കുട്ടികൾക്കെതിരെയുള്ള ചൂഷണത്തിനും ലൈംഗികാതിക്രമത്തിനുമെതിരെ വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കമ്മീഷൻ അംഗം കൂടിയായ പ്രൊഫസർ കാഫൊയ്ക്കയച്ച സന്ദേശത്തിൽ. അമേരിക്കയിലെ ബോസ്റ്റൺ അതിരൂപതാ മെത്രാപ്പോലീത്തയും പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കമ്മീഷൻ പ്രെസിഡന്റുമായ കർദ്ദിനാൾ ഷാൻ ഓ മാലി, 2015 മുതൽതന്നെ യൂറോപ്യൻ കൗൺസിൽ പൊതുസമൂഹത്തെയും അംഗരാജ്യങ്ങളിലെ ഗവണ്മെന്റുകളെയും ഒരുമിച്ച് കൊണ്ടുവന്ന്, കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം വളർത്താൻ പരിശ്രമിച്ചിട്ടുണ്ടെന്നത് എടുത്തു പറഞ്ഞു.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഒരു ആഗോള മാനുഷിക പ്രശ്നമാണെന്ന് പറഞ്ഞ അദ്ദേഹം, ലോകത്ത് 20 വയസ്സിന് താഴെയുള്ള ഏതാണ്ട് പന്ത്രണ്ട് കോടിയോളം പെൺകുട്ടികളും യുവതികളും ഏതെങ്കിലും തരത്തിലുള്ള ലൈംഗികഅതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ അധികരിച്ച് പറഞ്ഞു.
ലോകത്ത് 5-ൽ 1 സ്ത്രീകളും 13-ൽ 1 പുരുഷന്മാരും അവരുടെ 18-ാം ജന്മദിനത്തിന് മുമ്പ് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഏതാണ്ട് അൻപത് ശതമാനത്തോളം കുട്ടികളും ലൈംഗികാതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ട്. നാണക്കേട്, കളങ്കം, ഭയം എന്നിവ കാരണം ഇത്തരം അനുഭവങ്ങൾ നേരിട്ട ഇരകളിൽ 60% പേരും അവരുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നില്ല എന്നും കർദ്ദിനാൾ എഴുതി.
ഇതുമായി ബന്ധപ്പെട്ട്, കത്തോലിക്കാ സഭയിൽ ഈ തിന്മയുടെ വ്യാപ്തിയെക്കുറിച്ച് അടുത്തകാലത്തിറങ്ങിയ കണക്കുകൾ ചെറുതല്ല എന്നും കർദ്ദിനാൾ വ്യക്തമാക്കി. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്രകമ്മീഷൻ നടത്തിയ പഠനത്തിൽ, 2020 വരെയുള്ള കഴിഞ്ഞ എഴുപതു വർഷങ്ങളിൽ സഭയുമായി ബന്ധപ്പെട്ട് ഏതാണ്ട് രണ്ടുലക്ഷത്തിലധികം കുട്ടികൾ ലൈംഗികാതിക്രമങ്ങൾ നേരിട്ടതായാണ് സൂചിപ്പിക്കപ്പെടുന്നത്.
ഇത്തരം വലിയ കണക്കുകൾക്ക് മുന്നിൽ, നിശ്ശബ്ദരായിരിക്കാനാകില്ല എന്നും, ഈ വിപത്തിനെതിരെ നടപടികൾ സ്വീകരിക്കുകയും അങ്ങനെ തകർന്ന വിശ്വാസം വീണ്ടെടുക്കുകയും വേണമെന്നും കർദ്ദിനാൾ പറഞ്ഞു. വിദ്യാഭ്യാസരംഗത്തും, പൊതുസമൂഹത്തിലും ഉണ്ടായ പുരോഗതികളിൽനിന്ന് പഠിക്കാൻ സഭയും സമൂഹവും തയ്യാറാകേണ്ടതുണ്ടെന്നും, അങ്ങനെ പരസ്പരം പഠിക്കുന്നതിലൂടെ ആഗോളതലത്തിൽ ശിശു സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഒരു സഭയും സമൂഹവുമാകാൻ നമുക്ക് കഴിയുമെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു.
പീഡനങ്ങൾക്ക് ഇരയായവരുടെ കാര്യത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കും പൊന്തിഫിക്കൽ കമ്മീഷനുമുള്ള പ്രത്യേക ശ്രദ്ധ എടുത്തുപറഞ്ഞ കർദ്ദിനാൾ ഓ മാലി, നവംബർ 18-ന് ഇറ്റലിയിലെ കത്തോലിക്കാസഭ, ലൈംഗികാതിക്രമങ്ങളിലെ ഇരകൾക്ക് വേണ്ടി പ്രാർത്ഥനാദിനം സ്ഥാപിച്ചത്, പാപ്പായുടെയും കമ്മീഷന്റെയും പ്രത്യേക താല്പര്യപ്രകാരം കൂടി ആയിരുന്നു എന്ന് പറഞ്ഞു.
ലൈംഗികാതിക്രമങ്ങളുടെ ഇരകളുടെ പ്രതിനിധികൾ, മറ്റു മെത്രാന്മാർ, മതനേതാക്കൾ, പൊതുസമൂഹത്തിൽ നിന്നുള്ളവർ എന്നിവരോടൊപ്പം ബാൾട്ടിമൂറിൽ വച്ച് നടത്താനിരിക്കുന്ന കൂട്ടായ്മയിൽ താനും പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുമെന്നും അത്, ഒരു പൊതുസമൂഹമെന്ന നിലയിലും സഭ എന്ന നിലയിലും, ഈ പ്രയത്നത്തിലുള്ള സഭയുടെ പ്രതിബദ്ധതയുടെ ഭാഗമായിരിക്കുമെന്നും കർദ്ദിനാൾ ഓ മാലി കൂട്ടിച്ചേർത്തു.