തിരയുക

സുഡാനിലെ ഇടയന്മാർ സുഡാനിലെ ഇടയന്മാർ 

“കരുതലിന്‍റെ സംസ്‌കാര”ത്തിനുവേണ്ട സാമൂഹിക തത്വങ്ങൾ

ഈ വർഷത്തെ ലോക സമാധാനദിന സന്ദേശത്തിൽ “കരുതലിന്‍റെ സംസ്കാര”ത്തെക്കുറിച്ച് (culture of care) പാപ്പാ ഫ്രാൻസിസ് നല്കുന്ന ചിന്തകൾ :

- ഫാദർ വില്യം നെല്ലിക്കൽ 

1. യേശു പഠിപ്പിച്ച കരുതലിന്‍റെ സംസ്‌കാരം
ആദിമസഭ അനുഷ്ഠിച്ചിരുന്ന ഉപവി പ്രവര്‍ത്തനങ്ങളുടെ മര്‍മ്മം ആത്മീയവും ഭൗതികവുമായ കരുണയില്‍ അധിഷ്ഠിതമായിരുന്നു. തങ്ങളിൽ  ഓരോരുത്തര്‍ക്കും അരിഷ്ടത ഉണ്ടാകാതിരിക്കാന്‍ ക്രിസ്ത്യാനികളുടെ ആദ്യതലമുറ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പരസ്പരം പങ്കുവച്ചു ജീവിച്ചു (നടപടി 4:34-35). തങ്ങളുടെ കുടുംബങ്ങൾ ആവശ്യക്കാരോട് കരുതല്‍ കാണിക്കാന്‍ തയ്യാറാകുകയും, അവരെ സ്വാഗതംചെയ്യുകയും ചെയ്യുന്ന ഭവനങ്ങളാക്കി മാറ്റാന്‍ അവര്‍ ഏറെ കഷ്ടപ്പെട്ടു. കപ്പല്‍ഛേദം പോലുള്ള അത്യാഹിതങ്ങളുടെ ഇരകള്‍ക്കും, വയസ്സായവര്‍ക്കും, അനാഥര്‍ക്കും കരുതലേകുവാനും, മരിച്ചവരെ അടക്കുവാനും, പാവങ്ങളെ പോറ്റുവാനും സഹായം നല്‍കുന്നത് അവര്‍ ഒരു ശീലമാക്കിയിരുന്നു. പില്‍ക്കാലത്ത് ക്രിസ്ത്യാനികളുടെ ഉദാര മനസ്‌കതയ്ക്ക് ആദ്യകാലത്തെ ഉത്സാഹം നഷ്ടമായപ്പോള്‍ സമ്പത്ത് പൊതുനന്മ ഉദ്ദേശിച്ച് ദൈവം നല്‍കിയതാണെന്ന് സഭാപിതാക്കന്മാര്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു.

വിശുദ്ധ അംബ്രോസിനെ സംബന്ധിച്ചിടത്തോളം, ''ക്രൈസ്തവ ഉപവി ശക്തിപ്പെടുത്തുവാന്‍ നൂതന ശ്രമങ്ങള്‍ വേണമെന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്'' എന്നായിരുന്നു. പ്രായോഗികമായ കാരുണ്യ പ്രവൃത്തികളുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.  പാവങ്ങള്‍ക്കിടയിലുള്ള സഭയുടെ പ്രവര്‍ത്തനം ക്രിസ്തു കാണിച്ചു തന്ന വലിയ കരുതലിന്‍റെ സംഘടിതമായ അടയാളങ്ങളാണെന്നു പറയാം. എല്ലാ മാനുഷിക ആവശ്യങ്ങള്‍ക്കും സഹായകമായ നിരവധി സ്ഥാപനങ്ങള്‍ അക്കാലത്ത് ഉടലെടുത്തു : ആശുപത്രികള്‍, അനാഥാലയങ്ങള്‍, അഭയകേന്ദ്രങ്ങള്‍, സഞ്ചാരികള്‍ക്കുള്ള സത്രങ്ങൾ തുടങ്ങിയവ.

2. കരുതലിന്‍റെ സംസ്‌കാരത്തിന് അടിത്തറയായ
സഭയുടെ സാമൂഹിക തത്വങ്ങള്‍

നൂറ്റാണ്ടുകളായി സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ടതും, അനവധി ഉജ്ജ്വലരായ വിശ്വാസസാക്ഷികളുടെ ഉപവി പ്രവര്‍ത്തനങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെട്ടതുമായ ഉത്ഭവകാല പ്രമാണങ്ങള്‍ സഭയുടെ സാമൂഹിക വീക്ഷണത്തിന്‍റെ ഹൃദയസ്പന്ദനമായി മാറിയിട്ടുണ്ട്. കരുതലിന്‍റെ ''വ്യാകരണ''മായി പ്രവര്‍ത്തിക്കേണ്ടുന്ന തത്വങ്ങളുടേയും മാനദണ്ഡങ്ങളുടേയും അമൂല്യമായ പൈതൃകം സന്മനസ്സുള്ള എല്ലാ ആളുകള്‍ക്കും ഒരു മാര്‍ഗ്ഗദര്‍ശിയാണ്. ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സ് കാത്തുപാലിക്കാനുള്ള പ്രതിബദ്ധത, ദുര്‍ബലരും പാവങ്ങളുമായവരോടുള്ള ഐക്യദാര്‍ഢ്യം, പൊതുനന്മ ലാക്കാക്കി സൃഷ്ടിയെ സംരക്ഷിക്കാനുള്ള ഉത്സാഹം എന്നിവയാണ് ഈ അടിസ്ഥാന പ്രമാണങ്ങള്‍.

ക്രിസ്തുമതത്തില്‍നിന്ന് ഉത്ഭവിക്കുകയും വികസിക്കുകയും ചെയ്ത വ്യക്തി എന്ന പരികല്‍പനയെ സമ്പൂര്‍ണ്ണ മാനവിക വികസനമായി വളര്‍ത്തേണ്ടതുണ്ട്. വ്യക്തി എന്നത് എല്ലായ്‌പ്പോഴും ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്, അല്ലാതെ വ്യക്തിവാദത്തെയല്ല; മറിച്ച് അത് ഉള്‍ക്കൊള്ളലിനെയാണ് അടിയുറപ്പിക്കുന്നത്. പുറന്തള്ളലിനെയല്ല, ഉല്‍കൃഷ്ടവും ലംഘിക്കപ്പെടാനാവാത്തതുമായ അന്തസ്സിനെയാണ്, ചൂഷണത്തെയല്ല പ്രോത്സാഹിപ്പിക്കുന്നത്. ഓരോ വ്യക്തിയും അവനിലോ അവളിലോ സമ്പൂര്‍ണ്ണമാകുന്ന ഒരു ലക്ഷ്യമാണ്, അല്ലാതെ അവരുടെ അപയോഗ്യതയെ അളന്ന് വിലയിരുത്തപ്പെടേണ്ട ഒരു മാര്‍ഗമല്ല. അന്തസ്സില്‍ സമതയുള്ള സമൂഹങ്ങളിലും കുടുംബങ്ങളിലും ഒരുമിച്ചു ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് വ്യക്തികള്‍. മാനുഷിക കര്‍ത്തവ്യങ്ങള്‍ എന്നതുപോലെ തന്നെ അവന്‍റെയും അവളുടെയും അന്തസ്സില്‍നിന്നാണ് മനുഷ്യാവകാശങ്ങൾ ഉടലെടുക്കുന്നത്. പാവങ്ങളേയും രോഗികളേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും, സ്ഥലകാലങ്ങളില്‍ അവർ ദൂരെയായാലും സമീപത്തായാലും നമ്മുടെ അയല്‍ക്കാരാണ് അവർ എന്ന നിലയില്‍ സ്വാഗതംചെയ്യുവാനും സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

a) പൊതുനന്മയ്ക്കായുള്ള കരുതല്‍
പൊതുനന്മയുടെ സേവനത്തിനായി പ്രതിഷ്ഠിക്കുമ്പോഴാണ് സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ ജീവിതം അതിന്‍റെ ഓരോ തലത്തിലും പൂര്‍ണ്ണത കൈവരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ''സംഘങ്ങളായും വ്യക്തികളായും സാമൂഹിക സാഹചര്യങ്ങളുടെ ആകത്തുകയാണ് നമ്മുടെ ജീവിതലക്ഷ്യം സുഗമമായും സമ്പൂര്‍ണ്ണമായും നിറവേറ്റാന്‍ അനുവദിക്കുന്നത്. തല്‍ഫലമായി നമ്മുടെ പദ്ധതികളും ആസൂത്രണങ്ങളും സമസ്ത മാനവ കുടുംബത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും, അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഇന്നത്തെയും വരാനിരിക്കുന്ന തലമുറകളെയും ബാധിക്കുമോയെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു. ഈ വസ്തുതയുടെ കാലിക പ്രസക്തിയും സത്യവും കോവിഡ് 19 മഹാമാരി നമുക്ക് കാണിച്ചുതന്നു. ദിശാബോധമില്ലാതെ ബലഹീനരായി നാമെല്ലാം ഒരേ വഞ്ചിയിലാണെന്നും അതേ സമയംതന്നെ നാം ഒരുമിച്ചു തുഴയാന്‍ വിധിക്കപ്പെട്ടവരാണെന്നും കഴിവുള്ളവരാണെന്നും ബോധ്യമാകണം. ആര്‍ക്കുംതന്നെ ഒറ്റയ്ക്ക് രക്ഷപ്രാപിക്കാനാവില്ലെന്നും, ഒറ്റയ്ക്കുനിന്ന് ഒരു രാഷ്ട്രത്തിനും അതിന്‍റെ ജനതയുടെ പൊതുനന്മ ഉറപ്പാക്കാനാവില്ലെന്നും, നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ മഹാമാരി തെളിയിച്ചു കഴിഞ്ഞു.

b) ഐക്യദാര്‍ഢ്യത്തിലൂടെയുള്ള കരുതല്‍
അപരനോടുള്ള നമ്മുടെ സ്‌നേഹം സമൂര്‍ത്തമായി പ്രകടമാക്കുന്നതാണ് ഐക്യദാര്‍ഢ്യം. അത് അവ്യക്തമായ ഒരു വികാരമല്ല, മറിച്ച് പൊതുനന്മയ്ക്കായി സ്വയം സമര്‍പ്പിക്കുവാനുള്ള ദൃഢനിശ്ചയവും സ്ഥിതപ്രജ്ഞയുമാണ്. എല്ലാറ്റിനും നാമെല്ലാവരും ഉത്തരവാദികളായതു കാരണം, ഓരോ വ്യക്തിയുടേയും  എല്ലാവരുടേയും നന്മയ്ക്കായി പ്രവര്‍ത്തിക്കുകയാണ് കരണീയം. സകലരോടും പരിഗണനയുള്ളവരായി ജീവിക്കാൻ ഐക്യദാര്‍ഢ്യം നമ്മെ സഹായിക്കുന്നു. വ്യക്തികളായാലും ജനതകളായാലും രാഷ്ട്രങ്ങളായാലും, പരസ്പരമുള്ള പ്രയോജനം അവസാനിക്കുമ്പോള്‍ ഉപേക്ഷിക്കേണ്ടവരല്ലെന്നും, നാമെല്ലാം സഹയാത്രികരും കൂട്ടാളികളുമാണ്. മാത്രമല്ല, അവസാനം ദൈവം തുല്യതയോടെ ക്ഷണിച്ചിട്ടുള്ള ജീവിതവിരുന്ന് ഒരുമിച്ച് ആസ്വദിക്കേണ്ടവരാണെന്ന് മനസ്സിലാക്കണമെന്നും പാപ്പാ താക്കീതുനല്കുന്നു.

c) സൃഷ്ടിയുടെ സംരക്ഷണവും കരുതലും
സൃഷ്ടിയുടെ പരസ്പര ബന്ധത്തെക്കുറിച്ച് പൂര്‍ണ്ണമായ അവബോധം പ്രകടമാക്കുന്ന ചാക്രിക ലേഖനമാണ് ''അങ്ങേക്ക് സ്തുതിയായിരിക്കട്ടെ.'' പാവങ്ങളുടെ നിലവിളി ശ്രവിക്കുകയും, അതോടൊപ്പം തന്നെ സൃഷ്ടിയുടെ നിലവിളിക്ക് കാതോര്‍ക്കുകയും വേണമെന്ന് അതില്‍ എടുത്തുകാട്ടുന്നുണ്ട്. നമ്മുടെ പരിഗണന ആവശ്യമുള്ള സഹോദരീ സഹോദരന്മാരുടേയും, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനവും ഫലപ്രദമാക്കാന്‍ ശ്രദ്ധയോടേയും നിരന്തരമായും പരിശ്രമിക്കാൻ പരിസ്ഥിതിയോടും  അതിലെ സഹോദരങ്ങളോടുമുള്ള കരുതൽ സാധ്യമാക്കും.

''നമ്മോടൊപ്പമുള്ള മനുഷ്യജീവികളോട് ആര്‍ദ്രതയും കരുണാവായ്പും നമ്മുടെ ഹൃദയങ്ങളില്‍ ഇല്ലെങ്കില്‍ നമുക്കു ചുറ്റുമുള്ള പ്രകൃതിയുമായി ആഴത്തില്‍ വിലയം പ്രാപിക്കുന്നതിന്‍റെ സായൂജ്യം യാഥാര്‍ത്ഥ്യമാവുകയില്ലെ''ന്ന് ഒരിക്കല്‍കൂടി ഇവിടെ ഞാന്‍ ചൂണ്ടിക്കാട്ടുന്നു. ''സമാധാനവും നീതിയും സൃഷ്ടിയുടെ പരിപാലനവും സ്വതവേ പരസ്പര ബന്ധിതമായ മൂന്ന് പ്രശ്‌നങ്ങളാണ്. അവയെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനായി വേര്‍പെടുത്തുന്നതിലൂടെ നാം ന്യൂനീകരണത്തില്‍ വീഴാതെ നോക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 February 2021, 08:51