തിരയുക

ഫയല്‍ ചിത്രം - നവമായ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള ചിന്തകള്‍ ഫയല്‍ ചിത്രം - നവമായ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള ചിന്തകള്‍ 

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നവമായൊരു വിദ്യാഭ്യാസരീതി

എല്ലാവരെയും ആശ്ലേഷിക്കുന്ന നവമായൊരു ആഗോള വിദ്യാഭ്യാസ ഉടമ്പടിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

വിശുദ്ധ കലസാന്‍സയുടെ സന്ന്യാസ  സമൂഹത്തോട്
വിശുദ്ധ ജോസഫ് കലസാന്‍സയുടെ വിനീതദാസരുടെ മേല്‍നോട്ടത്തിലുള്ള സ്കൂളുകളുടെ (the Poor Clerics Regular of Mother of God of Pious Schools) ആഗോള സമൂഹത്തിന്‍റെ മേലധികാരി, ഫാദര്‍ അഗ്വാദോ ക്വെസ്തയ്ക്ക് നവംബര്‍ 12-Ɔο തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ലോകമെമ്പാടുമുള്ള ഈ സന്ന്യാസ സമൂഹത്തിന്‍റെ സ്കൂളുകള്‍ സംഘടിപ്പിക്കുന്ന നവമായ വിദ്യാഭ്യാസ ഉടമ്പടിയെ (The Global Compact on Education) സംബന്ധിച്ച ഓണ്‍ലൈന്‍ സമ്മേളനത്തിന് ആമുഖമായിട്ടാണ് പാപ്പാ വത്തിക്കാനില്‍നിന്നും റോമിലെ സഭാകേന്ദ്രത്തിലേയ്ക്ക് സന്ദേശം അയച്ചത്.

നവമായ ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ പ്രധാനപ്പെട്ട 7 സമര്‍പ്പണ മേഖലയെ താന്‍ മൂന്നായി സംഗ്രഹിച്ച് അവതരിപ്പിക്കുകയാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

ആദ്യമായി
വിദ്യാഭ്യാസം വ്യക്തികേന്ദ്രീകൃതമായിരിക്കണം.
വ്യക്തിയുടെ മൂല്യം, അന്തസ്സ്, തനിമ, മനോഹാരിത, അന്യൂനത എന്നിവ വിദ്യാഭ്യാസ പരിസരത്ത് അംഗീകരിക്കേണ്ടതാണ്. ഒപ്പം ഇപ്രകാരം തനിമയുള്ള വ്യക്തികള്‍ക്ക്  മറ്റുള്ളവരുമായി ഇടപഴകുവാനും അങ്ങനെ ഒരുമിച്ചു വളരുവാന്‍ സഹായിക്കുന്നതുമാണ് ഈ നവമായ  വിദ്യാഭ്യാസ രീതിയെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

രണ്ടാമതായി
വ്യത്യസ്തരായ വ്യക്തികളെ, വിശിഷ്യാ വിദ്യാഭ്യാസത്തിന്‍റെ സ്വീകര്‍ത്താക്കളായ കുട്ടികളെയും യുവജനങ്ങളെയും ജാതിമത ഭേദമെന്യേ, പാവങ്ങളെന്നോ പണക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ ഉള്‍ക്കൊള്ളുവാന്‍ പോരുന്ന വിധത്തില്‍ എല്ലാ മേഖലകളിലും ആതിഥ്യ സ്വഭാവമുള്ളതായിരിക്കണം ഈ നവമായ വിദ്യാഭ്യാസരീതിയെന്ന് പാപ്പാ വിശദമാക്കി. ഇങ്ങനെയുള്ള സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സ്നേഹക്കൂട്ടായ്മയില്‍ മാത്രമേ സൃഷ്ടിയോടും അതിലെ ഓരോ ജീവജാലങ്ങളോടും ഓരോ മനുഷ്യനോടും ആദരവുള്ളൊരു സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കൂ എന്ന് പാപ്പാ വിശദീകരിച്ചു.

മൂന്നാമത്തെ നിര്‍ണ്ണായകമായ ഘടകം
കേള്‍ക്കുവാനുള്ള മനോഭാവമാണ്. വിദ്യാഭ്യാസ മേഖലയില്‍ ഓരോരുത്തരും അവരവരുടെ തനിമയുള്ള സ്ഥാനങ്ങളിലും ഉത്തരാവാദിത്വങ്ങളിലുംനിന്നുകൊണ്ട് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പൊതുഭവനമായ ഈ ഭൂമിയെ തങ്ങള്‍ക്കു ദൈവം നല്കിയ പൈതൃകാവകാശമായി കാണാനുള്ള ഒരു കാഴ്ചപ്പാടു വളര്‍ത്തിയെടുക്കുകയാണ്.  ഇതുവഴി മാനവകുടുംബത്തിനും അതിലെ ഓരോരുത്തര്‍ക്കും ഉപകാരപ്രദമാക്കുന്നതും അവരെ തുണയ്ക്കുന്നതുമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ശാസ്ത്രീയ കാഴ്ചപ്പാടു പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണിതെന്നും പാപ്പാ വ്യക്തമാക്കി.

വിശുദ്ധ കലസാന്‍സയുടെ നാമത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്ന്യസ്തര്‍ക്കും അല്‍മായ പ്രതിനിധികള്‍ക്കും ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ പഠനവും രാജ്യാന്തര കൂട്ടായ്മയുംവഴി അവരുടെ പക്കലെത്തുന്ന കു‌ട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പിന്‍തുണയാവട്ടെ സഭയുടെ നവമായ ഈ പദ്ധതിയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതേയെന്ന വിനയാന്വിതമായ അഭ്യര്‍ത്ഥനയോടെയുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

13 November 2020, 08:34