ലിത്വാനിയായുടെ പ്രധാനമന്ത്രി ഇംഗ്രിദ സിമൊണിറ്റേ വത്തിക്കാനിൽ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലിത്വാനിയായുടെ പ്രധാനമന്ത്രി ശ്രീമതി ഇംഗ്രിദ സിമൊണിറ്റേയെ (Ingrida Šimonytė) മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
ഫ്രാൻസീസ് പാപ്പായും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച വെള്ളിയാഴ്‌ച (03/09/21) ആയിരുന്നുവെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് അന്നു പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
ലിത്വാനിയായിൽ ധാർമ്മിക മൂല്യങ്ങളുടെ പരിപോഷണത്തിലും മനുഷ്യവ്യക്തിയുടെയും കുടുംബത്തിൻറെയും ഔന്നത്യം സംരക്ഷിക്കുന്നതിലും ക്രിസ്തീയ വിശ്വാസത്തിനും കത്തോലിക്കാസഭയ്ക്കുമുള്ള പങ്ക് ഈ കൂടിക്കാഴ്ചാവേളയിൽ പ്രത്യേകം എടുത്തുകാട്ടപ്പെട്ടു.
കോവിദ് 19 മഹാമാരി കൂടുതൽ രൂക്ഷതരമാക്കിയിരിക്കുന്ന ഇന്നുയരുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിന് രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിൻറെ പ്രാധാന്യവും പാപ്പായും പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ചയിൽ തെളിഞ്ഞു നിന്നു.
ദേശീയ അന്തർദ്ദേശീയ തലങ്ങളിലുള്ള സമാധാനം, സുരക്ഷ, ജീവകാരുണ്യപരമായ അടിയന്തര കാര്യങ്ങൾ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ അവസ്ഥ എന്നിവയും ചർച്ചാവിഷയങ്ങളായി.
പാപ്പായുമായുള്ള സൗഹൃദസംഭാഷണാനന്തരം പ്രധാനമന്ത്രി ശ്രീമതി സിമൊണിറ്റേ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വത്തിക്കാൻറെ വിദേശകാര്യ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമൊരുമിച്ച് കൂടിക്കാഴ്ച നടത്തി.