ദക്ഷിണ കൊറിയയിലെ സോൾ അതിരൂപതയുടെ സഹായത്തിന് നന്ദിയുമായി പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോവിദ് 19 മഹാമാരിയുടെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്കായുള്ള പ്രവർത്തനങ്ങൾക്കായി ദക്ഷിണ കൊറിയയിലെ സോൾ അതിരൂപത തനിക്കേകിയ സാമ്പത്തിക സഹായത്തിന് മാർപ്പാപ്പാ നന്ദി പറയുന്നു.
സോൾ അതിരൂപതയുടെ ആർച്ചുബിഷപ്പ് പീറ്റർ ചുംഗ് സൂൻ തായിക്കിന് (Peter Chung Soon-taick) അയച്ച ഒരു കത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ തൻറെ കൃതജ്ഞത അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസമ്പർ 23-നാണ് (23/12/21) പാപ്പാ ഈ കത്ത് അയച്ചത്.
നമ്മുടെ കർത്താവും പ്രത്യാശയുമായ യേശുക്രിസ്തുവിൻറെ തിരുജനന രഹസ്യം ആഘോഷിക്കാനൊരുങ്ങുന്ന ദിനങ്ങളിൽ കാണിച്ച ഉദാരമനസ്കതയുടെതായ ഈ പ്രവർത്തിയെ താൻ വിലമതിക്കുന്നുവെന്ന് പാപ്പാ കത്തിൽ പറയുന്നു.
സോൾ അതിരൂപത വിശ്വാസികളിൽ നിന്ന് സമാഹരിച്ച 10 കോടിയിൽപ്പരം രൂപയ്ക്കു തുല്യമായ 14 ലക്ഷത്തോളം ഡോളർ കഴിഞ്ഞ ഡിസമ്പർ 17-നും അതിനു മുമ്പ് ഇതിലെറെ തുകയും തനിക്ക് സംഭാവന ചെയ്തിനുള്ള നന്ദി പ്രകടനമായിരുന്നു പ്രസ്തുത കത്ത്.
കഴിഞ്ഞ വർഷം നല്കിയ മൂന്നാമത്തെതായ ഈ സംഭാവനയ്ക്കു മുമ്പ്, 25 കോടി 10 ലക്ഷത്തിൽപ്പരം രൂപയ്ക്ക് തുല്യമായ, 34 ലക്ഷത്തോളം ഡോളർ കോവിദ് 19 രോഗപ്രതിരോധ കുത്തിവയ്പ്പുൾപ്പടെ പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി സോൾ അതിരൂപത വത്തിക്കാന് കൈമാറിയിരുന്നു.
കൊറിയയുടെ സ്വർഗ്ഗീയ സംരക്ഷകനും അന്നാട്ടുകാരനായ പ്രഥമ കത്തോലിക്കാ വൈദികനുമായ വിശുദ്ധ ആൻഡ്രൂ കിം തയെ ഗോണിൻറെ ഇരുനൂറാം ജന്മവാർഷികത്തിൻറെ സമാപന ദിനത്തിൽ, അതായത്, 2021 നവമ്പർ 27-ന്, സോൾ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് കർദ്ദിനാൾ ആൻഡ്രൂ യെഓം തുടക്കം കുറിച്ച ഒരു പദ്ധതിയനുസരിച്ചാണ് ഇത്രയും തുക സമാഹരിച്ച് പാപ്പായെ ഏല്പിച്ചത്.
ലോകമെമ്പാടുമുള്ള പാവപ്പെട്ടവർക്ക് സഹായഹസ്തം നീട്ടുന്നത് സോൾ അതിരൂപത ഇനിയും തുടരുമെന്ന് അതിരൂപതാവക്താവായ വൈദികൻ മത്തിയാസ് യൊവുംഗ് യുപ് ഹുർ വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: