പോർച്ചുഗലിൻറെ പ്രസിഡൻറ് വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പോർച്ചുഗലിൻറെ പ്രസിഡൻറ് മർസേലൊ റെബേലൊ ജെ സൂസായെ (Marcelo Rebelo de Sousa) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
വെള്ളിയാഴ്ച (12/03/2021) ആയിരുന്നു ഈ കൂടിക്കാഴ്ച.
പരിശുദ്ധസിംഹാസനവും പോർച്ചുഗലും തമ്മിലുള്ള നല്ല ബന്ധങ്ങളിലും സഭ അന്നാടിനേകുന്ന സംഭാവനകളിലും, വിശിഷ്യ, ഇപ്പോൾ സംജാതമായിരിക്കുന്ന ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും ജീവൻറെ സംരക്ഷണത്തിനും സമാധാനപരമായ സാമൂഹ്യസഹജീവനത്തിനേകുന്ന സംഭാവനകളിലും തനിക്കുള്ള സംതൃപ്തി ഈ കൂടിക്കാഴ്ചാവേളയിൽ പ്രസിഡൻറ് മർസേലൊ റെബേലൊ ജെ സൂസാ പാപ്പായെ അറിയിച്ചു.
കോവിദ് 19 മഹാമാരിയുളവാക്കിയിരിക്കുന്ന അടിയന്തരാവസ്ഥയെ അതിജീവിക്കൽ, സമാധാനസംസ്ഥാപനയത്നം തുടങ്ങിയ ദേശീയ-അന്തർദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും പാപ്പായും പ്രസിഡൻറും ചർച്ചചെയ്തു.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം അദ്ദേഹം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വത്തിക്കാൻറെ വിദേശകാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായും സംഭാഷണം നടത്തി.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ആണ് ഈ വിവരങ്ങൾ നല്കിയത്.