തിരയുക

ജോസഫ് സന്ധ്യാവും കുടുംബവും  (photo by Joseph Sandhyav). ജോസഫ് സന്ധ്യാവും കുടുംബവും (photo by Joseph Sandhyav). 

അനുശീലനത്തിലൂടെ പക്വതയാർജ്ജിക്കേണ്ട സാമൂഹ്യഘടകം - കുടുംബം

“സ്നേഹത്തിന്‍റെ ആനന്ദം" എന്ന അപ്പസ്തോലിക ലിഖിതത്തിന്‍റെ ഉൾക്കാമ്പിലേയ്ക്ക് ഒരു എത്തിനോട്ടം (രണ്ടാം ഭാഗം) : ശബ്ദരേഖയോടെ...

ഒരുക്കിയത് :
ജോളി അഗസ്റ്റിനും ഫാദർ വില്യം നെല്ലിക്കലും

അമോരിസ് ലെത്തീത്സിയ - പഠനം 2-ാം ഭാഗം


1. കുടുംബങ്ങൾക്ക് സ്നേഹപൂർവ്വം...
2016-ാമാണ്ടിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിലാണ് കുടുംബ സ്നേഹത്തെ സംബന്ധിച്ച അപ്പസ്തോലിക പ്രബോധനം, Amoris Letitia ‘സ്നേഹത്തിന്‍റെ സന്തോഷം’ പ്രകാശിതമായത്. 2014, 2015 വര്‍ഷങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ മെത്രാന്മാരുടെ രണ്ടു സിന‍ഡു സമ്മേളനങ്ങളുടെ തീരുമാനങ്ങള്‍ കൂട്ടിയിണക്കുന്നതാണ് ഈ പ്രബോധനം. സി‍നഡിന്‍റെ അന്തിമതീരുമാനങ്ങള്‍ ഈ പ്രബോധനം ഉദ്ധരിക്കുന്നുണ്ട്, അതുപോലെ സഭാദ്ധ്യക്ഷന്മാരായ മുന്‍പാപ്പാമാരുടെ പ്രബോധനങ്ങളും പ്രമാണരേഖകളും ഇതിന്‍റെ ഭാഗമാകുന്നുണ്ട്. കൂടാതെ കുടുംബങ്ങളെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ നിരവധിയായ പ്രഭാഷങ്ങളില്‍നിന്നുള്ള ചിന്തകളും, വിവിധ ദേശീയ മെത്രാന്‍ സംഘങ്ങളുടെ പ്രായോഗിക നിര്‍ദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഒരിടത്ത് ബാബേത്ത ഫെസ്റ്റ്, എന്ന സിനിമ പോലും ഉദ്ധരിച്ചുകൊണ്ടാണ് കുടുംബ ജീവിതത്തിലെ ഉദാരതയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നത്.

“സ്നേഹത്തിന്‍റെ ആനന്ദം” എന്ന പാപ്പായുടെ പ്രബോധനത്തിന്‍റെ ഒന്നുമുതല്‍ 4 വരെയുള്ള അദ്ധ്യായങ്ങളുടെ സംഗ്രഹം നാം കഴിഞ്ഞ ആഴ്ചയിലെ ചിന്താമലരുകളായി ശ്രവിച്ചതാണ്. ഇന്ന് ബാക്കിയുള്ള 5-മുതൽ 9-വരെയുള്ള അദ്ധ്യായങ്ങളിലെ ചിന്തകൾ ശ്രവിക്കാം. നാം അമോരിസ് ലെതീത്സിയ കുടുംബവർഷം ആചരിക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ പരിപാടി ഒരുക്കിയത് എന്നതാണ് ഇതിന്‍റെ പ്രസക്തിയും പ്രാധാന്യവും. കുടുംബങ്ങൾ ഏറെ ക്ലേശിക്കുന്ന ഇക്കാലയളവിൽ യഥാർത്ഥമായ “സ്നേഹത്തിന്‍റെ ആനന്ദം” കുടുംബങ്ങൾക്ക് സാന്ത്വനമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

2. ഫലദായകമായ സ്‌നേഹം
അഞ്ചാം അദ്ധ്യായം പൂര്‍ണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നത് സ്‌നേഹത്തിന്‍റെ ഫലദായകത്വത്തേയും പ്രജനനത്തേയും കുറിച്ചാണ്. പുതിയ ജീവനെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചും, ഗര്‍ഭധാരണ കാലത്തെ കാത്തിരിപ്പിനെക്കുറിച്ചും, പിതാവിന്‍റേയും മാതാവിന്‍റേയും സ്‌നേഹത്തെക്കുറിച്ചും ഗഹനമായ ആത്മീയതയോടെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്നതാണീ ഭാഗം. ദത്തെടുക്കുന്നതിലൂടെ വിപുലമാകുന്ന കുടുംബത്തിന്‍റെ ഫലദായകത്വത്തെക്കുറിച്ചും, അമ്മാവന്മാരും അമ്മായികളും അവരുടെ മക്കളും, മറ്റു ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഉള്‍പ്പെടുന്ന വിശാലമായ ഒരു കുടുംബ വലയത്തിലൂടെ കണ്ടുമുട്ടലും പാരസ്പര്യവും വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും ഈ അദ്ധ്യായം പ്രതിപാദിക്കുന്നു.
നിരവധി ബന്ധങ്ങളുടെ സങ്കീര്‍ണ്ണവും വിപുലവുമായ ശൃംഖലയായി കുടുംബത്തെ കാണുന്നതിനാല്‍ ഇവിടെ 'അണുകുടുംബങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നില്ല.

3. ചില അജപാലന വീക്ഷണങ്ങള്‍
ദൈവിക പദ്ധതിയനുസരിച്ച് സുദൃഢവും ഫലപ്രാപ്തിയുള്ളതുമായ കുടുംബങ്ങളെ രൂപപ്പെടുത്താനായി ലക്ഷ്യമിട്ടിരുന്ന വിവിധങ്ങളായ അജപാലന വീക്ഷണങ്ങളെ പാപ്പാ ആറാം അദ്ധ്യായത്തില്‍ പരിശോധിക്കുന്നു. സുവിശേഷം സ്വീകരിച്ചവര്‍ മാത്രമല്ല, സുവിശേഷം പ്രചരിപ്പിക്കുന്നവര്‍ കൂടിയായിരിക്കണം കുടുംബങ്ങള്‍ എന്ന് പാപ്പാ ഫ്രാന്‍സിസ് രണ്ടു സിനഡുകളുടെ അന്തിമ വിശകലന റിപ്പോര്‍ട്ടും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ മതബോധന മാര്‍ഗ്ഗരേഖയും ഉദ്ധരിച്ചുകൊണ്ട് പറയുന്നു. കുടുംബങ്ങള്‍ നിലവില്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി അഭിഷിക്തരായ വൈദികര്‍ക്ക് പലപ്പോഴും ഉണ്ടാകാറില്ലെന്നും പാപ്പാ ചൂണ്ടിക്കാട്ടുന്നു (202). ഒരു വശത്ത് വൈദിക വിദ്യാര്‍ത്ഥികളുടെ മാനസികമായ കുടുംബങ്ങളോടുള്ള സമീപനത്തിന്‍റെ മാനദണ്ഡം ഉയര്‍ത്തുന്നതിനൊപ്പം, പുരോഹിതരെ സഭാശുശ്രൂഷയ്ക്കായ് ഉദാരപൂർവ്വം നല്കുന്ന കുടുംബങ്ങളും അവരെ രൂപപ്പെടുത്താന്‍ ശ്രദ്ധിക്കണം (203). മറുവശത്ത്, വിവാഹിതരായ പുരോഹിതരുടെ പൗരസ്ത്യ  പാരമ്പര്യത്തിന്‍റെ അനുഭവ വ്യാപ്തിയുടെ ഫലങ്ങള്‍കൂടി പാപ്പാ ഇവിടെ പരാമർശിക്കുന്നു (202).

വിവാഹത്തിന് സന്നദ്ധരാകുന്നവരുടെ തയ്യാറെടുപ്പുകളെക്കുറിച്ചും, ദാമ്പത്യത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ഉത്തരവാദിത്വമുള്ള രക്ഷാകര്‍ത്താക്കളായി പെരുമാറേണ്ടതിനെക്കുറിച്ചും അവരെ ബോധവാന്മാരാക്കാന്‍ കൂടെ പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വം അജപാലകർക്കുണ്ടെന്ന് പാപ്പാ ഓർപ്പിക്കുന്നു. ആയതിനാൽ കുടുംബത്തിന്‍റെ വിധാതാക്കളായി പക്വത പ്രാപിക്കാന്‍ ദമ്പതികളെ പ്രാപ്തരാക്കാന്‍ അജപാലകർ സഹായിക്കുന്നത് വൈകിച്ചുകൂടായെന്നും പാപ്പാ താക്കീതുനല്കുന്നു (239).

4. കുട്ടികള്‍ക്ക് മികച്ച ബോധനം നല്‍കുന്നതിലേക്കായ്...
കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി നീക്കി വെച്ചിട്ടുള്ളതാണ് ഏഴാം അദ്ധ്യായം. കുട്ടികളുടെ സ്വഭാവ രൂപീകരണം, ശിക്ഷണം ശീലിപ്പിക്കുന്ന അച്ചടക്കവും പെരുമാറ്റ രീതികളും, യാഥാര്‍ത്ഥ്യ ബോധം, ലൈംഗികമായ അറിവ്, വിശ്വാസം പിന്തുടരേണ്ടതിന്‍റെ പ്രാധാന്യം, ഇതിലെല്ലാം ഉപരി കുടുംബം തന്നെയാണ് വിദ്യാഭ്യാസത്തിന്‍റെ ഉറവിടം എന്ന തിരിച്ചറിവ് പകര്‍ന്നു നല്‍കുന്നതായിരിക്കണം അവര്‍ക്ക് നാം നല്‍കുന്ന ബോധനമെന്നും പാപ്പാ വ്യക്തമാക്കുന്നു. മനസ്സിലാക്കാവുന്നതും, സ്വീകരിക്കാവുന്നതും, ഉയര്‍ത്തിപ്പിടിക്കാവുന്നതുമായ മൂല്യങ്ങള്‍ ശൈശവം മുതല്‍ അവര്‍ ശീലിക്കുന്നതിന് കുടുംബമായിരിക്കണം അവരുടെ മാതൃക.

സ്വാർത്ഥതയിൽ കെട്ടിവരിയുന്നതോ കൈക്കലാക്കുന്നതോ ഒരിക്കലും സ്‌നേഹമല്ല. ഒരു കുട്ടി അഭിമുഖീകരിക്കുന്ന ഓരോ സാഹചര്യങ്ങളെയും നിയന്ത്രിക്കാന്‍ നമുക്ക് ആകുകയില്ല. എന്താണ് ചെയ്യുന്നത്, എവിടെയാണ് പോകുന്നത് എന്നതെല്ലാം നിരന്തരം പിന്തുടര്‍ന്നാല്‍ മാതാപിതാക്കള്‍ ചെയ്യുന്നത് അവരുടെ മനസ്സിനെ വശംവദമാക്കുകയല്ല, മറിച്ച് അവരുടെ സ്വകാര്യമായ ഇടത്തെ കീഴടക്കുകയാണ്. സ്വാതന്ത്ര്യവും സ്വയാശ്രയവും പക്വതയും ആര്‍ജിച്ച് താന്‍പോരിമയുള്ളവരാകാന്‍ മക്കളെ പരിശീലിപ്പിക്കുകയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം ചെയ്യേണ്ടത്. ലൈംഗികമായ തിരിച്ചറിവിന് അനുമതി നല്‍കുക എന്നതാണ് വിദ്യാഭ്യാസത്തെ സംബന്ധിച്ച അദ്ധ്യായത്തിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. അതിനാൽ ലൈംഗികത നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ അതിന്‍റെ പ്രധാന്യവും വിവേചന സ്വഭാവവും വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടേണ്ടതാണെന്നും പാപ്പാ പ്രത്യേകം ഉദ്ബോധിപ്പിക്കുന്നു.

5. തിരിച്ചറിവും മാര്‍ഗദര്‍ശനവും ശാക്തീകരണവും
കുടുംബ ജീവിത യാഥാർത്ഥ്യങ്ങൾദൈവഹിതത്തിനോട് പൂര്‍ണ്ണമായും ചേരാത്ത സാഹചര്യങ്ങളില്‍ കരുണയും അജപാലന വിവേകവും പുലര്‍ത്താനുമുള്ള ക്ഷണമാണ് എട്ടാം അദ്ധ്യായം. വളരെ പ്രധാനമായ മൂന്ന് ക്രിയാപദങ്ങളാണ് ഇവിടെ പാപ്പാ ഉപയോഗിച്ചിരിക്കുന്നത് : മാര്‍ഗദര്‍ശനം, തിരിച്ചറിവ്, ശാക്തീകരണം. ദുര്‍ബലവും സങ്കീര്‍ണ്ണവും അസാധാരണവുമായ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള അടിസ്ഥാനപരമായ നടപടികളാണവ. അജപാലന കാരുണ്യത്തിന്‍റെ യുക്തി എന്നാണ് പാപ്പാ ഇതിനെ സംഗ്രഹിക്കുന്നത്.

എട്ടാം അദ്ധ്യായം വളരെ വികാരപരമാണ്. മിക്കവാറും ഒരു യുദ്ധമുന്നണിയിലെ ആശുപത്രിയുടെ ദൗത്യമാണ് സഭയ്ക്കുള്ളതെന്ന പാപ്പായുടെ വാക്കുകൾ ഇവിടെ വായിക്കുമ്പോള്‍ ഓര്‍ക്കേണ്ടതാണ് (291). കുടുംബങ്ങളെ തകരാതെ കാത്തുസൂക്ഷിക്കുന്നതിന് വിവേകപൂര്‍വ്വവും ക്രമാനുഗതവുമായ അജപാലനപരമായ ഇടപെടലുകൾ ഉണ്ടാകണം. വിവാദങ്ങള്‍ക്ക് ഇടംകൊടുക്കാതെ ജ്ഞാനസ്‌നാനം സ്വീകരിച്ചവര്‍ തമ്മില്‍ വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്യുകയാണെങ്കില്‍ അവരെ തിരികെ ക്രൈസ്തവ സമൂഹത്തിലേക്ക് ഉള്‍ചേര്‍ക്കുവാനുള്ള ശ്രമം അജപാലകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സിനഡ് പിതാക്കളുടെ അഭിപ്രായങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഇവിടെ ഉദ്ബോധിപ്പിക്കുന്നത്. സഭയുടെ അംഗത്വത്തില്‍നിന്ന് പുറത്താക്കാതെ സഭാ ശുശ്രൂഷകളില്‍ പങ്കുകൊള്ളുവാനും അവരുടെ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് നല്ല വിദ്യാഭ്യാസം നല്കുവാനും സഹായിക്കേണ്ടതാണെന്ന് പാപ്പാ അഭ്യർത്ഥിക്കുന്നു (299).

6. വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും ആത്മീയത
ചെറുതെങ്കിലും നൂറുകണക്കിന് യഥാര്‍ത്ഥമായ പെരുമാറ്റങ്ങളിലൂടെ അനുദിനം രൂപപ്പെടുന്ന കുടുംബത്തിന്‍റേയും ദാമ്പത്യത്തിന്‍റേയും ആത്മീയതയ്ക്കുവേണ്ടിയാണ് ഒമ്പതാം അദ്ധ്യായം സമര്‍പ്പിച്ചിരിക്കുന്നത് (315). അഗാധമായി ആത്മീയതയില്‍ മുഴുകിയവര്‍ക്ക് കുടുംബം ശ്രദ്ധ അകറ്റുന്ന ഒരു പ്രലോഭനമായി തോന്നിക്കൂടാ. മറിച്ച് പരമമായ ആത്മീയ ഐക്യം പ്രാപിക്കാന്‍ ദൈവം നയിക്കുന്ന പാതയായി കുടുംബ ജീവിതത്തെ കണക്കാക്കണം. ആഹ്ലാദത്തിന്‍റേയും ആശ്വാസത്തിന്‍റേയും ആഘോഷത്തിന്‍റേയും നിമിഷങ്ങളെ, എന്തിന് ലൈംഗികതയുടേതുപോലും ഉത്ഥാനത്തിന്‍റെ ജീവിതപൂര്‍ണിമയിലെ അനുഭവമായി പങ്കുവെയ്ക്കപ്പെടണം എന്നാണ് പാപ്പാ വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്. അതിനാൽ, കുടുംബജീവിതമെന്നാല്‍ കരുണാവായ്പുള്ള അജപാലനമാണെന്നും പാപ്പാ പഠിപ്പിക്കുന്നു.

അവസാന ഖണ്ഡികയില്‍ പാപ്പാ എടുത്തു പറയുന്നുണ്ട് : ''ഒരു കുടുംബവും പൂര്‍ണ്ണതയോടെ സ്വര്‍ഗത്തില്‍നിന്ന് താഴേക്ക് വീഴുന്നതല്ല, സ്‌നേഹിക്കാനുള്ള കഴിവ് ആര്‍ജിച്ച് നിരന്തരമായ പരിശ്രമങ്ങളിലൂടെ വളര്‍ച്ചയും പക്വതയും പ്രാപിക്കുന്ന ഒരു സാമൂഹ്യഘടകമാണ് കുടുംബം.'' ഈ യാത്രയില്‍ അതിനാൽ കുടുംബങ്ങള്‍ എന്ന നിലയില്‍ ഒരുമിച്ചു നടന്നു മുന്നേറാന്‍ ഓരോരുത്തര്‍ക്കും കഴിയണം.

7. തിരുക്കുടുംബത്തോടുള്ള പ്രാർത്ഥന
പാപ്പാ ഫ്രാൻസിസ് കുറിച്ച തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥനയോടെയാണ് അപ്പോസ്തലിക പ്രബോധനം സമാപിക്കുന്നത് :

ഓ, തിരുക്കുടുംബമേ,
യഥാർത്ഥ സ്നേഹത്തിന്‍റെ തിളക്കം അങ്ങിൽ കണ്ടുകൊണ്ടും ധ്യാനിച്ചുകൊണ്ടും ഞങ്ങൾ വിശ്വാസത്തോടെ തിരുസന്നിധിയിൽ വരുന്നു.
നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളെ കൂട്ടായ്മയുടേയും പ്രാർത്ഥനയുടേയും യഥാർത്ഥ സ്ഥാനങ്ങളും, സുവിശേഷത്തിന്‍റെ വിദ്യാലയവും ഗാർഹിക സഭയുമാക്കണമേ.

തിരുക്കുടുംബമേ, കുടുംബങ്ങളിലെ അതിക്രമങ്ങളും പരിത്യക്തതയും ഭിന്നിപ്പും ഇല്ലാതാക്കണമേ.
മുറിപ്പെട്ടവർക്കും ഉതപ്പിന് ഇരയായവർക്കും അങ്ങേ സമാശ്വാസവും സൗഖ്യവും നല്കണമേ.

തിരുക്കുടുംബമേ, കുടുംബ ജീവിതത്തിന്‍റെ പരിശുദ്ധിയേയും അഭേദ്യതയെയും, ദൈവികപദ്ധതിയിൽ അതിനുള്ള മനോഹാരിതയേയും കുറിച്ച് ഞങ്ങളെ കൂടുതൽ അവബോധമുള്ളവരാക്കണമേ.

ഈശോ, മറിയം, യൗസേപ്പേ,
കനിവോടെ ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളേണമേ. ആമേൻ.

ഗാനമാലപിച്ചത് ഷാൻ കെ. ഫെർണാണ്ടസ്, രചനയും സംഗീതവും ലിസി കെ. ഫെർണാണ്ടസ്.

“അമോരിസ് ലത്തീസ്സിയ” എന്ന കുടുംബങ്ങളെ സംബന്ധിച്ച സഭാ പ്രബോധത്തിന്‍റെ ഉൾപ്പൊരുൾ വെളിപ്പെടുത്തുന്ന ചിന്താമലരുകളുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2021, 15:18