തിരയുക

Vatican News
കരീബിയൻ ദ്വീപായ സെയിൻറ് വിൻസെൻറിലെയും ഗ്രെനഡയിൻസിലെയും അഗ്നിപർവ്വതം ല സുഫ്രിയെർ (La Soufrière) വീണ്ടും സജീവമായപ്പോൾ 22/04/21 കരീബിയൻ ദ്വീപായ സെയിൻറ് വിൻസെൻറിലെയും ഗ്രെനഡയിൻസിലെയും അഗ്നിപർവ്വതം ല സുഫ്രിയെർ (La Soufrière) വീണ്ടും സജീവമായപ്പോൾ 22/04/21  ((C)2020)

അഗ്നിപർവ്വത സ്ഫോടനം ക്ലേശം വിതച്ചവർക്ക് പാപ്പായുടെ സാന്ത്വനം!

കരീബിയൻ ദ്വീപായ സെയിൻറ് വിൻസെൻറിലെയും ഗ്രെനഡയിൻസിലെയും ല സുഫ്രിയെർ അഗ്നിപർവ്വത സ്ഫോടനം, പാപ്പായുടെ ഐക്യദാർഢ്യ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കരീബിയൻ ദ്വീപായ സെയിൻറ് വിൻസെൻറിലെയും ഗ്രെനഡയിൻസിലെയും അഗ്നിപർവ്വതം ല സുഫ്രിയെർ (La Soufrière) അടുത്തയിടെ വീണ്ടും പൊട്ടിയതിനെ തുടർന്ന് പാർപ്പിടങ്ങൾ വിട്ടു പോകേണ്ടി വന്നവരോടുള്ള ഐക്യദാർഢ്യം മാർപ്പാപ്പാ അറിയിച്ചു.  

സെയിൻറ് വിൻസെൻറിൻറെയും ഗ്രെനഡയിൻസിൻറെയും അധികാരികൾക്ക് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ (CARD. PIETRO PAROLIN) ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഇതു കാണുന്നത്.

ഈ അഗ്നിപർവ്വത സ്ഫോടനഫലമായ പൊടിയും ചാരവും മൂലം പാർപ്പിടം വിടേണ്ടിവരുകയും  യാതനകളനുഭവിക്കുകയും ചെയ്യുന്നവരുടെ ചാരെ പാപ്പാ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് കർദ്ദിനാൾ പരോളിൻ അറിയിക്കുന്നു.

വീടുവിട്ട് മറ്റിടങ്ങളിൽ അഭയം തേടേണ്ടിവന്നവർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നാലു പതിറ്റാണ്ടോളം നിർജ്ജീവമായിരുന്ന ല സുഫ്രിയെർ അഗ്നി പർവ്വതം ഇക്കഴിഞ്ഞ 9-ɔ൦ തീയതിയാണ് വീണ്ടും സജീവമായത്. 1902-ലുണ്ടായ സ്ഫോടനം 1680 പേരുടെ ജീവനപഹരിച്ചു, എന്നാൽ 1979-ൽ ആളപായം ഉണ്ടായില്ല. അതിനുശേഷം നിർജ്ജീവമായിരുന്നു 1220 മീറ്റർ ഉയരമുള്ള ഈ അഗ്നിപർവ്വതം.

 

24 April 2021, 12:01