ഇക്കൊല്ലത്തെ ലോക രോഗീദിനത്തിൻറെ വിചിന്തനപ്രമേയം ആയിരുന്നു ഈ വിചിന്തനത്തിന് ആധാരം.
ജീവിതയാത്രയിൽ യാതനയനുഭവിക്കുന്ന നരകുലത്തിന് തുണയായുള്ള ദൈവികകാരുണ്യത്തിൻറെ അടയാളം ലോകത്തിനു പ്രദാനം ചെയ്ത പരിശുദ്ധ കന്യകാമറിയത്തിൻറെ ലൂർദ്ദിലെ പ്രത്യക്ഷീകരണത്തിൻറെ ഓർമ്മ ദിനത്തിലാണ് ലോക രോഗീദിനം ആചരിക്കുന്നതെന്നതും അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു.
കർത്താവിൻറെ കാരുണ്യം അനുഭവിച്ചറിയുമ്പോൾ ഒരുവൻ കാരുണ്യമുള്ളവനായിരിക്കാൻ പഠിക്കുന്നുവെന്ന് കർദ്ദിനാൾ ടർക്സൺ ഉദ്ബോധിപ്പിച്ചു.
കർത്താവേകുന്ന സാന്ത്വനത്തെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം സാന്ത്വനത്തിൻറെ, സമാശ്വസിപ്പിക്കലിൻറെ അർത്ഥം സന്തോഷം നേടാൻ പ്രചോദിപ്പിക്കുകയും പ്രബോധിപ്പിക്കുകയുമാണെന്ന് വിശദീകരിച്ചു.
രോഗീപരിചരണത്തിൽ മുഴുകിയിരിക്കുന്നവരെക്കുറിച്ചു പരാമർശിച്ച കർദ്ദിനാൾ ടർക്സൺ, അവരുടെ കരങ്ങൾ ക്രിസ്തുവിൻറെ പീഡിതശരീരത്തെ സ്പർശിക്കുന്നുവെന്നും അങ്ങനെ അവർക്ക് സ്വർഗ്ഗീയ പിതാവിൻറെ കരുണാർദ്രകരങ്ങളുടെ അടയാളമായിരിക്കാൻ സാധിക്കുമെന്നും പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: