മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യ പരിചയാക്കുക, വത്തിക്കാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാങ്കേതികവിദ്യ ഇരുതലമൂർച്ചയേറിയ വാളാണെന്ന് മോൺസിഞ്ഞോർ യനൂസ് ഉർബൻചിക്ക് (Mons. Janusz Urbanczyk).
ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നായിലെ അന്താരാഷ്ട്രസംഘടനകളിൽ പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിയായ അദ്ദേഹം, ഐക്യരാഷ്ട്രസഭ മയക്കുമരുന്നിനും കറ്റകൃത്യങ്ങൾക്കുമെതിരെ പോരാടുന്നതിനായി രൂപീകരിച്ചിട്ടുള്ള സംഘടന (UNODC) സംഘടിപ്പിച്ച ഒരു യോഗത്തിനു വ്യാഴാഴ്‌ച (14/10/21) നല്കിയ ഒരു പ്രസ്താവനയിലാണ് ഇതു പറഞ്ഞിരിക്കുന്നത്. കുടിയേറ്റക്കാരെ അനധികൃതമായി കടത്തി ധനം സമ്പാദിക്കുന്ന കുറ്റകൃത്യത്തെ അധികരിച്ചായിരുന്നു ഈ സമ്മേളനം.
നന്മചെയ്യുന്നതിനും അതുപോലെ തന്നെ തിന്മ പ്രവർത്തിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തപ്പെടുന്നതിനെക്കുറിച്ചു പരാമാർശിച്ച അദ്ദേഹം ധനസമ്പാദനത്തിനായി കുടിയേറ്റക്കാരെ അനധികൃതമായി കടത്തുന്നതിന് ആളുകൾ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിച്ചു. ഈ കുറ്റകൃത്യത്തിനെതിരായ പോരാട്ടത്തിനു വേണ്ടി സുരക്ഷിത സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിന് സർക്കാർ-സർക്കാരിതര വിഭാഗങ്ങൾ ഒരുപോലെ പരിശ്രമിക്കേണ്ടതിൻറെ ആവശ്യകത മോൺസിഞ്ഞോർ ഉർബൻചിക്ക് ഊന്നിപ്പറഞ്ഞു.
കുടിയേറ്റക്കാരെ കടത്തുന്ന കുറ്റകൃത്യം നടത്തുന്നവർ പണം കൈമാറുന്നതിന് വിവിധ ക്രിപ്റ്റൊകറൻസികൾ ഉപയോഗിക്കുന്നത് വ്യാപകമാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.