തിരയുക

Vatican News
ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ (ARCHBISHOP PAUL RICHARD GALLAGHER), വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ (ARCHBISHOP PAUL RICHARD GALLAGHER), വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ കാര്യദര്‍ശി  

ശാസ്ത്രത്തിന്‍റെയും വിശ്വാസത്തിന്‍റെയും സംഭാവന!

സാമ്പത്തിക, സാമൂഹ്യ, ഭക്ഷ്യ പ്രതിസന്ധികള്‍ക്കു പുറമെ ഇന്ന് കോവിദ് 19 പകര്‍ച്ചവ്യാധിയും കൂടിച്ചേര്‍ന്നപ്പോള്‍ ലോകം ഒരു കൊടുങ്കാറ്റിലകപ്പെട്ടിരിക്കയാണെന്നും ഈ പ്രശ്നങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിര്‍ണ്ണായകങ്ങളായ എല്ലാ പ്രശ്നങ്ങളും നമ്മുടെ ഗ്രഹത്തിന്‍റെ പരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ (ARCHBISHOP PAUL RICHARD GALLAGHER).

വത്തിക്കാനുവേണ്ടിയുള്ള ബ്രിട്ടന്‍റെയും ഇറ്റലിയുടെയും സ്ഥാനപതികാര്യാലയങ്ങള്‍ ഇക്കൊല്ലം ഒക്ടോബര്‍ 4-ന് (04/10/2021) സംഘടിപ്പിക്കാന്‍ പോകുന്ന, “വിശ്വാസവും ശാസ്ത്രവും:കോപ് 26-ലേക്ക്” (“Faith and Science: Towards COP26”) എന്ന ശീര്‍ഷകത്തിലുള്ള സമ്മേളനത്തെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തില്‍ (പ്രസ്സ് ഓഫീസില്‍) വ്യാഴാഴ്ച (17/06/21) ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടന്‍റെയും ഇറ്റലിയുടെയും സ്ഥാനപതികളും ഈ വാര്‍ത്താസമ്മേളനത്തില്‍ പങ്കുചേര്‍ന്നു.

സാമ്പത്തിക, സാമൂഹ്യ, ഭക്ഷ്യ പ്രതിസന്ധികള്‍ക്കു പുറമെ ഇന്ന് കോവിദ് 19 പകര്‍ച്ചവ്യാധിയും കൂടിച്ചേര്‍ന്നപ്പോള്‍ ലോകം ഒരു കൊടുങ്കാറ്റിലകപ്പെട്ടിരിക്കയാണെന്ന് ആര്‍ച്ചുബിഷപ്പ് ഗാല്ലഗെര്‍ പറഞ്ഞു. 

ഇന്ന് ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരം നല്കേണ്ടത് അടിയന്തിരാവശ്യമായി പരിണമിച്ചിരിക്കുന്നുവെന്നും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നപരിഹൃതിക്ക് ശാസ്ത്രത്തിനും വിശ്വാസത്തിനും ഒത്തൊരുമിച്ച് സുപ്രധാന സംഭാവനയേകാന്‍ സാധിക്കുമെന്ന പ്രത്യാശ ആര്‍ച്ചുബിഷപ്പ് ഗാല്ലഗെര്‍ പ്രകടിപ്പിച്ചു. 

 

18 June 2021, 12:17