ലോക മത്സ്യബന്ധന ദിനത്തിന് ഒരു സന്ദേശം വത്തിക്കാനിൽ നിന്ന്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മത്സ്യബന്ധന മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളും പൂർണ്ണമായി സംരക്ഷിക്കുന്നതിനുള്ള പാത നീണ്ടതും ദുർഘടവുമായിത്തന്നെ അവശേഷിക്കുന്നുവെന്ന് കർദ്ദിനാൾ പീറ്റർ ക്വദ്വൊ അപ്പിയാ ടർക്സൺ (Cardinal. Peter Kodwo Appiah Turkson).
അനുവർഷം നവമ്പർ 21-ന് ലോക മീൻപിടുത്ത ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് വത്തിക്കാൻറെ സമഗ്രമാനവ വികസന വിഭാഗത്തിൻറെ മേധാവിയായ അദ്ദേഹം ഒപ്പിട്ടു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ആശങ്കയുള്ളത്.
മത്സ്യത്തൊഴിലാളികളുടെ അവസ്ഥ, പ്രത്യേകിച്ച്, കോവിദ് 19 മഹാമാരിയുടെ ഈ കാലയളവിൽ ഏറെ പരിതാപകരമാണെന്ന വസ്തുത സന്ദേശത്തിൽ കർദ്ദിനാൾ ടർക്സൺ അനുസ്മരിക്കുന്നുണ്ട്.
“ഐക്യദാർഢ്യം സേവനത്തിൽ മൂർത്തഭാവം കൈവരിക്കുന്നു”വെന്ന ഫ്രാൻസീസ് പാപ്പായുടെ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” ((Fratelli tutti)യിലെ വാക്കുകൾ അനുസ്മരിക്കുന്ന അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള യത്നങ്ങൾ നവീകരിക്കാൻ അന്താരാഷ്ട്ര സംഘടനകളോടും സർക്കാരുകളോടും അഭ്യർത്ഥിക്കുന്നു.
അഞ്ചുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം (59500000)ത്തോളം പേർക്കു തൊഴിൽ നല്കുന്ന ഒരു മേഖലയാണ് മത്സ്യബന്ധനമെന്ന് കർദ്ദിനാൾ ടർക്സൺ വെളിപ്പെടുത്തുന്നു.
ഈ മേഖലയിൽ ലോകത്തിൽ 85 ശതമാനം തൊഴിൽ ശക്തി പ്രദാനം ചെയ്യുന്നതും ഏഷ്യയാണെന്നും കണക്കുകൾ കാണിക്കുന്നു.
മത്സ്യത്തൊഴിലാളികളിൽ 50 ശതമാനം സ്ത്രീകളാണെന്ന വസ്തുത ശ്രദ്ധേയമാണ്.