തിരയുക

പാപ്പായെ സ്വീകരിക്കാൻ ബാഗ്ദാദ് നഗരം... പാപ്പായെ സ്വീകരിക്കാൻ ബാഗ്ദാദ് നഗരം... 

മുറിവേറ്റ ഇറാഖിനു സാന്ത്വനമായി പാപ്പായുടെ ഇടയസന്ദർശനം

മാർച്ച 5, വെള്ളിയാഴ്ച 4 ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി പാപ്പാ ഫ്രാൻസിസ് ബാഗ്ദാദിൽ വിമാനമിറങ്ങും.

- ഫാദർ വില്യം  നെല്ലിക്കൽ 

1. പുരാതന നാഗരികതയുടെ
സ്പന്ദനം അറിഞ്ഞ ഇടയസന്ദർശനം

യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതട സംസ്കാരത്തിന്‍റേയും ബാബിലോണിയൻ നാഗരികതയുടേയും പൈതൃകംപേറുന്ന ഇറാഖിൽ നാലുദിവസം നീളുന്ന അപ്പസ്തോലിക ദൗത്യവുമായി പാപ്പാ ഫ്രാൻസിസ് മാർച്ച് 5-ന്  തലസ്ഥാന നഗരമായി ബാഗ്ദാദിൽ എത്തും. ബാഗ്ദാദ്, അബ്രീൽ, മൊസൂൾ, നജാഫ് എന്നീ പുരാതന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അഞ്ചുദിവസങ്ങൾ നീളുന്ന പ്രേഷിതയാത്ര. ഭീകരപ്രവർത്തനങ്ങളാലും വംശീയ സംഘർഷങ്ങളാലും കഷ്ടതയനുഭവിക്കുന്ന ഇറാഖിലെ ജനതയ്ക്കു സമാധാനവും സാന്ത്വനവും കൈവരുത്തുവാനുള്ള ശ്രമങ്ങൾക്ക് പാപ്പാ ഫ്രാൻസിസിന്‍റെ സന്ദർശനം സഹായകമാകുമെന്ന് വത്തിക്കാൻ പ്രത്യാശിക്കുന്നു.

2. അറ്റുപോകുന്ന ഇറാഖി ക്രൈസ്തവർ
ജനുവരി 25-ന് വത്തിക്കാനിലെത്തി പാപ്പാ ഫ്രാൻസിസുമായി നേർക്കാഴ്ച നടത്തിയ ഇറാഖി പ്രസിഡന്‍റ്, ബർഹാം സലേം  പാപ്പായുടെ സന്ദർശനത്തെ സംബന്ധിച്ച ഒരുക്കങ്ങൾ നാട്ടിൽ പൂർത്തിയാകുന്നതായി അറിയിച്ചു.

രാജ്യത്തെ പുരാതന ക്രൈസ്തവരുടെ സാന്നിദ്ധ്യം സംരക്ഷിക്കുക, അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, ഇറാഖിന്‍റെ ഭാവിയിൽ അവർക്ക് പങ്കുണ്ടായിരിക്കുക എന്നിവ പാപ്പാ ഫ്രാൻസിസിന്‍റെ ലക്ഷ്യങ്ങളായി രാഷ്ട്രം കണക്കാക്കുന്നുണ്ടെന്ന് അദ്ദേഹം സന്ദർശനത്തിനിടെ പ്രസ്താവിച്ചതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി അറിയിച്ചു.

3. സദ്ദാം ഹുസ്സൈനുശേഷം
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാഖിലെ ക്രൈസ്തവരുടെ ആകെയുള്ള സാന്നിദ്ധ്യം ഏറെ കുറഞ്ഞതായിട്ടാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.  2003-ൽ സദ്ദാം ഹുസ്സൈനെ തുരത്താനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി അധിനിവേശ കാലത്ത് ക്രൈസ്തവർ 14-ലക്ഷത്തിൽ അധികമായിരുന്നു (1.4 million). അതിനെ തുടർന്ന് 2014-2017 കാലയളവിലുണ്ടായ ഇസ്ലാമിക രാഷ്ട്രത്തിനായി നടന്ന നീണ്ടകാല യുദ്ധവും, നിനിവെ താഴ്വാരം ഇസ്ലാമിക സേന കൈയ്യടക്കിയ സംഭവവും കഴിഞ്ഞപ്പോൾ ആയിരക്കണക്കിനു ക്രൈസ്തവരാണ് സ്വന്തമായതെല്ലാം നഷ്ടപ്പെട്ടു പുറംതള്ളപ്പെട്ടത്. തുടർന്നുള്ള കണക്കു വെളിപ്പെടുത്തിയത്  ഇറാഖിലെ ക്രൈസ്തവരുടെ സാന്നിദ്ധ്യം നാലുലക്ഷത്തിൽ താഴെയാണെന്നായിരുന്നു (c. 400,000). ഇറാഖി ഭരണകർത്താക്കൾ പുറംതള്ളപ്പെട്ടവരെ എന്നും നാട്ടിലേയ്ക്ക് ക്ഷണിക്കുകയും പുനരധിവസിപ്പിക്കുവാൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

4. മുറിപ്പെട്ട ഇറാഖ്
നീണ്ടകാലമായി ഇറാഖി ഭരണത്തിന് ശാപമായി വന്ന സാമ്പത്തിക പ്രതിസന്ധി, അഴിമതി എന്നിവ മൂലം രാജ്യാതിർത്തിയിൽത്തന്നെ പരിത്യക്തരായി അലഞ്ഞുതിരിയേണ്ടി വരികയും,  ഇന്നും ക്യാമ്പുകളിൽ വസിക്കേണ്ടി വരികയും ചെയ്യുന്നത്  17 ലക്ഷത്തിൽ അധികം (1.7 million) ഇറാഖികളാണ്.  ചരിത്രമുറങ്ങുന്ന  മണ്ണിൽ സാമ്പത്തിക ക്ലേശങ്ങളിലും ദാരിദ്ര്യത്തിലും ജീവിക്കുന്നത് 40 ലക്ഷത്തിൽ അധികം ഇറാഖി ജനങ്ങളും, അവരിൽ പകുതിയോളവും, അതായത് 20 ലക്ഷത്തോളവും ദുർബലരായവർ കുട്ടികളാണെന്ന് യുഎന്നിന്‍റെ ഏറ്റവും അടുത്തകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നതായി പ്രസ്താവ വെളിപ്പെടുത്തി.

5. ക്ലേശങ്ങളിൽ  ഒരു സാന്ത്വനയാത്ര
കോവിഡ്-19 മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെ 3-കോടി 80-ലക്ഷത്തിൽ (c. 4 million) അധികം വരുന്ന ഇറാഖി ജനതയുടെ ജീവിതം അതീവ ക്ലേശത്തിൽ ആഴ്ന്നിരിക്കുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. അങ്ങനെ ദീർഘകാലമായി യാതനകളിലും വേദനയിലും വെന്തുനീറുന്ന ജനതയ്ക്ക് പാപ്പാ ഫ്രാൻസിസിന്‍റെ സന്ദർശനം നവമായ പ്രത്യാശയാണെന്ന് ഫെബ്രുവരി 16-ന് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.

 

23 February 2021, 12:31