മെത്രാന്മാരുടെ സിനഡ് റിലേറ്റർ ജനറൽ കർദ്ദിനാൾ ഷാൻ ക്ലോഡ് ഹോളെറിഷ്
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ മുഖ്യ പ്രബന്ധാവതാരകൻ, റിലേറ്റർ ജനറൽ ആയി ഈശോസഭാംഗമായ കർദ്ദിനാൾ ഷാൻ ക്ലോഡ് ഹോളെറിഷിനെ (Card. Jean-Claude Hollerich) ഫ്രാൻസീസ് പാപ്പാ നിയമിച്ചു.
വ്യാഴാഴ്‌ചയാണ് (08/07/21) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
ലക്സെംബർഗ് അതിരൂപതയുടെ ആർച്ചുബിഷപ്പായ കദ്ദിനാൾ ഹൊളെറിഷിന് 62 വയസ്സു പ്രായമുണ്ട്.
ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലം ഒക്ടോബർ 9-ന് വത്തിക്കാനിൽ ഉദ്ഘാടനം ചെയ്യുന്ന സിനഡുസമ്മേളനം 2023 ഒക്ടോബർ വരെയുള്ള കാലയളവിൽ മൂന്നു ഘട്ടമായിട്ടായിരിക്കും നടക്കുക.
രൂപത, ഭൂഖണ്ഡം, സാർവ്വത്രികം (diocesan, continental, universal) എന്നീ മൂന്നു തലങ്ങളിലായിട്ടാണ് ഭാവി സിനഡിൻറെ പ്രയാണം ക്രമപ്പെടുത്തിയിരിക്കുന്നത്.
രൂപതാതലത്തിൽ സിനഡു സമ്മേളനം ആരംഭിക്കുക ഇക്കൊല്ലം ഒക്ടോബർ 17-നായിരിക്കും. ഇത് 2022 ഏപ്രിൽ വരെ നീളും.
രണ്ടാം ഘട്ടം, അതായത്, ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡുയോഗം 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചു വരെ ആയിരിക്കും.
ആഗോള സഭതലത്തിലുള്ള സിഡുയോഗം, അതായത്, മൂന്നാമത്തെയും അവസാനത്തെയുമായ സമ്മേളനം 2023 ഒക്ടോബറിൽ വത്തിക്കാനിലായിരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: