തിരയുക

മോൺസിഞ്ഞോർ യാനുസ് ഉർബാൻചിക്ക് (Monsignor Janusz Urbańczyk),  യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ (OSCE-  Organization for Security and Co-operation in Europe ) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ യാനുസ് ഉർബാൻചിക്ക് (Monsignor Janusz Urbańczyk), യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ (OSCE- Organization for Security and Co-operation in Europe ) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിൽ സ്ത്രീകളുടെ പങ്ക് സുപ്രധാനം!

സമാധാനവും നീതിയും സംജാതമാക്കുന്നതിന് പരസ്പരധാരണയോടെ ഏറ്റെടുത്തിട്ടുള്ള ദൗത്യങ്ങൾ നിറവേറ്റാൻ ഒ എസ് സി ഇ യിലെ അംഗരാഷ്ട്രങ്ങൾക്ക് മോൺസിഞ്ഞോർ ഉർബാൻചിക്ക് പ്രചോദനം പകരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഘർഷങ്ങൾക്കറുതിവരുത്തുന്നതിനുള്ള ഉപാധികൾ സംഭാഷണവും അന്താരാഷ്ട്ര നിയമത്തോടുള്ള ആദരവും ആണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി മോൺസിഞ്ഞോർ യാനുസ് ഉർബാൻചിക്ക് (Monsignor Janusz Urbańczyk).

യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ (OSCE-Organization for Security and Co-operation in Europe) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനും ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയിൽ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും വത്തിക്കാൻറെ പ്രതിനിധിയും ആയ  അദ്ദേഹം വ്യാഴാഴ്ച (14/01/21) ഒ എസ് സി ഇ യുടെ സ്ഥിരസമതിയുടെ പ്രത്യേക സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു.

സമാധാനവും നീതിയും സംജാതമാക്കുന്നതിന് പരസ്പരധാരണയോടെ ഏറ്റെടുത്തിട്ടുള്ള ദൗത്യങ്ങൾ നിറവേറ്റാൻ ഒ എസ് സി ഇ യിലെ അംഗരാഷ്ട്രങ്ങൾക്ക് പോളണ്ടുകാരനായ മോൺസിഞ്ഞോർ ഉർബാൻചിക്ക് പ്രചോദനം പകർന്നു. 

പരസ്പരാശ്രയത്വവും മാനവകുടുംബം മുഴുവൻറെയും കൂട്ടുത്തരവാദിത്വവും സവിശേഷതയായുള്ള ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള സഹകരണത്തിൻറെ ആഗോള നൈതികതയിൽ (ethics) അടിത്തറയിട്ടാൽ മാത്രമെ യഥാർത്ഥവും സ്ഥായിയുമായ ഒരു സമാധാനം സാധ്യമാകുകയുള്ളുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിൽ സ്ത്രീകളുടെ പങ്ക് പരിപോഷിപ്പിക്കേണ്ടതിൻറെ ആവശ്യകതയും മോൺസിഞ്ഞോർ ഉർബാൻചിക്ക് എടുത്തുകാട്ടി.

എല്ലാതലങ്ങളിലും സംഘർഷങ്ങൾ തടയുന്നതിലും പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും യുദ്ധാനന്തര പുനർനിർമ്മിതിയിലും മഹിളകളുടെ പങ്ക് പരിപോഷിപ്പിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചുള്ള ബോധ്യം പരിശുദ്ധസിംഹാസനത്തിനുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇന്ന് ലോകത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്ന കോവിദ് 19 മഹാമാരിയെക്കുറിച്ച് പരാമാർശിച്ച മോൺസിഞ്ഞോർ ഉർബാൻചിക്ക് ഈ രോഗം ആഗോളതലത്തിലുയർത്തുന്ന ഭീഷണിയെ പൊതുകർമ്മപദ്ധതിയിലൂടെ നേരിടാൻ ഒ എസ് സി ഇ യിലെ അംഗരാഷ്ട്രങ്ങളെ ഓർമ്മിപ്പിച്ചു.

ഈ ഒരു വർഷക്കാലം ഈ സംഘടനയുടെ സാരഥ്യം വഹിക്കുന്ന സ്വീഡൻറെ വിദേശകാര്യ മന്ത്രി ശ്രീമതി ആൻ ക്രിസ്റ്റ്യൻ ലിൻറെയ്ക്ക് അദ്ദേഹം പരിശുദ്ധസിംഹാസനത്തിൻറെ നാമത്തിൽ സ്വാഗതമോതുകയും അഭിനന്ദനങ്ങളേകുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2021, 15:53