തിരയുക

മോൺ. പോൾ റിച്ചാർഡ് ഗാല്ലഗെർ മോൺ. പോൾ റിച്ചാർഡ് ഗാല്ലഗെർ  

മോൺ. പോൾ റിച്ചാർഡ് ഗാല്ലഗെർ : മനുഷ്യാന്തസ്സ് അംഗീകരിക്കുക, സാർവ്വലൗകീക സാഹോദര്യത്തിന്റെ പുനർജനനത്തിന് സംഭാവന നൽകുക.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 46 മത് സമ്മേളനത്തിൽ വത്തിക്കാന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യാലയ സെക്രട്ടറി മോൺ. പോൾ റിച്ചാർഡ് ഗാല്ലഗെർ നൽകിയ വീഡിയോ സന്ദേശത്തിൽ സൂചിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 46 മത് സമ്മേളനത്തിൽ വത്തിക്കാന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യാലയ സെക്രട്ടറി മോൺ. പോൾ റിച്ചാർഡ് ഗാല്ലഗെർ ഓരോ മനുഷ്യ വ്യക്തിയുടേയും അന്തസ്സ് അംഗീകരിക്കുന്നത് വഴി സാർവ്വലൗകീക സാഹോദര്യത്തിന്റെ പുനർജനനത്തിന് സംഭാവന നൽകാൻ കഴിയുമെന്ന് അറിയിച്ചത്.

ജീവിതത്തിന്റെ സകല തലങ്ങളെയും ബാധിച്ച കോവിസ് 19 അനേകം പേരുടെ മരണത്തിനിടയാക്കിയത് കൂടാതെ നമ്മുടെ സാമ്പത്തിക സാമൂഹിക, ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചും സംശയങ്ങൾ ഉണർത്തുകയും സാർവ്വത്രീക മനുഷ്യാവകാശ സംരക്ഷണത്തെയും പ്രചാരണത്തേയും കൂടി ബാധിച്ചു എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന്റെയും, നീതിയുടെയും സമാധാനത്തിന്റെയും  അടിസ്ഥാനം മനുഷ്യ കുടുംബത്തിലെ ഓരോ മനുഷ്യന്റെയും അന്തസ്സും, തുല്യവും അഭേദ്യവുമായ അവകാശങ്ങളും അംഗീകരിക്കുക എന്നതാണെന്ന് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തിൽ പറയുന്നു.  അടിസ്ഥാന മനുഷ്യാവകാശത്തിലും, മനുഷ്യാന്തസ്സിലും, സ്ത്രീപുരുഷ അവകാശ തുല്യതയിലുമുള്ള വിശ്വാസവും ഐക്യരാഷ്ട്രസഭയുടെ പ്രമാണത്തിലും ഉറപ്പ് നൽകുന്നു. ഇവ രണ്ടും എടുത്തു പറഞ്ഞ മോൺ. റിച്ചാർഡ് ഗാല്ലഗെർ അഭിപ്രായ സമന്വയത്തിനും സമയ, സംസ്കാര, സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വ്യവസ്ഥകൾക്കും അതീതമാണ് എല്ലാ മനുഷ്യരിലും സഹജവും സാർവ്വലൗകീകവുമായ മനുഷ്യാന്തസ്സെന്ന് ഈ  രണ്ടു പ്രമാണങ്ങളും അടിവരയിടുന്നതെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇവ പ്രഖ്യാപിക്കാനാണ് എളുപ്പമെന്നും ഈ ലക്ഷ്യങ്ങൾ ഇനിയും അംഗീകാരം നേടേണ്ടതും ബഹുമാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതുമാണെന്ന കാര്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു എന്നതും മോൺ. ഗല്ലാഗെർ വ്യക്തമാക്കി. ശരിയായ മനുഷ്യാവകാശ സംരക്ഷണം അതെവിടെനിന്നു വരുന്നു എന്ന അടിസ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അവകാശത്തെ സാർവ്വലൗകീക മൂല്യങ്ങളിൽ നിന്ന് വേർപിരിച്ച് അമൂർത്തമായി കണ്ടാൽ  അതിന്റെ അസ്തിത്വം തന്നെ നഷ്ടമാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരം ഒരു നിർഭാഗ്യ സംഭവമാണ് മനുഷ്യാവകാശ കമ്മിറ്റിയുടെ പൊതു വ്യാഖ്യാനത്തിന്റെ 36 ആം ഖണ്ഡികയിൽ മനുഷ്യ ജീവനെയും അന്തസ്സിനെയും സംരക്ഷിഷിക്കുന്നതിന് പകരം ആത്മഹത്യയെ സഹായിക്കുകയും ഗർഭസ്ഥ ശിശുക്കളുടെ ജീവൻ അവസാനിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ദുർവ്യാഖ്യാനങ്ങൾക്കിടനൽകുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളിൽ മുതിർന്നവരും, കുടിയേറ്റക്കാരും, അഭയാർത്ഥികളും, തദ്ദേശവാസികളും, ആഭ്യന്തരമായി മാറ്റിപ്പാർപ്പിക്കപ്പെട്ടവരും, കുട്ടികളും ക്രമാതീതമായി ക്ലേശിപ്പിക്കപ്പെടുന്നതും അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതും മോൺ. റിച്ചാർഡ് ഗാല്ലെഗെർ ഓർമ്മിപ്പിച്ചു. ഈ അവസരത്തിൽ ചിന്തയ്ക്കും മനസ്സാക്ഷിക്കും മതത്തിനും നൽകേണ്ട സ്വാതന്ത്ര്യവും മനുഷ്യന്റെ അന്തസ്സിന്റെ ഹൃദയമാണെന്നും അതിന്റെ അടിയന്തരാവസ്ഥയും അദ്ദേഹം എടുത്തു പറഞ്ഞു.വിവിധ പ്രതിസന്ധികളെ ഫലപ്രദമായി നേരിടാൻ ഭിന്നതകളെ മറികടക്കണമെന്നും അതിന് പരിശുദ്ധ പിതാവിന്റെ ചാക്രീക ലേഖനമായ ഫ്രത്തേല്ലി തൂത്തി ഏറ്റം പ്രസക്തമാണെന്നും ഓരോ മനുഷ്യ വ്യക്തിയുടേയും അന്തസ്സ് അംഗീകരിക്കുന്നത് വഴി സാർവ്വലൗകീക സാഹോദര്യത്തിന്റെ പുനർജനനത്തിന് സംഭാവന നൽകാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി,  ബഹുസ്വരതയെ ആഗോള ഉത്തരവാദിത്വത്തിന്റെ പുതിയ പ്രകടനമാക്കാനും, നീതിയിൽ അടിസ്ഥാനമായ ഐക്യമത്യവും മനുഷ്യകുടുംബത്തിൽ സമാധാനവും ഐക്യവും നേടിയെടുക്കാനുള്ള അവസരവുമാക്കുക എന്നതാണ് ദൈവത്തിന്റെ പദ്ധതി എന്നും ഇതിനായി പരിശുദ്ധസംഹാസനം തുടർന്നും സഹകരിക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2021, 14:05