രൂപതയില്‍ സന്ന്യാസസമൂഹത്തിന്‍റെ സ്ഥാപനം സംബന്ധിച്ച പ്രബോധനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. രൂപതകളില്‍ സന്ന്യാസസമൂഹം സ്ഥാപിക്കാന്‍
രൂപതാതലത്തില്‍ സന്ന്യാസസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് വത്തിക്കാന്‍റെ അനുമതി അനിവാര്യമെന്ന്, സ്വാധികാര പ്രബോധനമായി പുറത്തുവന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക ലിഖിതം അനുശാസിക്കുന്നു. “യഥാര്‍ത്ഥമായ സിദ്ധി,” എന്ന് അര്‍ത്ഥം വരുന്ന (Authenticum Charismatis) പ്രബോധനം അനുസരിച്ച് സന്ന്യാസസമൂഹങ്ങളുടെയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ന്യാസ സ്ഥാപനങ്ങളുടെയും രൂപതാതലത്തിലുള്ള തുടക്കം വത്തിക്കാന്‍റെ രേഖീകൃതമായ മുന്‍അനുമതിയോടുകൂടെ മാത്രം ആയിരിക്കണമെന്ന് നവംബര്‍ 4, ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം വ്യക്തമാക്കുന്നുണ്ട്.
2. കാനോന നിയമത്തില്‍ ഭേദഗതി
ഇതിനായി നിലവിലുള്ള കാനോനിക നിയമം 579-ല്‍ പാപ്പാ ഭേദഗതി വരുത്തുകയുംചെയ്തിട്ടുണ്ട്. സന്ന്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മെത്രാന്മാര്‍ക്കു മുന്‍കാലത്തു നല്കിയിരുന്ന കനോന നിയമം 579-ന്‍റെ അനുമതി പുതിയ പ്രബോധനം അനുസരിച്ച് ഇല്ലാതാക്കുകയും, ഇനിമുതല്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പൂര്‍ണ്ണമായ അനുമതി നേടിയതിനുശേഷം മാത്രമായിക്കും സന്ന്യാസസ്ഥാപനങ്ങള്‍ രൂപതയില്‍ തുടങ്ങുന്നതിന് മെത്രാന്മാര്‍ക്കേ അനുമതിയുള്ളൂവെന്ന നിര്‍ദ്ദേശം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
3. സന്ന്യാസ വിളിയുടെ ആഗോളസ്വഭാവം
സന്ന്യാസ ജീവിതരീതിക്കുള്ള ഒരോ സിദ്ധിയും പ്രാദേശിക പരിധിയിലും ചുറ്റുപാടുകളിലും വളരുകയാണെങ്കിലും, സ്വഭാവത്തില്‍ അതിന് ഒരു സാര്‍വ്വലൗകികതയുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2014-ല്‍ സന്ന്യസ്തര്‍ക്കായി രചിച്ച അപ്പസ്തോലിക ലിഖിതത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ ഈ സ്വാധികാര പ്രബോധനത്തില്‍ സ്ഥിരപ്പെടുത്തുകയാണ്. സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള വിളി സഭയ്ക്കു ദൈവം നല്കുന്ന ദാനമാണ്. അതിനാല്‍ അത് ഒറ്റപ്പെട്ടതോ പാര്‍ശ്വവത്ക്കരിക്കപ്പെട്ടതോ ആയ ഒരു യാഥാര്‍ത്ഥ്യമല്ല, മറിച്ച് സഭയോട് ഗാഢമായി ബന്ധപ്പെട്ടതാണ്. ആഗോള സഭാദൗത്യത്തിന്‍റെ ഹൃദയത്തിലെ നിര്‍ണ്ണായകമായ ഘടകമായി അത് മാറുകയുമാണു ചെയ്യുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ഈ സംജ്ഞയില്‍ ഊന്നിക്കൊണ്ടാണ് ആഗോള സഭയുടെ നിലവിലുള്ള കാനോനനിയമം 579-ല്‍ പാപ്പാ ഫ്രാന്‍സിസ് സ്വാധികാര പ്രബോധനത്തിലൂടെ മാറ്റം വരുത്തുകയും സന്ന്യാസസമൂഹങ്ങള്‍ തുടങ്ങുന്നതിനുള്ള ആദ്യത്തേതും അടിസ്ഥാനപരവുമായ അനുമതി വത്തിക്കാനില്‍നിന്നും രേഖീകൃതമായി വാങ്ങേണ്ടതാണെന്ന് കാനോന നിയമത്തിന്‍റെ തിരുത്തെഴുത്ത് (Rescript) പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
4. കൗണ്‍സിലിന്‍റെ വീക്ഷണം
സന്ന്യാസ ജീവിതം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖ (perfectae Caritatis) ഉദ്ബോധിപ്പിക്കുന്നതുപോലെ, “ആത്മീയചൈതന്യവും ഊര്‍ജ്ജവുമില്ലാത്ത സ്ഥാപനങ്ങള്‍ വിവേകമില്ലാതെയും അലക്ഷ്യമായും സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന കൗണ്‍സിലിന്‍റെ പഠനം പാപ്പാ ഫ്രാന്‍സിസ് സ്വാധികാര പ്രബോധനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.