അമലോത്ഭവം : രക്ഷാകര ചരിത്രത്തിലെ അത്ഭുതസംഭവം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പാപരഹിതയായ അമ്മ
അമലോത്ഭവത്തിരുനാള്‍ അനുസ്മരിക്കുന്നത് രക്ഷാകര ചരിത്രത്തിലെ ഒരു അത്ഭുത സംഭവമാണ്. നസ്രത്തിലെ മറിയം അനിതരസാധാരണമായ വിധത്തില്‍ വീണ്ടെടുക്കപ്പെട്ടു. കാരണം തന്‍റെ തിരുക്കുമാരന്‍ ഉത്ഭവം മുതല്‍ക്കേ പാപത്തിന്‍റെ ഒരു ലാഞ്ജനപോലും ഏല്ക്കരുതെന്ന് ദൈവം ആഗ്രഹിച്ചു. അതിനാല്‍ ഭൗമിക ജീവിതത്തില്‍ ഉടനീളം മറിയം പാപത്തില്‍നിന്നും മോചിതയായി ജീവിച്ചു. പാപക്കറയില്‍നിന്നു മറിയം പൂര്‍ണ്ണ മോചിതയായിരുന്നു. അവള്‍ കൃപനിറഞ്ഞവളായിരുന്നു (ലൂക്ക 1, 28). പാപത്തില്‍നിന്നും വിമുക്തയായിരിക്കുവോളവും മറിയം പരിശുദ്ധാത്മാവിനു പ്രിയപ്പെട്ടവളുമായിരുന്നെന്ന് പാപ്പാ വചനാധിഷ്ഠിതമായി ചൂണ്ടിക്കാട്ടി.
2. ജീവിതപൂര്‍ണ്ണതയ്ക്കുള്ള വിളി
പൗലോസ് അപ്പസ്തോലന്‍ എഫേസിയക്കാര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ പ്രാരംഭഗീതം ഓര്‍പ്പിക്കുന്നതുപോലെ നസ്രത്തിലെ മറിയം ജീവിച്ചതുപോലുള്ളൊരു വിശുദ്ധിയുടെ പൂര്‍ണ്ണതയ്ക്കായി ഓരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (എഫേസൂസ് 1, 3-6, 11-12). ദൈവം നമുക്കു നല്കിയിരിക്കുന്ന ജീവിതവിളിയും അന്തസ്സും ഒരു ദാനമാണ്. പാപക്കറയില്ലാതെ ജീവിക്കുവാന്‍ ദൈവം നമ്മെ ഭൂമിയുടെ സ്ഥാപനം മുതല്‍ക്കേ തെരഞ്ഞെടുത്തുവെന്ന് അപ്പസ്തോലന്‍ രേഖപ്പെടുത്തുന്നു (4). ക്രിസ്തുവില്‍ സമ്പൂര്‍ണ്ണമായും പാപവിമുക്തരായും ജീവിക്കുവാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. മറിയം തന്‍റെ ഉത്ഭവം മുതല്ക്കേ വിശുദ്ധിയില്‍ ജനിച്ചു വളര്‍ന്നുവന്നു. അതുപോലെ നിത്യത പുല്‍കുവോളം കൃപയുടെ പൂര്‍ണ്ണിമയ്ക്കായ് നാമും പ്രത്യാശയോടെ പരിശ്രമിക്കുകയും ജീവിക്കുകയും വേണമെന്ന് അമലോത്ഭവത്തിരുനാളിന്‍റെ പ്രസക്തി ഊന്നിപ്പറഞ്ഞുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.
3. ക്രിസ്തുവില്‍ സംലബ്ധമാകുന്ന രക്ഷ
ജീവതത്തിന്‍റെ ആരംഭം മുതല്‍ക്കേ മറിയത്തിനു ലഭിച്ച കൃപയുടെ പൂര്‍ണ്ണിമ ഏവര്‍ക്കും ലഭിക്കുന്നത് ക്രിസ്തു തരുന്നതും ശുദ്ധിചെയ്യുന്നതുമായ കൃപാവരത്തിന്‍റെ അഭിഷേകത്തിലൂടെയാണ്. എല്ലാ വിശുദ്ധാത്മാക്കളും നടന്ന ജീവിതവഴി ഇതുതന്നെയാണ്. ഏറെ നിഷ്ക്കളങ്കരായവര്‍പോലും ഉത്ഭവ പാപക്കറ പുരണ്ടവരായിരുന്നു. അവര്‍ അതിന്‍റെ പ്രത്യാഘാതങ്ങളോടു മല്ലടിച്ചാണു ജീവിച്ചത്. ജീവനിലേയ്ക്കുള്ള ഇടുങ്ങിയ വാതിലിലൂടെ നടന്നവരാണ് ജീവിതവിശുദ്ധി പ്രാപിച്ചവര്‍ (ലൂക്ക 13, 24).
ക്രിസ്തുവിനോടൊപ്പം കുരിശില്‍ തറയ്ക്കപ്പെട്ടവരില്‍ ആദ്യം രക്ഷപ്പെട്ടത് ഒരു തെമ്മാടിയായിരുന്നുവെന്ന് നമുക്ക് അറിയാം. “യേശുവേ, അങ്ങേ രാജ്യത്തില്‍ എന്നെയും ഓര്‍ക്കണമേ…”എന്ന് അയാള്‍ മനംതുറന്നു പ്രാര്‍ത്ഥിച്ചു. നീ ഇന്ന് എന്‍റെ കൂടെ പറുദീസായില്‍ ആയിരിക്കും, എന്നായിരുന്നു കുരിശില്‍ കിടന്നുകൊണ്ട് അവിടുന്നു നല്കിയ മറുപടി. ദൈവം അവിടുത്തെ കൃപ എല്ലാവര്‍ക്കുമായി നീട്ടിത്തരുന്നു. എന്നാല്‍ ഈ ഭുമിയിലെ ഒട്ടനവധി പാപികള്‍ നീതിമാന്മാരെക്കാള്‍ അധികമായി ദൈവരാജ്യത്തില്‍ പ്രവേശിക്കുമെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചിട്ടുള്ളത് പാപ്പാ അനുസ്മരിപ്പിച്ചു (മര്‍ക്കോസ് 10, 31).
4. നന്മയിലേയ്ക്കു തിരിയുവാനുള്ള അവസരങ്ങള്‍
ജീവിതത്തെ നവീകരിക്കുവാന്‍ ദൈവം തരുന്ന അവസരങ്ങള്‍ ഒരിക്കലും പാഴാക്കരുത്. നമുക്കു മനുഷ്യരെ കബളിപ്പിക്കാം, എന്നാല്‍ ഒരിക്കലും ദൈവത്തെ കബളിപ്പിക്കാനാവില്ല. ജീവിതയാത്രയിലെ ഈ നിമിഷത്തിന്‍റെ നേട്ടങ്ങള്‍ മുതലെടുക്കുവാന്‍ പരിശ്രമിക്കാം. ഇത് ഇന്നിന്‍റെ ക്രൈസ്തവ ശൈലിയാണ്. ഇന്നുതന്നെ തിന്മയെ ചെറുക്കുന്നതും ദൈവത്തിനായി സമ്മതം നല്കുന്നതുമായ ശൈലിയാണിത്. മാനസാന്തരത്തിന്‍റെ വഴി ഇന്ന് ഇവിടെ തുടങ്ങുക എന്നാണ് അതിന് അര്‍ത്ഥം. അനുരഞ്ജനത്തിന്‍റെ കൂദാശയിലൂടെ ദൈവത്തില്‍നിന്നും മാപ്പു യാചിക്കാം. മറ്റുള്ളവരോടു ചെയ്ത അപരാധങ്ങള്‍ക്കു മാപ്പു യാചിക്കാം.
ദൈവം തുറന്നു തരുന്ന വിശുദ്ധിയുടെയും അമലോത്ഭവത്തിന്‍റെയും പാതയില്‍ ചരിക്കുവാന്‍ ഈ തിരുനാള്‍ സഹായിക്കട്ടെയെന്ന് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണം ഉപസംഹരിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുകയും അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു.