ഫിലിപ്പ് രാജകുമാരൻറെ നിര്യാണത്തിൽ പാപ്പായുടെ അനുശോചനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻറെ നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.
വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ എലിസബത്ത് രാജ്ഞിക്കയച്ച അനുശോചന സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഹൃദയംഗമമായ ദുഃഖം അറിയിച്ചിരിക്കുന്നത്.
വിവാഹജീവിതത്തോടും കുടുംബത്തോടും ഫിലിപ്പ് രാജകുമാരനുണ്ടായിരുന്ന ആദരവും അദ്ദേഹത്തിൻറെ പൊതുസേവന തല്പരതയും പുതിയ തലമുറയുടെ വിദ്യഭ്യാസം വളർച്ച എന്നീ മേഖലകളിലെ പ്രതിബദ്ധതയും പാപ്പാ പ്രത്യേകം അനുസ്മരിക്കുന്നു.
എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ വെള്ളിയാഴ്ച (09/04/21) ആണ് അന്തരിച്ചത്. 99 വയസ്സായിരുന്നു പ്രായം.
1921 ജൂൺ 10-ന് ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്പ് 1947 നവംബർ 20-നാണ് എലിസബത്ത് രാജ്ഞിയെ വിവാഹം കഴിച്ചത്. അദ്ദേഹം 2017-ൽ പൊതുജീവിതത്തിൽ നിന്ന് വിരമിച്ചു.
2014 ഏപ്രിൽ 3-ന് ഫിലിപ്പ് രാജകുമാരൻ വത്തിക്കാനിലെത്തി ഫ്രാൻസീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ബെനഡിക്ട് 16-മൻ പാപ്പായുമായുള്ള കൂടിക്കാഴ്ച, പാപ്പായുടെ എഡിൻബർഗ് സന്ദർശനവേളയിൽ 2010 സെപ്റ്റമ്പർ 16-ന് അവിടെവച്ചായിരുന്നു.
1980, 2000 എന്നീ വർഷങ്ങളിൽ ഒരേ തീയതിയിൽ, അതായത്, ഒക്ടോബർ 17-ന് ഫിലിപ്പ് രാജകുമാരൻ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ വത്തിക്കാനിൽ സന്ദർശിച്ചുണ്ട്.
വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അത് വത്തിക്കാനിൽ 1961 മേയ് 5-നായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: