അഭയാർത്ഥികളെ സംരക്ഷിക്കുന്നതിൽ കൂട്ടായ ഉത്തരവാദിത്വം വേണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോകമെമ്പാടും നിർബന്ധിത കുടിയേറ്റം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ ഉത്തരവാദിത്തമുള്ള പുനരധിവാസനയങ്ങൾ ആവശ്യമാണ് എന്നും “ശക്തമായ പ്രതിബദ്ധതയോടെ എല്ലാവരും ഉത്തരവാദിത്വങ്ങൾ പങ്കിടണമെന്നും” പരിശുദ്ധ സിംഹാസനം ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ, അഭയാർത്ഥികൾക്കായുള്ള ഉന്നതാധികാരവിഭാഗത്തിന്റെ എൺപത്തിഒന്നാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ്, ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തിലേക്കുള്ള, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യസംഘം ഇങ്ങനെ ആവശ്യപ്പെട്ടത്.
അഭയാർത്ഥികൾ എന്നത് കേവലം ഒരു എണ്ണത്തിൽ മാത്രമായി ഒതുങ്ങരുതെന്നും, അവർ നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന് തിരിച്ചറിയണമെന്നും പറഞ്ഞ വത്തിക്കാൻ സംഘം, ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടതുപോലെ “ആരും പിന്നിലായിപ്പോകുന്നില്ല” എന്ന് ഉറപ്പുവരുത്തുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്വത്തിൽ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാകേണമെന്നും കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ, അഭയാർത്ഥികൾക്കായുള്ള ഉന്നതാധികാരവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം, രണ്ടായിരത്തിഇരുപതാമാണ്ടിൽ മാത്രം, യുദ്ധങ്ങൾ, അക്രമങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നീ കാരണങ്ങളാൽ സ്വന്തം നാടുകളിൽനിന്ന് പലായനം ചെയ്തവരുടെ എണ്ണം ലോകത്താകമാനം 82.4 ദശലക്ഷമായി ഉയർന്നിട്ടുണ്ട്.
അഭയാർഥികളും കുടിയേറ്റക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരം ഇനിയും ലഭിക്കുന്നില്ലെന്ന് പറഞ്ഞ വത്തിക്കാൻ സംഘം, അഭയാർത്ഥി പ്രശ്നങ്ങളിൽ നീണ്ടുനിൽക്കുന്ന പരിഹാരങ്ങൾ ആവശ്യമുണ്ടെന്നും, അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങളോട് കൂടുതൽ ഐക്യദാർഢ്യവും സഹകരണവും വേണമെന്നും, രാജ്യങ്ങൾ സ്വന്തം പൗരന്മാരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം അഭയാർത്ഥികളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകണമെന്നും കൂട്ടിച്ചേർത്തു.