തിരയുക

കടലും മനുഷ്യരും - ഫയൽ ചിത്രം കടലും മനുഷ്യരും - ഫയൽ ചിത്രം 

കടലിൽ ജോലി ചെയ്യുന്നവരുടെ അഭിമാനം കാത്തുസൂക്ഷിക്കുക

കടലിൽ ജോലി ചെയ്യുന്നവരുടെ അഭിമാനം കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ട് സമഗ്ര മാനുഷികവികസനത്തിനായുള്ള വകുപ്പ്

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂലൈ പതിനൊന്ന് ഞായറാഴ്ച, കടലിൽ ജോലി ചെയ്യുന്നവർക്കായുള്ള "സമുദ്രദിനം" ആഘോഷിക്കുന്ന അവസരത്തിലാണ് സമഗ്ര മാനുഷികവികസനത്തിനായുള്ള വത്തിക്കാൻ കൂരിയായുടെ ഓഫീസ്, കടലിൽ ജോലിചെയ്യുന്ന എല്ലാവരുടെയും അന്തസ്സിനെ മാനിക്കാൻ ആഹ്വാനം ചെയ്തത്. കടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ലോകത്തിന്റെ സാമ്പത്തികസ്ഥിതിയിൽ ഉള്ള പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ലോകം മുഴുവൻ കോവിഡിന്റെ സാഹചര്യത്തിൽ ഏതാണ്ട് നിലച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിലും, കടലിലൂടെയുള്ള ചരക്കുനീക്കം, പ്രത്യേകിച്ച് ആരോഗ്യരംഗത്തേക്കുള്ള വസ്തുക്കളുടെ നീക്കം ഇപ്പോഴും നടക്കുന്നുണ്ടെന്നും പുതിയ സന്ദേശം ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലഘട്ടത്തിൽ ഇത് രണ്ടാം പ്രാവശ്യമാണ് കടലുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്കായുള്ള ഈ ദിനം ആചരിക്കപ്പെടുന്നത്.

ലോകത്തു ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം കച്ചവടവസ്തുക്കളും കൊണ്ടുപോകുന്നത് കടൽമാർഗമാണ് എന്നും ഏതാണ്ട് ഒന്നേമുക്കാൽ കോടിയോളം ആളുകൾ കടലിൽ ജോലി ചയ്യുന്നുണ്ടെന്നും, സമഗ്ര മാനുഷികവികസനത്തിനായുള്ള വകുപ്പ് അധ്യക്ഷൻ  കർദ്ദിനാൾ പീറ്റർ റ്റർക്സണും (Cardinal Peter K. A. Turkson), സെക്രട്ടറി മോൺസിഞ്ഞോർ ബ്രൂണോ ഡ്യൂഫേയും (Mgr. Bruno Marie Duffé) ഒപ്പിട്ട രേഖയിൽ പറയുന്നു.

ആഗോളവൽക്കരിക്കപ്പെട്ടതാണെങ്കിലും ഈ മേഖലയിലും പക്ഷെ, തൊഴിലാളികളുടെ പല വിധ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ല. കോവിഡിനെതിരായ പ്രതിരോധകുത്തിവയ്പുകൾ പോലെയുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും രേഖ ആവശ്യപ്പെടുന്നു.

ഇപ്പോഴത്തെ മഹാമാരി, തൊഴിലാളികളിലും അവരുടെ കുടുംബങ്ങളിളിലും, ഏകാന്തതയും, അകലെയായിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഭയാശങ്കകളും വർദ്ധിപ്പിക്കുന്നു എന്നും, പലപ്പോഴും അവ ദൂഷ്യമായ അനന്തരഫലങ്ങൾ സൃഷ്ടിക്കുന്നു എന്നും സന്ദേശത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

കടൽക്കൊള്ള പോലെയുള്ള തിന്മകൾക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്ന ഈ രേഖ, കടലിൽ ഉപേക്ഷിക്കപ്പെടുന്ന ആളുകളുടെയും കപ്പലുകളുടെയും കാര്യത്തിൽ ശ്രദ്ധവേണമെന്നും, കടലിൽ മരിക്കുന്നവരുടെ എണ്ണം താരതമ്യേന ഇപ്പോൾ കുറവുണ്ടെങ്കിലും നഷ്ടപെടുന്ന ഓരോ ജീവനും വിലയേറിയതാണെന്നും ഓർമ്മിപ്പിക്കുന്നു. കടൽയാത്രക്കാരുടെയും, മത്സ്യബന്ധനതൊഴിലാളികളുടെയും ഇടയിൽ സേവനം അനുഷ്ഠിക്കുന്ന വൈദികർക്കും സന്നദ്ധപ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കാനും സമഗ്ര മാനുഷികവികസനത്തിനായുള്ള വകുപ്പ് പുറത്തിറക്കിയ സന്ദേശം ആഹ്വാനം ചെയ്യുന്നു.

 

08 July 2021, 08:32