തിരയുക

ലൂർദ്ദുനാഥയുടെ തിരുനാൾ ലൂർദ്ദുനാഥയുടെ തിരുനാൾ  

രോഗീപരിചരണത്തിൽ സാഹോദര്യം അനിവാര്യം

ഫെബ്രുവരി 11, ലൂര്‍ദ്ദുനാഥയുടെ തിരുനാളും ലോക രോഗീദിനവും. പാപ്പാ ഫ്രാൻസിസിന്‍റെ സന്ദേശം

- ഫാദർ വില്യം  നെല്ലിക്കൽ 

ലോക രോഗീദിനം – സാഹോദര്യത്തിന്‍റെ ദിനം
“നിങ്ങള്‍ക്ക് ഒരു ഗുരുനാഥനേയുള്ളൂ, അതിനാല്‍ നിങ്ങള്‍ പരസ്പരം സഹോദരങ്ങളാണ്” (മത്തായി 23, 8) എന്ന സുവിശേഷചിന്തയെ ആധാരമാക്കിയാണ് രോഗീപരിചരണ മേഖലയില്‍ ഇന്ന് അനിവാര്യമായിരിക്കുന്ന പരസ്പര വിശ്വാസത്തിന്‍റെ ബന്ധത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ഈ വര്‍ഷത്തെ സന്ദേശത്തില്‍ വിവരിക്കുന്നത്. രോഗികളായവരിലും രോഗീപരിചരണത്തില്‍ സമര്‍പ്പിതരായവരിലും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വിശ്വാസസമൂഹവും ഏറെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമായി ലോക രോഗീദിനത്തെ കണക്കിലെടുക്കണമെന്ന് പാപ്പാ സന്ദേശത്തിന്‍റെ ആമുഖത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. പ്രത്യേകിച്ച് ലോകം ഇന്ന് അനുഭവിക്കുന്ന ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍, വൈറസ് ബാധയാല്‍ ക്ലേശങ്ങള്‍ അനുഭവിച്ചവരെയും, ഇപ്പോള്‍ ക്ലേശിക്കുന്നവരെയും പ്രത്യേകമായി ഓര്‍ക്കേണ്ട ദിവസമാണ് ലോക രോഗീദിനമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

എല്ലാവരും സഹോദരങ്ങൾ
അനാഥരും പാവങ്ങളുമായ രോഗികളോടും പരിഗണന കാണിക്കുവാന്‍ ഈ ദിനം ഉപയോഗപ്പെടുത്തണമെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, എല്ലാവരെയും സാഹോദര്യത്തിൽ സമീപിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിക്കുന്നു. മറ്റുള്ളവരുടെ ജീവിതങ്ങളെയും ആവശ്യങ്ങളെയും അവഗണിക്കുകയും നാം വിശ്വസിക്കുകയും വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പൊള്ളവാക്കുകളായി മാറുകയും ചെയ്യുന്നത് വ്യാജവും, വ്യക്തിത്വത്തിന്‍റെ ദ്വൈമുഖവുമാണെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഈ അപകടത്തിന്‍റെ യാഥാര്‍ത്ഥ്യഭാവവും ഗൗരവവും മനസ്സിലാക്കിയാണ് യേശു കാപട്യത്തെ അപലപിച്ചത്. എന്നിട്ടു പറഞ്ഞു, നിങ്ങള്‍ക്ക് ഒരു യജമാനനേ ഉള്ളൂ, അതിനാല്‍ നിങ്ങള്‍ എല്ലാവരും സഹോദരങ്ങളാണെന്ന് (മത്തായി 23, 8).
 

10 February 2021, 16:12