തിരയുക

Vatican News
കർദ്ദിനാൾ നിക്കോളാസ്  ചിയോങ് ജിൻസൂക് കർദ്ദിനാൾ നിക്കോളാസ് ചിയോങ് ജിൻസൂക് 

കർദ്ദിനാൾ നിക്കോളാസ് ജിൻസൂക് കാലംചെയ്തു

പാപ്പാ ഫ്രാൻസിസ് അനുശോചന സന്ദേശം അയച്ചു.

- ഫാദർ വില്യം  നെല്ലിക്കൽ 

1. പാപ്പാ ഫ്രാൻസിസിന്‍റെ അനുശോചനം
ദക്ഷിണ കൊറിയയിലെ സോൾ അതിരൂപതയുടെ മുൻഅദ്ധ്യക്ഷനായിരുന്നു കർദ്ദിനാൾ ചോങ് ജിൻസൂക്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ 90-ാമത്തെ വയസ്സിൽ  ഏപ്രിൽ 27-നാണ് അദ്ദേഹം കാലംചെയ്തത്. അന്തിമോപചാര ശുശ്രൂഷാ ദിനമായ ഏപ്രിൽ 29, വ്യാഴാഴ്ച സോൾ അതിരൂപതയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ, കർദ്ദിനാൾ ആൻഡ്രൂ യോം സൂ-ജൂങിന് അയച്ച ടെലിഗ്രാമിലൂടെയാണ് പാപ്പാ കൊറിയൻ ജനതയെയും അവിടത്തെ സഭാംഗങ്ങളെയും അനുശോചനം അറിയിച്ചത്.

2. ഒരു സ്നേഹസമർപ്പണം
കർദ്ദിനാൾ നിക്കോളാസ് ചോങ് ജിൻസൂകിന്‍റെ   നിര്യാണത്തിൽ താൻ അതിയായി ദുഃഖിക്കുകയും, കൊറിയയിലെ വൈദികരെയും സന്ന്യസ്തരെയും അൽമായ സഹോദരങ്ങളെയും അനുശോചനം അറിയിക്കുകയും പ്രാർത്ഥന നേരുകയും ചെയ്യുന്നതായി പാപ്പാ പ്രസ്താവിച്ചു. കൊറിയയിലെ സഭയ്ക്കും പരിശുദ്ധ സിംഹാസനത്തിനും അദ്ദേഹം ചെയ്ത നന്മകൾക്ക് ദൈവത്തിന് നന്ദിപറയുകയും സ്നേഹധനനായ ഈ അജപാലകന്‍റെ ആത്മാവിനെ നല്ലിടയനായ യേശുവിന്‍റെ കൈകളിൽ സമർപ്പിക്കുകയും ചെയ്യുന്നതായി പാപ്പാ പ്രാർത്ഥിച്ചു.

3. ഉത്ഥിതനിലുള്ള പ്രത്യാശയോടെ...
ജീവന്‍റെ ഉയിർപ്പിലുള്ള പ്രത്യാശയോടെ കർദ്ദിനാൾ ജിൻസൂകിന്‍റെ സംസ്കാരശുശ്രൂഷയിൽ പങ്കുചേരുന്ന സകലർക്കും ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാമാധാനവും സമാശ്വാസവും നേർന്നുകൊണ്ട് അപ്പസ്തോലിക ആശീർവ്വാദം നല്കിക്കൊണ്ടാണ് പാപ്പാ അനുശോചന സന്ദേശം ഉപസംഹരിച്ചത്.

4. ഹ്രസ്വജീവിതരേഖ

1931-ൽ ദക്ഷിണ കൊറിയയിലെ സ്യൂപൊ ടോങിൽ ജനിച്ചു.
1961 പൗരോഹിത്യം സ്വീകരിച്ചു.
അജപാലകനും അദ്ധ്യാപകനുമായി സേവനംചെയ്തു.
സോൾ അതിരൂപതാദ്ധ്യക്ഷന്‍റെ സെക്രട്ടറിയായി.

1966 റോമിലെ ഊർബൻ യൂണിവേഴ്സിറ്റിയിൽ സഭാനിയമപഠനം നടത്തി.
1969 നാട്ടിൽ തിരിച്ചെത്തി അജപാലന ശുശ്രൂഷയിൽ വ്യാപൃതനായി.
1970 ചിയോങ്ജ്യൂ രൂപതയുടെ മെത്രാനായി നിയമിതനായി.

1998 സോൾ അതിരൂപതയുടെ മെത്രാപ്പോലീത്തയായി.
1996 – 1999 ദേശീയ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ
2006 മുൻ പാപ്പാ ബെനഡിക്ട് കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് ഉയർത്തി.
2012 സോളിന്‍റെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും വിരമിച്ചു.

 

29 April 2021, 14:43