തിരയുക

ലോക മത്സ്യബന്ധന ദിനം 2021 ലോക മത്സ്യബന്ധന ദിനം 2021 

മത്സ്യത്തൊഴിലാളികൾ ചൂഷണവിധേയരാക്കപ്പെടുന്നത് തടയണം!

അനുവർഷം നവമ്പർ 21-നു ലോക മത്സ്യബന്ധന ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മത്സ്യബന്ധന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് തടയുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണെന്ന് സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്സൺ (Card.Peter Kodwo Appiah Turkson).

പ്രതിവർഷം നവമ്പർ 21-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോക മത്സ്യബന്ധനദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്‌ച (19/11/21) പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യകത എടുത്തു കാട്ടിയിരിക്കുന്നത്.

ഏതൊരു കാലാവസ്ഥയിലും ഏറ്റവും കൂടുതൽ മീൻ പിടിക്കുന്നതിന്, രാപകൽ ഭേദമന്യേ, കഠിനാദ്ധ്വാനം ചെയ്യാൻ മത്സ്യബന്ധന തൊഴിലാളികൾ നിർബന്ധിതരാകുകയും, തുച്ഛമായ വേതനത്തിന് നീണ്ട മണിക്കൂറുകൾ ജോലിയെടുക്കേണ്ടി വരുകയും അവർ ഭീഷണിയ്ക്കിരകളാകുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചും കർദ്ദിനാൾ ടർക്സൺ സൂചിപ്പിക്കുന്നു.

കടലിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് അറുതി വരുത്താൻ അന്താരാഷ്ട്ര സംഘടനകളും സർക്കാരുകളും സത്വരമായി ഇടപെടണമെന്ന് പറയുന്ന അദ്ദേഹം, അല്ലാത്തപക്ഷം, ഈ മേഖലയിൽ ദുർനടപടികൾ അവസാനിപ്പിക്കുക ദുഷ്ക്കരമായി ഭവിക്കുകയും മത്സബന്ധന വ്യവസായ മേഖലയിൽ മാനുഷികമായും സാമ്പത്തികമായും ഏറെ വില നല്കേണ്ടിവരികയും ചെയ്യുമെന്ന് മുന്നറിയിപ്പു നല്കുന്നു.

മത്സ്യബന്ധന മേഖലയിൽ തൊഴിലാളികൾക്ക് അമിതജോലിഭാരം മൂലം ഉണ്ടകുന്ന തളർച്ച  അനുവർഷം 24000-ത്തിലേറെ അപകടമരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന വസ്തുതയും അദ്ദേഹം അനുസ്മരിക്കുന്നു.  

നമ്മുടെ ഈ കാലഘട്ടത്തിൽ മീൻപിടുത്തക്കാരുടെ മാനുഷികവും തൊഴിൽപരവുമായ അവസ്ഥകൾ അല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സമുദ്രത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒട്ടേറെയാണെന്ന വസ്തുത കർദ്ദിനാൾ ടർക്സൺ ചൂണ്ടിക്കാട്ടുന്നു.

ലോക മത്സ്യബന്ധന ദിനം ആദ്യമായി ആചരിക്കപ്പെട്ടത് 1998-ലായിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2021, 14:10