തിരയുക

സാന്ത്വനമായി... സാന്ത്വനമായി... 

മുന്‍പാപ്പാ ബെനഡിക്ട് പ്രതിരോധ കുത്തിവയ്പ് എടുത്തു

ക്ഷീണിതനെങ്കിലും പാപ്പാ പ്രസന്നവദനനെന്ന് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ജാന്‍സ്വെയിന്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

വത്തിക്കാന്‍ തോട്ടത്തിലെ “മാത്തര്‍ എക്ലേസിയേ” ഭവനം
ജനുവരി 14, വ്യാഴാഴ്ച രാവിലെയാണ് വത്തിക്കാനിലെ “മാത്തര്‍ എക്ലേസിയേ” (Mater Eclesiae) ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്ന 93-വയസ്സുകാരന്‍ പാപ്പാ പ്രതിരോധകുത്തിവയ്പ് എടുത്തതെന്ന് പാപ്പായുടെ സെക്രട്ടറിയും, പേപ്പല്‍ വസതിയുടെ പ്രീഫെക്ടുമായ ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ജാന്‍സ്വെയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പാപ്പാ റാത്സിങ്കറിന്‍റെ ക്ഷേമം
പാപ്പാ ബെനഡിക്ട് ക്ഷീണിതനായി കാണപ്പെടുന്നുവെങ്കിലും പ്രസന്നവദനനാണെന്ന് ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയില്‍ സാക്ഷ്യപ്പെടുത്തി. “വാക്കറി”ല്‍ സ്വന്തമായി അധികം ചുവടുകള്‍ വെയ്ക്കുവാന്‍ കെല്പില്ലാത്തതിനാല്‍ നീക്കങ്ങള്‍ “വീല്‍ചെയ്റി”ലാണെന്ന് അദ്ദേഹം വിശദീകരിച്ചു. രാവിലെ കസേരയില്‍ ഇരുന്നുകൊണ്ട് തനിക്കൊപ്പം ദിവ്യബലിയര്‍പ്പിക്കുകയും ഒരുമിച്ച് ഭക്ഷണംകഴിക്കുകയും, ടി.വി. കാണുകയുമെല്ലാം ചെയ്യാറുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. വൈകുന്നേരം തണുപ്പാണെങ്കിലും വത്തിക്കാന്‍ തോട്ടത്തില്‍ കുറച്ചുസമയം വീല്‍ചെയറില്‍ സഞ്ചരിക്കുന്നത് ഇഷ്ടമാണെന്ന് ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയില്‍ എടുത്തുപറഞ്ഞു. കൂടുതല്‍ സമയവും കിടന്നുവിശ്രമക്കുന്നതും പതിവായിട്ടുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

സഹോദരനില്ലാത്ത ക്രിസ്തുമസ്
തന്‍റെ സഹോദരനില്ലാത്ത ആദ്യക്രിസ്തുമസായിരുന്നു 2020-ലേതെന്ന് പാപ്പാ ബെനഡിക്ട് ഓര്‍ത്തുപറഞ്ഞത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിന്‍ പ്രസ്താവിച്ചു. തന്‍റെ സഹോദരന്‍ മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് റാത്സിങ്കര്‍ നയിച്ച ഗായക സംഘത്തിന്‍റെ സി.‍‍ഡി.യിലെ ക്രിസ്തുമസ്ഗീതങ്ങള്‍ അന്നു നീണ്ടസമയം കേള്‍ക്കുവാന്‍ സമയം കണ്ടെത്തിയെന്നും, എല്ലാവര്‍ഷവും ക്രിസ്തുമസ് ആഘോഷിക്കാന്‍ ജ്വേഷ്ഠന്‍റെ പക്കല്‍ വരുന്നത്, ജൂലൈ 1, 2020-ല്‍ മരണമടഞ്ഞ സംഗീതജ്ഞനായ ഫാദര്‍ ജോര്‍ജ്ജ് റാത്സിങ്കറിന്‍റെ പതിവായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. നല്ല ഓര്‍മ്മകളുടെ നിറവില്‍ ശാന്തനായി ജീവിക്കുന്ന പാപ്പാ റാത്സിങ്കര്‍ ആര്‍ക്കും പ്രചോദനവും ആത്മീയ ശക്തിയുമാണെന്ന് ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2021, 15:22