തിരയുക

“അമോരിസ് ലെത്തീസിയ കുടുംബവത്സരം” (Amoris Laetitia) 2021-2022 “അമോരിസ് ലെത്തീസിയ കുടുംബവത്സരം” (Amoris Laetitia) 2021-2022 

കുടുംബവത്സരം- അമോരിസ് ലെത്തീസിയ !

ആനന്ദത്തിൻറെയും പ്രത്യാശയുടെയും ഉറവിടമായ കുടുംബത്തേക്കുറിച്ചുള്ള ദൈവിക പദ്ധതി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു വർഷമാണ് "കുടുംബവത്സരം- അമോരിസ് ലെത്തീസിയ" , ഇതൊരു സദ്വാർത്ത, കർദ്ദിനാൾ കെവിൻ ഫാരെൽ - അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുടുംബം, എല്ലായ്പ്പോഴും, സ്നേഹത്തിൽ നിന്നു ജന്മംകൊള്ളുന്നതും നമ്മെ പക്വതയുള്ളവരാക്കുന്നതുമായ നമ്മുടെ അധികൃതവും യഥാർത്ഥവുമായ ബന്ധങ്ങളുടെ കാവലാളായി നിലകൊള്ളുന്നുവെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ഫാരെൽ (Card. Kevin Farrell).

ഫ്രാൻസീസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന “അമോരിസ് ലെത്തീസിയ കുടുംബവത്സരം” (Amoris Laetitia) വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ ദിനമായ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച (19/03/2021) തുടക്കം കുറിക്കുന്നതിനെ അധികരിച്ച്, വ്യാഴാഴ്ച (18/03/21) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ്, ഇൻറർനെറ്റ് സംവിധാനത്തിലൂടെ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

കർദ്ദിനാൾ ഫാരെലിനു പുറമെ, ഈ വിഭാഗത്തിൻറെ ഉപകാര്യദർശി പ്രൊഫസർ ഗബ്രിയേല്ല ഗമ്പീനൊയും (Gabriella Gambino). ഇറ്റലിക്കാരായ വലെന്തീന,ലെയൊണാർദൊ നേപ്പി (Valentina-Leonardo Nepi) ദമ്പതികളും പത്രസമ്മേളനത്തിൽ സംസാരിച്ചു.

സ്നേഹത്തിൻറെ ആനന്ദത്തെക്കുറിച്ച് ഫ്രാൻസീസ് പാപ്പാ 2016 മാർച്ച് 19-ന് പുറപ്പെടുവിച്ച “അമോരിസ് ലെത്തീസിയ” (Amoris Laetitia) എന്ന അപ്പസ്തോലികോപദേശത്തിൻറെ അഞ്ചാം വാർഷികദിനത്തിലാണ് കുടുംബത്തിനായുള്ള സവിശേഷ വത്സരം ആരംഭിക്കുന്നതെന്ന് അനുസ്മരിക്കുന്ന കർദ്ദിനാൾ ഫാരെൽ ആനന്ദത്തിൻറെയും പ്രത്യാശയുടെയും ഉറവിടമായ കുടുംബത്തേക്കുറിച്ചുള്ള ദൈവിക പദ്ധതി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു വർഷമാണിതെന്നും ഇതൊരു സദ്വാർത്തയാണെന്നും പ്രസ്താവിച്ചു.

കോവിദ് 19 മഹാമാരി ദശലക്ഷക്കണക്കിനാളുകളെ വേദനയിലാഴ്ത്തിയത് അനുസ്മരിച്ച അദ്ദേഹം കുടുംബത്തിനാണ്, വ്യത്യസ്ത രീതികളിൽ, കനത്ത പ്രഹരങ്ങളേറ്റതെന്നും എന്നിട്ടും അത് “ജീവൻറെ കാവലാളാണ്” എന്ന് ഒരിക്കൽക്കൂടി തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ തുടരുന്ന ഈ പകർച്ച വ്യാധി ആശങ്കയ്ക്കും ആകുലതയ്ക്കും കാരണമാണെങ്കിലും അത് നമ്മെ തളർത്തരുതെന്ന് പറഞ്ഞ കർദ്ദിനാൾ ഫാരെൽ, നേരെ മറിച്ച്, നഷ്ടബോധം അനുഭവപ്പെടുന്ന ഈ വേളയിലാണ് ക്രൈസ്തവരായ നാം പ്രത്യാശയുടെ സാക്ഷികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2021, 13:45