കർദ്ദിനാൾ പരോളിൻ: ചിട്ടയോടെയുള്ള ഒരു പിൻവാങ്ങലിന് പാശ്ചാത്യ സേന തീരുമാനിച്ചിരുന്നെങ്കിൽ അഫ്ഗാനിസ്ഥാനിൽ ഈ ദുരിതങ്ങളെല്ലാം ഒഴിവാക്കാമായിരുന്നു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അഫ്ഗാനിസ്ഥാനിലെ സാഹചര്യം ലളിതമല്ല എന്നും കൂടുതൽ ചിട്ടയോടെയുള്ള ഒരു പിൻവാങ്ങലിന് പാശ്ചാത്യ സേന തീരുമാനിച്ചിരുന്നെങ്കിൽ ഈ കഷ്ടപ്പാടുകൾ ഒഴിവാക്കാമായിരുന്നു എന്ന് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ പങ്കുവച്ചു. മോന്തെ വെർജിനെയിലെ തീർത്ഥാടന കേന്ദ്രത്തിലെ പരിശുദ്ധ അമ്മയുടെ തിരുനാളിന്റെ സമാപനദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കാനാണ് അദ്ദേഹം അവിടെയെത്തിയത്.
അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നവരുമായി സമ്പർക്കം നില നിർത്തിക്കൊണ്ട് മാനുഷീകമായ തലത്തിൽ നിന്ന് അവിടത്തെ സാഹചര്യം പിന്തുടരാൻ പരിശ്രമിക്കുകയാണ് താനെന്ന് അദ്ദേഹം അറിയിച്ചു. സഹായിച്ചുകൊണ്ടിരുന്ന കുട്ടികളെ വിട്ടു പോരാൻ ഇഷ്ടപ്പെടാതെ അവിടെ സേവനം ചെയ്തിരുന്ന വൈദീകനേയും മദർ തെരേസായുടെ സന്യാസിനിമാരേയും തിരിച്ചെത്തിക്കാൻ കഴിഞ്ഞുവെന്നും കർദ്ദിനാൾ പറഞ്ഞു. അക്രമങ്ങളുടെ നിരവധി സാഹചര്യങ്ങളിലും ധാരാളം സ്നേഹപ്രവർത്തികൾ നടക്കുന്നുണ്ടെന്നും ഇനിയും നന്നായി നമുക്ക് ചെയ്യാൻ കഴിയുമെന്നതിൽ സന്തോഷവും പ്രതീക്ഷയും കർദ്ദിനാൾ പ്രകടിപ്പിച്ചു.
ഇറ്റാലിയൻ രാഷ്ട്രത്തിന്റെ നിയമങ്ങളിലും മാനദണ്ഡങ്ങളിലും പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം പ്രതിരോധ കുത്തി വയ്പ് ഓരോരുത്തർക്കും അവരവരോടും മറ്റുള്ളവരോടുമുള്ള സ്നേഹപ്രവർത്തിയാണെന്നും, ഉത്തരവാദിത്വമാണെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് ആരോഗ്യാടിയന്തിരാവസ്ഥ ഉയർത്തുന്ന വെല്ലുവിളികളെ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ അഭ്യർത്ഥിച്ചു. ജൂലൈയിൽ നടത്തിയ വൻകുടലിലെ ശസ്ത്രക്രിയയെ തുടർന്ന് ഫ്രാൻസിസ് പാപ്പാ സുഖം പ്രാപിച്ചു വരികയാണെന്നും മോന്തെ വെർജിനെ സന്ദർശിക്കാനുള്ള ക്ഷണം പാപ്പായോടു താൻ അറിയിക്കാമെന്നും കർദ്ദിനാൾ വാഗ്ദാനം ചെയ്തു.