പരസ്പരാദരവ് സമാധനസംസ്ഥാപനത്തിന് അനിവാര്യ വ്യവസ്ഥ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുഡാനിൽ സൈനിക അട്ടിമറിയെത്തുടർന്നുള്ള സംഭവവികാസങ്ങളിൽ പരിശുദ്ധസിംഹാസനം അതീവ ആശങ്ക പ്രകടിപ്പിക്കുന്നു.
സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ, ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നീരീക്ഷക ദൗത്യസംഘത്തിൽ ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ജോൺ പുത്സെർ, (Msgr.John Putzer) സുഡാനിൽ നിലവിലുള്ള സാഹചര്യങ്ങളുടെ മനുഷ്യാവകാശ പ്രത്യാഘാതത്തെ അധികരിച്ച് നടന്ന,ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയുടെ മുപ്പത്തിരണ്ടാം പ്രത്യേക യോഗത്തെ, വെള്ളിയാഴ്ച (05/11/21) സംബോധന ചെയ്യുകയായിരുന്നു.
അക്രമം ഒരിക്കലും നിയമാനുസൃതമായ തിരഞ്ഞെടുപ്പല്ലെന്ന ബോധ്യം ആവർത്തിച്ചു പ്രകടിപ്പിക്കുന്ന പരിശുദ്ധസിംഹാസനം എല്ലാ വ്യക്തികളുടെയും മൗലികാവകാശങ്ങളോടും മാനവന്താസ്സിനോടുമുള്ള ആദരവ് അംഗീകരിക്കാനും ഉയർത്തിപ്പിടിക്കാനും നിയന്ത്രണം അടിച്ചേല്പിക്കുന്നതിനുള്ള മാർഗ്ഗമായി അക്രമത്തെ അവലംബിക്കാതിരിക്കാനും ആഹ്വാനം ചെയ്യുന്നു.
തീർച്ചയായും, ഓരോ വ്യക്തിയുടെയും അലംഘനീയ ഔന്നത്യം, സാഹോദര്യസംഭാഷണാരൂപിയിൽ പരസ്പരം ആദരിക്കുന്നതിലൂടെ മാത്രമെ യഥാർത്ഥ സമാധാനം സംജാതമാകുകയുള്ളുവെന്നും സമഗ്രമാനവപുരോഗതിയും പൊതുനന്മയുടെ പരിപോഷണവും ലക്ഷ്യംവയ്ക്കുന്നതാണ് ഈ ശാന്തിയെന്നും മോൺസിഞ്ഞോർ ജോൺ പുത്സെർ പറയുന്നു.
ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം, സ്വതന്ത്രമായും സുരക്ഷിതമായും അഭിപ്രായാവകാശം എന്നിവ അടിച്ചമർത്തുന്നത് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് കടകവിരുദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 25-നാണ് ജനറൽ അബ്ദെൽ ഫത്താ അൽ ബുർഹാൻറെ നേതൃത്വത്തിൽ സുഡാൻറെ സൈന്യം അട്ടിമറി നടത്തി ഇടക്കാലഭരണകൂടത്തിൽ നിന്ന് അധികാരം പിടിച്ചെടുത്തത്.