വത്തിക്കാൻ: പെസഹാജാഗര-ഉയിർപ്പുതിരുന്നാൾ തിരുക്കർമ്മങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പെസഹാജാഗര തിരുക്കർമ്മം മാർപ്പാപ്പാ വത്തിക്കാനിൽ നയിക്കും.
ശനിയാഴ്ച (03/04/2021) പ്രാദേശിക സമയം രാത്രി 7.30-ന്, ഇന്ത്യയിലെ സമയം രാത്രി 11 മണിക്ക്, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അഗ്നി ആശീർവ്വാദ കർമ്മത്തോടെ ഫ്രാൻസീസ് പാപ്പാ പെസഹാജാഗര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.
തുടർന്ന് പെസഹാ വിജയഗീതിയാലാപനം, വചന ശുശ്രൂഷ, ഹന്നാൻ വെള്ളം, അഥവാ, വിശുദ്ധജലം ആശീർവ്വദിക്കൽ, മാമ്മോദീസാ വാഗ്ദാന നവീകരണം എന്നിവയായിരിക്കും.
തദ്ദനന്തരം, പാപ്പാ, വിശ്വാസികളുടെ പ്രാർത്ഥനയോടുകൂടി ഉയിർപ്പുതിരുന്നാൾ ജാഗര വിശുദ്ധ കുർബ്ബാന തുടരും.
ഉയിർപ്പുതിരുന്നാൾ ദിനത്തിൽ, അതായത്, ഞായറാഴ്ച (04/04/2021) പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന്, പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഉയിർപ്പുതിരുന്നാൾക്കുർബ്ബാന അർപ്പിക്കുകയും മദ്ധ്യാഹ്നത്തിൽ “ലോകത്തിനും റോമാ നഗരത്തിനും” എന്ന അർത്ഥം വരുന്ന, “ഊർബി എത്ത് ഓർബി” സന്ദേശവും ആശീർവ്വാദവും നല്കുകയും ചെയ്യും.