തിരയുക

കുടുംബങ്ങളുടെ പത്താം ലോകസമ്മേളനത്തിന്റെ ഔദ്യോഗികചിത്രത്തോടൊപ്പം ഫാ. മാർക്കോ ഇവാൻ റൂപ്നിക് കുടുംബങ്ങളുടെ പത്താം ലോകസമ്മേളനത്തിന്റെ ഔദ്യോഗികചിത്രത്തോടൊപ്പം ഫാ. മാർക്കോ ഇവാൻ റൂപ്നിക് 

കുടുംബങ്ങളുടെ പത്താം ലോകസമ്മേളനം: ഔദ്യോഗിക ചിത്രം പുറത്തിറക്കി

2022 ജൂൺ മാസം റോമിലും, ലോകത്ത് എല്ലാ രൂപതകളിലുമായി നടക്കാനിരിക്കുന്ന കുടുംബങ്ങളുടെ പത്താം ലോകസമ്മേളനത്തിന്റെ (World Meeting of Families) ഔദ്യോഗികചിത്രം പുറത്തിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രശസ്ത ചിത്രകാരനായ മാർക്കോ ഇവാൻ റുപ്നിക് (Marko Ivan Rupnik) എന്ന വൈദികനാണ് അടുത്ത വർഷം ജൂൺ 22 മുതൽ 26 വരെ നടക്കാനിരിക്കുന്ന സമ്മേളനത്തിന്റെ ഔദ്യോഗികചിത്രം വരച്ചിരിക്കുന്നത്. ഗലീലിയിലെ കാനയിൽവച്ചു നടന്ന കല്യാണവിരുന്നിന്റെ പശ്ചാത്തലത്തിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. വിശുദ്ധ പൗലോസിന്റെ എഫേസൂസുകർക്കുള്ള ലേഖനത്തിലെ അഞ്ചാം അദ്ധ്യായത്തിൽനിന്നെടുത്ത, "ഇത് ഒരു വലിയ രഹസ്യമാണ്" എന്ന പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

ക്രിസ്തുവും സഭയും തമ്മിലുള്ള ഒരിക്കലും വേര്പെടുത്താനാകാത്ത സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ് പുരുഷനും സ്ത്രീയും തമ്മിൽ വിവാഹമെന്ന കൂദാശയിലൂടെയുള്ള സ്നേഹബന്ധം. കാനായിലെ വിവാഹവിരുന്നിൽ വെള്ളം വീഞ്ഞാക്കുന്നതിലൂടെ, വീഞ്ഞിൽനിന്നും രക്തത്തിലേക്കുള്ള മാറ്റത്തിന്റെ കൂദാശയുടെ ചക്രവാളങ്ങളാണ് തുറക്കുന്നതെന്നും, ചിത്രത്തിൽ, സേവകന്റെ രൂപത്തിൽ കാണപ്പെടുന്ന വിശുദ്ധ പൗലോസിൽനിന്നും വധു കാസയിൽ സ്വീകരിക്കുന്നത് അതെ രക്തമാണെന്നും ഫാദർ റൂപ്നിക് വിശദീകരിച്ചു.

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുടുംബം "വിവാഹമെന്ന കൂദാശയുടെ പ്രകടനമാണ്" എന്നും, ഇത് വിവാഹത്തിന്റെ അർത്ഥത്തെത്തന്ന മാറ്റുന്നു എന്നും, ഓരോ കൂദാശകളും ഓരോ രൂപാന്തരപ്പെടലുകൾ ഉൾക്കൊള്ളുന്നതാണെന്നും മനസ്സിലാക്കാൻ തന്റെ ചെറിയ ഈ ചിത്രം സഹായിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായ അർത്ഥത്തിൽ, ക്രൈസ്തവവിവാഹത്തിൽ വധൂവരന്മാരുടെ സ്നേഹം രൂപാന്തരപ്പെടുന്നുണ്ടെന്നും, അത് ക്രിസ്തുവിന് സഭയോടുള്ള സ്നേഹത്തിൽ പങ്കുചേരുന്നതിലൂടെയാണെന്നും ചിത്രകാരൻ തുടർന്നു. ഈയൊരർത്ഥത്തിൽ വിവാഹത്തിന് സഭാപരമായ ഒരു മാനമുണ്ട്, അത് സഭയിൽ നിന്ന് വേർതിരിക്കാനാവില്ലാത്തതുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2021, 21:49