തിരയുക

ദീപാവലി ദീപാവലി 

ദീപാവലി ആശംസാ സന്ദേശം വത്തിക്കാനിൽ നിന്ന്!

“ക്രിസ്ത്യാനികളും ഹിന്ദുക്കളും: ഹതാശയുടെ കാലത്ത് ജനങ്ങളുടെ ജീവിതത്തിൽ ഒത്തൊരുമയോടെ പ്രകാശം പരത്തുന്നു” മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ ദീപാവലി ആശംസാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരി ഉളവാക്കിയിരിക്കുന്ന ആകുലതകളുടെയും അനിശ്ചിതത്വങ്ങളുടെയും ഈ മഹാമാരിയുടെ പരിണിതഫലമായ ആഗോള പ്രതിസന്ധികളുടെയും മദ്ധ്യേ ദീപാവലി ആഘോഷം എല്ലാവരുടെയും ഭവനങ്ങളെയും സമൂഹങ്ങളെയും മെച്ചപ്പെട്ടൊരു ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാൽ പ്രദീപ്തമാക്കട്ടെയെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി ആശംസിക്കുന്നു.

ഹൈന്ദവ സഹോദരങ്ങൾ ഇക്കൊല്ലം നവംബർ 4 ന് ദീപാവലി ആഘോഷിക്കുന്നതിനോടനുബന്ധിച്ച്  ഈ സമതി, പതിവു പോലെ ഇത്തവണയും നല്കിയ സന്ദേശത്തിലാണ് ഈ ആശംസയുള്ളത്. “ക്രിസ്ത്യാനികളും ഹിന്ദുക്കളും: ഹതാശയുടെ കാലത്ത് ജനങ്ങളുടെ ജീവിതത്തിൽ ഒത്തൊരുമയോടെ പ്രകാശം പരത്തുന്നു” എന്ന പ്രമേയത്തോടുകൂടിയ ഈ സന്ദേശം വെള്ളിയാഴ്‌ച (29/10/21) ആണ് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി പരസ്യപ്പെടുത്തിയത്.

ഭീകരത മുതൽ പാരിസ്ഥിതിക തകർച്ച വരെയുള്ള ഘടകങ്ങളാൽ ലോകമെമ്പാടും വിനാശകരമായ കാര്യങ്ങൾ സംഭവിക്കുമ്പോഴെല്ലാം നിരാശയും പരാജയബോധവും വിഷാദവും ആളുകളെ പിടുകൂടുകയും ഭയം ജനിപ്പിക്കുകയും മാത്രമല്ല, അവരുടെ ദുരിതവും നിരാശയും വർദ്ധമാനമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഈ സമിതി, ഈ ഒരു പശ്ചാത്തലത്തിൽ, ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും എങ്ങനെ ജനങ്ങളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം കൊണ്ടുവരാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചില ചിന്തകൾ ഇരു മതങ്ങളുടെയും പാരമ്പര്യങ്ങൾക്കനുസൃതമായി അവതരിപ്പിക്കുന്നു ഈ സന്ദേശത്തിൽ.

ജനങ്ങൾക്ക് അളവറ്റ കഷ്ടപ്പാടുകളും ആഘാതങ്ങളും സൃഷ്ടിച്ച മഹാമാരിയുടെ ഇരുണ്ട മേഘങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തിൻറെയും സാഹോദര്യത്തിൻറെയും രജതരേഖകൾ ഉണ്ടായത് പോലെ, നമുക്ക് 'ഒരുമിച്ച്' നിൽക്കാനും എല്ലാ പ്രതിസന്ധികളെയും ദൃഢനിശ്ചയത്തോടെ തരണം ചെയ്യാനും സാധിക്കുമെന്ന് തെളിയിക്കാനുള്ള കഴിവ് ക്രൈസ്തവ-ഹൈന്ദവ സഹോദരങ്ങൾക്കുണ്ടെന്ന് സന്ദേശം വിശദികരിക്കുന്നു. നിരാശയിൽ മുങ്ങിയവരുടെ ജീവിതത്തിൽ വെളിച്ചം വീശുന്നതിന് സകല മതപാരമ്പര്യങ്ങളിലുമുള്ളവരുമായി കൈകോർക്കാൻ ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും കഴിയട്ടെയെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി ആശംസിക്കുകയും ദീപാവലിയുടെ മംഗളങ്ങൾ നേരുകയും ചെയ്യുന്നു.

 

30 October 2021, 12:54