തിരയുക

അപ്പസ്തോലിക അരമനയിലെ ത്രികാല പ്രാര്‍ത്ഥനാവേദി... അപ്പസ്തോലിക അരമനയിലെ ത്രികാല പ്രാര്‍ത്ഥനാവേദി... 

ജീവിതാനന്ദത്തിന്‍റെ സ്രോതസ്സാകേണ്ട കുടുംബം

തിരുക്കുടുംബത്തിന്‍റെ മഹോത്സവത്തില്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥനാ സന്ദേശം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ത്രികാലപ്രാര്‍ത്ഥനാസന്ദേശം


മഹാമാരിയുടെ രണ്ടാം തിരയ്ക്കെതിരെയുള്ള മുന്‍കരുതലുകളോടെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിന്‍റെ ഞായറാഴ്ചകളില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥനാ സന്ദേശം ഓണ്‍ലൈനില്‍ അപ്പസ്തോലിക അരമനയില്‍നിന്നുമാണ് നടത്തിയത്. വത്തിക്കാനിലെ ചത്വരത്തില്‍ വളരെകുറച്ചു പേര്‍ ഭീമന്‍ സ്ക്രീനുകള്‍ക്കു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പാപ്പായുടെ സന്ദേശത്തിനു കാതോര്‍ത്തു. ക്രിത്യം 12 മണിക്ക് പതിവുപോലെ അപ്പസ്തോലിക അരമനയുടെ ഗ്രന്ഥാലയത്തിലെ വേദിയില്‍ വന്ന് പാപ്പാ പ്രഭാഷണം ആരംഭിച്ചു.

1. ഒരു മാതൃകാകുടുംബം
ക്രിസ്തുമസ് മഹോത്സവം കഴിഞ്ഞ് ഏതാനും ദിവസങ്ങളില്‍ ഇന്ന് സഭ ഉറ്റു നോക്കുന്നത് തിരുക്കുടുംബത്തിലേയ്ക്കാണ് – മേരിയും ജോസഫും ഉണ്ണിയേശുവും. ലോകത്തെ മറ്റേതു കുഞ്ഞിനെയുംപോലെ യേശുവും ഒരു കുടുംബത്തിലാണ് താഴ്മയില്‍ പിറന്നുവീണത്. അങ്ങനെ നസ്രത്തിലെ കുടുംബം യേശുവിന്‍റെ കുടുംബവും, അത് മാതൃകാ കുടുംബവുമാണ്.  അതു ലോകത്തുള്ള സകല കുടുംബങ്ങള്‍ക്കും ഉറപ്പായ അടയാളവും തീവ്രമായ പ്രചോദനവുമാണ്. നസ്രത്തില്‍ പരിശുദ്ധാത്മാവിനാല്‍ കന്യാകാമറിയം ഗര്‍ഭസ്ഥയായ നിമിഷംമുതലാണ് ദൈവപുത്രന്‍റെ ജീവിതത്തിന്‍റെ വസന്തം വിരിഞ്ഞത്. നസ്രത്തിലെ‍ ലാളിത്യമാര്‍ന്ന ഭവനത്തിന്‍റെ ഭിത്തിക്കുള്ളില്‍ യേശുവിന്‍റെ ശൈശവം മറിയത്തിന്‍റെ മാതൃപരിചരണയില്‍ സസന്തോഷം പൂര്‍ത്തിയായി. ഇവിടെ യേശു ദൈവപിതാവിന്‍റെ സ്നേഹത്തിനും പരിലാളനയ്ക്കും പാത്രീഭൂതനായി.

2. ആനന്ദം തരേണ്ട കുടുംബം
കുടുംബം എന്ന സാമൂഹിക ഘടകത്തിന്‍റെ പ്രബോധനപരമായ മൂല്യം എന്തെന്ന് തിരുക്കുടുംബത്തെ അനുകരിച്ചുകൊണ്ടു മനസ്സിലാക്കുവാന്‍ ഈ തിരുനാള്‍ നമ്മെ ഏവരെയും ക്ഷണിക്കുന്നു. എപ്പോഴും പരസ്പര ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്ന പ്രത്യാശയുടെ ചക്രവാളം തുറക്കുന്നതിന് സ്നേഹത്തിന്‍റെ അടിത്തറ ഇതിനാവശ്യമാണ്. പ്രാര്‍ത്ഥിക്കുന്ന കുടുംബം അനുദിന ജീവിതത്തില്‍ യഥാര്‍ത്ഥവും പരിശുദ്ധവുമായ കൂട്ടായ്മ അനുഭവിക്കുന്നു. കലഹങ്ങളുണ്ടാകുമ്പോള്‍ ക്ഷമിക്കാന്‍ അവര്‍ക്കു കരുത്തു ലഭിക്കുന്നു. അവിടെ ജീവിതത്തിന്‍റെ പരുക്കന്‍ ഭാവങ്ങള്‍ പരസ്പര സ്നേഹത്താലും ദൈവഹിതത്തോടുള്ള ആത്മാര്‍ത്ഥമായ വിധേയത്വംവഴിയും അലിഞ്ഞുപോകുന്നു. ഇപ്രകാരം സന്താപത്തിനു പകരം സന്തോഷം പങ്കുവയ്ക്കാന്‍ കഴിയുന്ന എല്ലാവര്‍ക്കും ദൈവം തരുന്ന യഥാര്‍ത്ഥമായ ആനന്ദം തുറുന്നുതരുന്നത് കുടുംബമാണ്. മറ്റുള്ളവര്‍ക്കായി നന്മചെയ്യുവാനും അപരനെ സ്നേഹിക്കുവാനും, നവവും മെച്ചപ്പെട്ടതുമായൊരു ലോകം കെട്ടിപ്പടുക്കുവാനുമുള്ള ആത്മീയ ഊര്‍ജ്ജം ഒരു വ്യക്തിക്കു ലഭിക്കുന്നത് നല്ല കുടുംബത്തില്‍നിന്നാണ്. അങ്ങനെയുള്ള വ്യക്തി കണിശമായും സുനിശ്ചിതമായും നന്മയുടെ സ്രോതസ്സായി മാറുന്നു. കുടുംബം സുവിശേഷത്തിനു സാക്ഷ്യംവഹിക്കുന്നത് ജീവിത മാതൃകകൊണ്ടാണ്.

3. കുടുംബങ്ങളില്‍ പാലിക്കേണ്ട മൂന്നു കാര്യങ്ങള്‍
കുടുംബങ്ങളില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്. ചിലപ്പോള്‍ കുടുംബാംഗങ്ങള്‍ പരസ്പരം കലഹിക്കുന്നു. വീട്ടില്‍ കലഹമാണെന്ന് അവര്‍ പറയും, തങ്ങള്‍ ബലഹീനരായ മനുഷ്യരാണെന്നു മനസ്സിലാക്കണമെന്നും അവര്‍ പറയും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, രമ്യതപ്പെടാതെയും സമാധാനപ്പെടാതെയും ആ ദിവസം അവസാനിപ്പിക്കരുതെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. കാരണം രമ്യതപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസവും അതൊരു ശീതയുദ്ധമായി കുടുംബത്തില്‍ നിലനിലക്കും, തുടരുമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

പ്രതിവിധിയായി പാപ്പാ കൂട്ടിച്ചേര്‍ത്തത്, അനുവാദം ചോദിക്കുക, ക്ഷമയാചിക്കുക, നന്ദിപറയുക എന്നീ മൂന്നു കാര്യങ്ങളാണ്. മാന്യതയുള്ളതും സാധാരണവുമായ ഈ പ്രയോഗങ്ങള്‍വഴി നാം അനാവശ്യമായി പ്രശ്നങ്ങളിലേയ്ക്ക് തുളച്ചുകയറുന്ന രീതിക്ക് ശമനംവരുമെന്നും പാപ്പാ വിശദീകരിച്ചു. നന്ദിപറയുക, എന്തെല്ലാം കാര്യങ്ങളാണ് ഒരു കുടുംബത്തില്‍ നാം ചെയ്തുകൂട്ടുന്നത്. എപ്പോഴും പരസ്പരം നന്ദിപറയണം. നന്ദിയുടെ വികാരം നന്മയുള്ള വ്യക്തിയുടെ രക്തത്തിന്‍റെ അംശംപോലെയാണെന്നു പാപ്പാ വിശദീകരിച്ചു.
അതുപോലെ നാം തെറ്റുചെയ്യുന്നു. ഒരാളെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വേദനിപ്പിക്കുന്നു. എന്നാല്‍ തന്നോടു ക്ഷമിക്കണം എന്നു പറയുവാനുള്ള സന്മനസ്സു കാട്ടണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍, അനുവാദം ചോദിക്കുക, ക്ഷമയാചിക്കുക, നന്ദിപറയുക എന്നീ മൂന്നു കാര്യങ്ങള്‍ മറക്കരുതെന്ന് പാപ്പാ ആവര്‍ത്തിച്ചു. ഒരു കുടുംബാന്തരീക്ഷത്തില്‍ അനിവാര്യമായ മൂന്നു കാര്യങ്ങളാണിവയെന്നും പാപ്പാ സമര്‍ത്ഥിച്ചു.

4. സുവിശേഷവത്ക്കരണത്തിന്‍റെ സ്രോതസ്സ് കുടുംബം
കുടുംബങ്ങള്‍ സുവിശേഷവത്ക്കരണത്തിനുള്ള സ്രോതസ്സാണെന്നാണ്  തിരുക്കുടുംബത്തിന്‍റെ തിരുനാള്‍ പഠിപ്പിക്കുന്നത്. 2021 മാര്‍ച്ച് 19-ന് 5- Ɔο വാര്‍ഷികം വന്നുചേരുന്ന “സ്നേഹത്തിന്‍റെ ആനന്ദം” Amoris Laetitia എന്ന അപ്പസ്തോലിക പ്രബോധനം വൈവാഹിക സ്നേഹത്തെയും കുടുംബസ്നേഹത്തെയും കുറിച്ച് ഉദ്ബോധിപ്പിക്കുന്നു. 2021 മാര്‍ച്ചില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളോടെ ആരംഭിക്കുന്ന കുടുംബങ്ങളുടെ വര്‍ഷം, അല്ലെങ്കില്‍ തിരുക്കുടുംബത്തെ മാതൃകയാക്കുവാനുള്ള ഒരു വര്‍ഷം താന്‍ ഉടനെ പ്രഖ്യാപിക്കുമെന്ന് പാപ്പാ വെളിപ്പെടുത്തി.

5. കുടുംബങ്ങളുടെ വര്‍ഷാചരണം
കുടുംബങ്ങളെ ഊട്ടിയുറപ്പിക്കുവാനും, Amoris Laetitia സ്നേഹത്തിന്‍റെ ആനന്ദം എന്ന സഭാപ്രബോധനത്തിലെ നന്മകള്‍ കുടുംബങ്ങളി‍ല്‍ പകര്‍ത്തുവാനും ഈ പ്രത്യേക വര്‍ഷാചരണം അവസരമൊരുക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു (2021 മാര്‍ച്ച് 19- ജൂണ്‍ 2022). അല്‍മായര്‍, കുടുംബങ്ങള്‍, ജീവന്‍ എന്നിവയുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമായിരിക്കും കുടുംബങ്ങളുടെ വര്‍ഷത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍പിടിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

ലോകമെമ്പാടുമുള്ള കുടുംബങ്ങളുടെ ഒരു യാത്രയായി സംഘടിപ്പിക്കുന്ന  വര്‍ഷാചരണത്തെ തിരുക്കുടുംബത്തിനു സമര്‍പ്പിക്കാം, പ്രത്യേകിച്ച് തിരുക്കുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനു സമര്‍പ്പിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  തിരുക്കുടുംബത്തിന്‍റ സവിശേഷാദര്‍ശങ്ങള്‍ നവമാനവികതയ്ക്കുള്ള പുളിമാവാകട്ടെയെന്നും, യഥാര്‍ത്ഥമായ ആഗോള ഐക്യദാര്‍ഢ്യം വളര്‍ത്തുവാന്‍ ഈ വര്‍ഷാചരണം സഹായകമാവട്ടെയെന്നും പാപ്പാ ആശംസിച്ചു. പ്രത്യേകിച്ച് തിരുക്കുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനു സമര്‍പ്പിക്കാനാവട്ടെയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2020, 14:00