തിരയുക

ഭാരതസഭയ്ക്ക് രണ്ട് ഇടയന്മാർകൂടി - ഫയൽ ചിത്രം ഭാരതസഭയ്ക്ക് രണ്ട് ഇടയന്മാർകൂടി - ഫയൽ ചിത്രം 

ഇന്ത്യയിലേക്ക് രണ്ടു പുതിയ മെത്രാന്മാർ

ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ളയർ രൂപതയ്ക്കും, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി രൂപതയ്ക്കുമാണ് പുതിയ മെത്രാന്മാരെ ലഭിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇന്ത്യയിലേക്ക് രണ്ടു പുതിയ മെത്രാന്മാരെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു

ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ളയർ രൂപതയ്ക്കും, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി രൂപതയ്ക്കുമാണ് പുതിയ മെത്രാന്മാരെ ലഭിച്ചത്.

പോർട്ട് ബ്ളയർ: (Port Blair) രൂപതയുടെ മെത്രാനായി മോൺസിഞ്ഞോർ വിശ്വാസം സെൽവരാജിനെയാണ് (Visuvasam Selvaraj) ഫ്രാൻസിസ് പപ്പാ നിയമിച്ചത്. 1966 ൽ മദ്രാസ്-മൈലാപ്പൂർ അതിരൂപതയിലെ രാജാ അണ്ണാമലൈപുരത്ത് (Raja Annamalaipuram) ജനിച്ച അദ്ദേഹം 1994 ലാണ് പോർട്ട് ബ്ളയർ രൂപതയ്ക്കുവേണ്ടി വൈദികനായത്.

രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലൈക്സോ ദാസ് നെവേസ് ഡിയാസ് (Aleixo das Neves Dias, S.F.X.) 2019 ൽ രൂപതയുടെ ചുമതലയൊഴിഞ്ഞത്തിനു ശേഷം, 2020 മുതൽ മോൺസിഞ്ഞോർ വിശ്വാസം രൂപതാ അഡ്മിനിസ്ട്രേറ്റർ ആയി സേവനം ചെയ്തുവരികയായിരുന്നു.

 

തിരുച്ചിറപ്പള്ളി: (Tiruchirapalli) രൂപതയുടെ മെത്രാനായി മോൺസിഞ്ഞോർ ശവരിമുത്തു ആരോഗ്യരാജിനെയാണ് (Savarimuthu Arokiaraj) പാപ്പാ തിരഞ്ഞെടുത്തത്. തിരുച്ചിറപ്പള്ളി രൂപതയുടെ കീഴിലെതന്നെ  തിരുരക്ഷകന്റെ നാമത്തിലുള്ള ബസലിക്കയിൽ (Holy Redeemer’s Basilica) 2019 മുതൽ റെക്ടർ ആയി സേവനം ചെയ്തുവരികയായിരുന്നു. 1954-ൽ തിരുച്ചിറപ്പള്ളി രൂപതയിലെ ലാലപ്പേട്ടൈ (Lalapettai) യിൽ ജനിച്ച മോൺസിഞ്ഞോർ ആരോഗ്യരാജ്, അതേ രൂപതയ്ക്കുവേണ്ടി 1981-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.

തിരുച്ചിറപ്പള്ളി രൂപതയുടെ മുൻമെത്രാൻ, നിര്യാതനായ അഭിവന്ദ്യ ആന്റണി ഡെവോത്തയ്ക്ക് (Antony Devotta) ശേഷം, തഞ്ചാവൂർ രൂപതയുടെ മെത്രാനായ ബിഷപ്പ് ദേവദാസ് ആംബ്രോസ് മരിയഡോസ് (Devadass Ambrose Mariadoss)  ആയിരുന്നു 2018 മുതൽ തിരുച്ചിറപ്പള്ളി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ.

 

ഇന്ത്യയിലും ഫിലിപ്പീൻസിലും രണ്ടു മെത്രാന്മാരും ഖസാക്കിസ്ഥാനിൽ ഒരു മെത്രാനും ഉൾപ്പെടെ അഞ്ച് മെത്രാന്മാരെയാണ് ഏഷ്യയിലേക്ക് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ ഇരുപത്തിയൊൻപത്തിന് ഫ്രാൻസിസ് പാപ്പാ നിയമിച്ചത്.

29 June 2021, 12:36