തിരയുക

ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ  

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം

വത്തിക്കാന്‍റെ പ്രതിനിധി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ...

- ഫാദർ വില്യം  നെല്ലിക്കൽ 

1. യു.എൻ. മനുഷ്യാവകാശ കൗൺസിൽ
മനുഷ്യാവകാശത്തിന്‍റെ മൂല്യങ്ങൾ കാലക്രമത്തിൽ ചോർന്നുപോകുന്നുണ്ടെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങൾക്കായുള്ള സെക്രട്ടറി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ പ്രസ്താവിച്ചു. ഫെബ്രുവരി 24 ബുധനാഴ്ച യൂഎന്നിന്‍റെ ന്യൂയോർക്ക് ആസ്ഥാനത്തു ചേർന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 46-ാമത് സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കോവിഡ്-19 മഹാവ്യാധി ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അത് വൻതോതിലും ആഗോളതലത്തിലും ജീവനഷ്ടം വരുത്തിയെന്നും, സാമ്പത്തിക, സാമൂഹിക, ആരോഗ്യ സംവിധാനങ്ങളെയും മനുഷ്യാവകാശത്തിന്‍റെ മേഖലയെയും കീഴ്മേൽ മറിച്ചിട്ടുണ്ടെന്ന് ആർച്ചുബിഷപ്പ്ഗ്യാലഹർ ആമുഖമായി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശം ആഗോളതലത്തിൽ സംരക്ഷിക്കുവാനും വളർത്തുവാനുമുള്ള സാദ്ധ്യതകൾ ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്നതിനാൽ ശരിയായ രീതിയിൽ അത് പുനരാവിഷ്ക്കരിക്കണമെങ്കിൽ ഒരു ആഗോളസമൂഹമെന്ന നിലയിൽ നാം അതിന്‍റെ അടിത്തറമുതൽ എല്ലാം പുനർപരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2. പ്രഖ്യാപിച്ചിട്ടുള്ളവ പാലിക്കേണ്ടവയാണ്
സ്വാതന്ത്ര്യത്തിനും നീതിക്കും സമാധാനത്തിനുമുള്ള അനിഷേധ്യമായ അവകാശമാണ് മാനവകുടുംബത്തിന്‍റെ അന്തസ്സിന് ആധാരമെന്നത് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ മുഖവുരയാണെന്ന് ആർച്ചുബിഷപ്പ് പ്രസ്താവിച്ചു. അതുപോലെ അടിസ്ഥാന മനുഷ്യാവകാശത്തിലുള്ള വിശ്വാസവും, സകല സ്ത്രീ-പുരുഷന്മാർക്കും, വലുതും ചെറുതുമായ രാഷ്ട്രങ്ങൾക്കുള്ള  തുല്യാന്തസ്സും ഐക്യരാഷ്ട്ര സഭ അടിവരയിട്ടു പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന രണ്ടു വസ്തുതയും ആർച്ചുബിഷപ്പ് ഗ്യാലഹർ സന്ദേശത്തിൽ എടുത്തുപറഞ്ഞു. മനുഷ്യാന്തസ്സിന്‍റേയും അവകാശത്തിന്‍റേയും മേഖലയിലെ ശ്രേഷ്ഠമായ ആദർശങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവയാണെങ്കിലും അവ പാലിക്കുന്നതിൽ മാനവസമൂഹം പിന്നോട്ടു പോയിരിക്കുകയാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. അവ്യക്തമായി മനുഷ്യാവകാശത്തിന്‍റെ മൂല്യങ്ങളെ കൈകാര്യം ചെയ്യുന്നവർ എന്നും നിലനില്കുന്നുണ്ട്. ഇത്തരക്കാർ മൗലികമായ മൂല്യങ്ങളെ നിഷേധിക്കുകയും, വഴിതെറ്റി മുന്നോട്ടു പോവുകയും ശരിയായ അടിത്തറയില്ലാത്ത നവമായ അവകാശങ്ങളുടെ രൂപരേഖകൾ സമൂഹത്തിൽ രുപപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ആർച്ചുബിഷപ്പ് ഗ്യാലഹർ പരാതിപ്പെട്ടു.

3. മനുഷ്യജീവനെ സംബന്ധിച്ച ഉദാഹരണം
 ആർച്ചുബിഷപ്പ് ഗ്യാലഹർ തുർന്ന് ജീവനെക്കുറിച്ച് ഉദാഹരിച്ചു.  എന്നും എവിടെയും പരിരക്ഷിക്കേണ്ട അടിസ്ഥാന മൂല്യം ജീവന്‍റേതാണെന്നും, ജീവൻ എന്നും എവിടെയും സംരക്ഷിക്കപ്പെടേണ്ടതാണെന്നും എക്കാലത്തും മനുഷ്യകുലം പറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ജീവൻ അതിന്‍റെ വിവിധ തലങ്ങളിൽ സംരക്ഷിക്കപ്പെടാതെ പോവുകയും അടിസ്ഥാന അവകാശങ്ങളുടെ നിഷേധമായി മാറുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭ്രൂണഹത്യ, കാരുണ്യവധം, വധശിക്ഷ, വയോജനങ്ങളോടുള്ള അവജ്ഞ എന്നിവയിൽ ജീവന്‍റേയും അതിന്‍റെ മൗലിക അവകാശങ്ങളുടേയും നിഷേധവുമാണ് കാണുന്നതെന്ന് അദ്ദേഹം സമർത്ഥിച്ചു.   കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിവേചനമില്ലാതെ ജീവൻ എവിടെയും സംരക്ഷിക്കപ്പെടേണ്ടതും പരിചരിക്കപ്പെടേണ്ടതുമാണെന്ന് ആർച്ചുബിഷപ്പ് ഗ്യാലഹർ അനുസ്മരിപ്പിച്ചു. കോവിഡു ബാധയ്ക്ക് എതിരായ കുത്തിവയ്പ് വിവേചനമില്ലാതെ സാധാരണക്കാർക്കും പാവങ്ങൾക്കും ലഭ്യമാകുന്ന വിധത്തിലും സമയപരിധിയിലും വിതരണംചെയ്യേണ്ടതിന്‍റെ ആവശ്യകതയും ആർച്ചുബിഷപ്പ് ഗാല്യഹർ  സന്ദേശത്തിൽ  വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2021, 14:48