ഭിന്നശേഷിക്കാർക്കായി പ്രചാരണമാരംഭിക്കുന്നു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഭിന്നശേഷിക്കാർക്കായി സമർപ്പിക്കപ്പെട്ടിട്ടുള്ള അന്തർദേശീയ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ അയച്ച സന്ദേശത്തിൽ ഇങ്ങനെ എഴുതിയിരുന്നു:
“ജ്ഞാനസ്നാനം നമ്മെ ഓരോരുത്തരെയും സഭാ സമൂഹത്തിൽ വിവേചനമോ ഒഴിവാക്കലോ ഇല്ലാത്ത പരിപൂർണ്ണ അംഗമാക്കി മാറ്റി, "ഞാൻ സഭയാണ് " എന്ന് വിളിച്ചു പറയാനാവുന്ന സാധ്യത നൽകുന്നു. സഭ തീർച്ചയായും നിങ്ങളുടെ ഭവനമാണ്! നമ്മൾ എല്ലാവരും ഒരുമിച്ചാണ് സഭയാവുന്നത് കാരണം യേശു നമ്മുടെ കൂട്ടുകാരനായിരിക്കാൻ തീരുമാനിച്ചിരിക്കുന്നു."
ഈ വാക്കുകളെ പ്രതിഫലിപ്പിച്ചു കൊണ്ടാണ് അൽമായർക്കും, കുടുംബത്തിനും ജീവനുമായുള്ള ഡിക്കാസ്ട്രി #IamChurch എന്ന പേരിൽ പ്രചാരണം തുടങ്ങുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ വ്യക്തികൾ അവരുടെ വിശ്വാസാനുഭവം പങ്കുവച്ച് "ഞാൻ സഭയാണ്" എന്ന് ഉറപ്പിച്ചു പറയുന്ന വീഡിയോ സാക്ഷ്യങ്ങളിലൂടെയാണ് പ്രചാരണം നടത്തുന്നത്.
ഡിസംബർ 6 മുതൽ വത്തിക്കാൻ ന്യൂസിന്റെയും ഡിക്കാസ്ട്രിയുടേയും യു ട്യൂബ് ചാനലുകളിൽ ആഴ്ചകൾ തോറും വീഡിയോ പ്രസിദ്ധീകരിക്കും. ഭിന്നശേഷിക്കാരായ വ്യക്തികൾ ഓരോ ദിവസവും സഭാ സമൂഹത്തിന് നൽകുന്ന സേവനം വെളിച്ചത്തു കൊണ്ടുവരാനാണ് ഓരോ വീഡിയോയും പരിശ്രമിക്കുന്നത്. പ്രചാരണം തുടങ്ങാനായി പ്രസിദ്ധീകരിക്കുന്ന വീഡിയോയിലെ മൂകരായ ചെറുപ്പക്കാർ മെക്സിക്കോയിൽ നടത്തുന്ന സുവിശേഷവൽക്കരണവും, മാനസീക ശാരീരിക വൈകല്യമുള്ള സന്യാസിനികൾ അവരുടെ ദൈവവിളി ജീവിക്കുന്ന ഫ്രാൻസിലെ സന്യാസ ഭവനവും, ആഗോള യുവജന ദിനത്തിൽ പങ്കെടുത്ത ബൗദ്ധിക വൈകല്യമുള്ള ഇറ്റലിയിലെ യുവാക്കളും വിപുലമായ ഈ യാഥാർത്ഥ്യത്തിന്റെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്. ഭിന്നശേഷിക്കാരായ നമ്മുടെ സഹോദരീ സഹോദരരുടെ സ്വരം ശ്രദ്ധയോടെ ശ്രവിക്കാൻ കഴിഞ്ഞാൽ സഭാ സമൂഹം സത്യമായും കൂടുതൽ സമ്പന്നമാകുമെന്ന് ഡിക്കാസ്ട്രിയുടെ ഉപകാര്യദർശിയായ ഗബ്രിയേല്ല ഗംബീനോ പറഞ്ഞു.