വത്തിക്കാനും യുഎഇയും വിദ്യഭ്യാസ ധാരണാ പത്രത്തിൽ ഒപ്പു വച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യഥാർത്ഥ സാഹോദര്യം വാഴുന്നതും സമാധാനപരവും കൂട്ടുത്തരവാദിത്വാവബോധം അനുഭവപ്പെടുന്നതുമായ ഒരു ലോകത്തോടുള്ള പ്രതിപത്തി പുത്തൻ തലമുറകളിലുണർത്താൻ വിദ്യാഭ്യാസം സംഭാവന ചെയ്യുമെന്ന് കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജുസേപ്പെ വെർസാൽദി (Card.Giuseppe Versaldi).
ജൂലൈ 5-ന്, തിങ്കളാഴ്ച (05/07/21) അബുദാബിയിൽ വച്ച് യുണൈറ്റഡ് അറബ് എമിറേറ്റസിൻറെ, യുഎഇ-യുടെ വിദ്യഭ്യാസമന്ത്രി ഹുസ്സയിൻ ബിൻ ഇബ്രാഹിം അൽ ഹമ്മദിയുമായി (Hussain bin Ibrahim Al Hammadi) ഒരു ധാരണാപത്രം ഒപ്പുവച്ച അവസരത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
വിദ്യഭ്യാസ മേഖലയിൽ ഉപരിവർദ്ധമാനമായ സാഹോദര്യസഹകരണം ലക്ഷ്യം വയ്ക്കുന്നതാണ് ഈ ധാരണാപത്രം.
2019 ഫെബ്രുവരി 4-ന് യുഎഇ സന്ദർശന വേളയിൽ ഫ്രാൻസീസ് പാപ്പായും അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബും ഒപ്പു വച്ച “വിശ്വശാന്തിക്കും പൊതുസഹജീവനത്തിനും വേണ്ടിയുള്ള മാനവ സാഹോദര്യ പ്രഖ്യാപനത്തിൻറെ” ചുവടു പിടിച്ചാണ് ഈ ധാരണാ പത്രം ഒപ്പുവച്ചിരിക്കുന്നത്.
ഇന്ന് വിദ്യഭ്യാസ മേഖലയ്ക്കു നേരെ ഉയരുന്ന വെല്ലുവിളികളെ ഒത്തൊരുമിച്ചു നേരിടുന്നതിന് ഊർജ്ജങ്ങൾ ഏകീകരിക്കാനുള്ള സന്നദ്ധത കത്തോലിക്കാവിദ്യഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ലോകത്തിൽ 2 ലക്ഷത്തി 16000 കത്തോലിക്കാ വിദ്യാലയങ്ങളും 1760 കത്തോലിക്കാ സർവ്വകലാശാലകളും കത്തോലിക്കാവിദ്യഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘവുമായുള്ള ബന്ധത്തിൽ പ്രവർത്തിക്കുന്നുണ്ട്.