തിരയുക

കുറ്റാരോപിതനായ മെക്കാറിക്ക് കുറ്റാരോപിതനായ മെക്കാറിക്ക്  

മുന്‍കര്‍ദ്ദിനാള്‍ മെക്കാറിക്കിന്‍റെ സന്മാര്‍ഗ്ഗച്യുതികള്‍

വാഷിങ്ടണ്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത തിയദോര്‍ എഡ്ഗര്‍ മെക്കാറിക്കിന്‍റെ ലൈംഗിക വിവാദങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ വെളിപ്പെടുത്തിയത്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സഭ നല്കിയ തിരുത്തല്‍ ശ്രമങ്ങള്‍
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റാണ് രേഖാപരമായും വസ്തുനിഷ്ഠമായും മുന്‍കര്‍ദ്ദിനാളിനെ സംബന്ധിച്ച ദുഃഖകരമായ സത്യങ്ങള്‍ വെളിപ്പെടുത്തിയത്. നവംബര്‍ 10-നാണ് വളരെ ദൈര്‍ഘ്യമുള്ള ഈ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. ലൈംഗികാരോപണങ്ങള്‍ക്ക് പ്രത്യേകിച്ച് ബാലപീഡനം, സ്വവര്‍ഗ്ഗ ലൈംഗികബന്ധങ്ങള്‍ എന്നിവയില്‍ കുടുങ്ങി  കര്‍ദ്ദിനാള്‍ പദവിയും പൗരോഹിത്യവും സഭാജീവിതവും നഷ്ടമായ അമേരിക്കന്‍ കര്‍ദ്ദിനാള്‍ മെക്കാറിക്കിന്‍റെ അജപാലന ജീവിതത്തില്‍ വന്ന വീഴ്ചകള്‍ എണ്ണിയെണ്ണി പറയുകയും വിവിധ സഭാദ്ധ്യക്ഷന്മാര്‍ പല ഘട്ടങ്ങളായി നല്കിയ ശാസനകളുടെയും തെറ്റുതിരുത്തല്‍ ശ്രമങ്ങളുടെയും സംവാദങ്ങളുടെയും രേഖകള്‍ ചേര്‍ത്തുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

2. വത്തിക്കാന്‍  സ്വീകരിച്ച നടപടികള്‍
75 വയസ്സെത്തി 2005-ല്‍ മെത്രാപ്പോലീത്ത സ്ഥാനം ഒഴിഞ്ഞശേഷമാണ് മെക്കാറിക്കിന് എതിരായ ആരോപണങ്ങള്‍ അമേരിക്കയില്‍ ഉയര്‍ന്നത്. കര്‍ദ്ദിനാള്‍ പദവിയില്‍ പിന്നെയും സ്വച്ഛന്ദം സഞ്ചരിച്ചിരുന്ന മെക്കാറിക്കിനെ ജോണ്‍ പോള്‍ 2-Ɔമന്‍ പാപ്പാ, മുന്‍പാപ്പാ ബെനഡിക്ട്, സര്‍വ്വോപരി പാപ്പാ ഫ്രാന്‍സിസ് എന്നിവര്‍ വത്തിക്കാനിലേയ്ക്ക് വിളിപ്പിച്ചും അല്ലാതെയും സമയാസമയങ്ങളില്‍ ശാസിക്കുകയും, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും, ശിക്ഷിക്കുകയും ചെയ്തിട്ടുള്ളത് പ്രസ്താവന രേഖകളോടെ വെളിപ്പെടുത്തുന്നുണ്ട്. പാപ്പാ ഫ്രാന്‍സിസ് സഭാഭരണം ഏറ്റെടുത്തതില്‍ പിന്നെയാണ് മുന്‍വാഷിങ്ടണ്‍ അതിരൂപതാദ്ധ്യന്‍റെ കുത്തഴിഞ്ഞ ലൈംഗിക ജീവചരിത്രം പഠിച്ചും മനസ്സിലാക്കിയും അദ്ദേഹത്തിന്‍റെ കര്‍ദ്ദിനാള്‍ പദവി ആദ്യവും, തുടര്‍ന്നു പൗരോഹിത്യവും ഇല്ലാതാക്കിയിട്ടുള്ളതെന്ന് പ്രസ്താവന  കൃത്യമായി രേഖീകരിക്കുന്നുണ്ട്. സ്ഥാനഭ്രഷ്ടനായ  മെക്കാറിക്ക് ഒരു അല്‍മായ പദവിയില്‍ മാത്രം അമേരിക്കയിലെ കിന്‍സാസിലുള്ള ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍  രഹസ്യമായി ജീവിക്കുകയാണ്. അദ്ദേഹത്തിന് ഇപ്പോള്‍ 90 വയസ്സുണ്ട്.

3. ഇടയ്ക്കു തലപൊക്കിയ കരുവാക്കല്‍ ശ്രമം
ഇതിനിടെ 2009-മുതല്‍ അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ്പ് മാരിയോ വിഗനോ മെക്കാറിക്കിന് എതിരായി വത്തിക്കാന്‍ എടുത്ത എല്ലാ നടപടിക്രമങ്ങളും നടപ്പിലാക്കാതെ നിസംഗഭാവം നടിച്ചതിന്‍റെ  തെളിവുകളും പ്രസ്താവന ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, 75-വയസ്സെത്തി വത്തിക്കാന്‍റെ നയതന്ത്ര പ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ച ഉടനെ ഇറ്റലിക്കാരനായ ആര്‍ച്ചുബിഷപ്പ് മാരിയൊ വിഗനോ, മക്കാറിക്കിനെയും ലൈംഗികപീഡകരെയും സംരക്ഷിക്കുന്ന സഭാദ്ധ്യക്ഷനാണ് പാപ്പാ ഫ്രാന്‍സിസെന്ന മാധ്യമ പ്രസ്താവന ഇറക്കി. മാത്രമല്ല ഇക്കാരണത്താല്‍ പാപ്പാ ഫ്രാന്‍ചേസ്കോ സ്ഥാനത്യാഗം ചെയ്യണമെന്നും മറ്റൊരു  പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.  2018-ല്‍ അയര്‍ലണ്ടില്‍ ആഗോള കത്തോലിക്ക  കുടുംബസംഗമത്തിന്‍റെ സമാപനദിനത്തിലാണ് പാപ്പാ ഫ്രാന്‍സിസ് സ്ഥാനമൊഴിഴയണം എന്ന മാധ്യമ പ്രസ്താനവ  പ്രചരിപ്പിച്ചത്.  വിചിത്രമായ ഈ ആരോപണം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടിയായിരുന്നെന്ന് വത്തിക്കാന്‍ റിപ്പോര്‍ട്ടില്‍  കാര്യകാരണ സഹിതവും,  ആര്‍ച്ചുബിഷപ്പ് വിഗനോയുടെ കുടിലതയുള്ള പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തിലു  വ്യക്തമാക്കുന്നുണ്ട്.

4. തെറ്റുകള്‍ എളിമയോടും ക്ഷമയോടുംകൂടെ സ്വീകരിക്കാം
സഭാശുശ്രൂഷകരുടെ ലൈംഗീകബന്ധങ്ങളുടെ കേസുകള്‍ കൈകാര്യംചെയ്യുന്നതിന് സഭാകോടതിയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘവും, പീഡനക്കേസ്സുകള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി ഒരു പ്രത്യേക കമ്മിഷനും നിലവിലുണ്ട്.  എന്നാല്‍  അജപാലന മേഖലയില്‍ സഭാശുശ്രൂഷകര്‍ ചെയ്യുന്ന ലൈംഗികക്രമക്കേടുകള്‍ തിരുത്തുവാനും, അവ സൂക്ഷ്മമായി  അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കുവാനും,  ഇരകളായവര്‍ക്ക് നീതി നടപ്പാക്കിക്കൊടുക്കുവാനും വേണ്ടി സഭ എടുന്ന നിലപാടും ശ്രമങ്ങളും വ്യക്തമാക്കുന്നതിനുകൂടിയാണ്  അമേരിക്കയില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ മെക്കാറിക്ക് കേസിനെ സംബന്ധിച്ച   റിപ്പോര്‍ട്ട് വിപുലമായി ഇറക്കിയിരിക്കുന്നത്.

മെക്കാറിക്കിനെ സംബന്ധിച്ച തുറന്നതും സുദീര്‍ഘവുമായ  റിപ്പോര്‍ട്ടില്‍  കഴിഞ്ഞുപോയ ദുഃഖകരമായ യാഥാര്‍ത്ഥ്യങ്ങള്‍ പുനരാവിഷ്ക്കരിക്കുന്ന അനുഭവം അരോചകമായി തോന്നാമെങ്കിലും, സഭാമക്കള്‍ ഈ റിപ്പോര്‍ട്ട് എളിമയോടും ക്ഷമയോടുംകൂടെ ഉള്‍ക്കൊള്ളണമെന്നാണ് വത്തിക്കാന്‍റെ നിര്‍ദ്ദേശം.  സഭാമക്കളായ  ചിലരുടെ ജീവിതത്തില്‍ സംഭവിക്കുന്ന  ഈ തെറ്റുകള്‍   ഇല്ലാതാക്കുവാനുള്ള  അമ്മയും അദ്ധാപികയുമായ സഭയുടെ  പതറാത്ത പരിശ്രമത്തിന്‍റെ തെളിവുകൂടിയാണ്  ഈ റിപ്പോര്‍ട്ട്.

5. പാപ്പാ ഫ്രാന്‍സിസിന്‍റെ അടിവര
2018-ല്‍ പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെട്ട വസ്തുനിഷ്ഠമായൊരു റിപ്പോര്‍ട്ടിനുള്ള അഭ്യര്‍ത്ഥനയില്‍ പറഞ്ഞ വാക്കുകളോടെ ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കാം. അവയവങ്ങളില്‍ ഒന്നു വേദനിക്കുമ്പോള്‍ ശരീരം മുഴുവന്‍ വേദനിക്കുന്നു (1കൊറി. 12, 26). വൈദികരുടെയോ സമര്‍പ്പിതരുടെയോ കൈകളില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ കുറച്ചുപേരുടെ വേദനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പൗലോശ്ലീഹായുടെ ഈ വാക്കുകളാണ് തന്‍റെ മനസ്സില്‍ പ്രതിധ്വനിക്കുന്നതെന്ന് പാപ്പാ അഭ്യര്‍ത്ഥനയില്‍ കുറിച്ചിരുന്നു. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായവര്‍ ഏല്ക്കുന്ന ആഴമായ മുറിവ് അവരുടെ കുടുംബങ്ങളിലേയ്ക്കും വലിയ വിശ്വാസ സമൂഹത്തിലേയ്ക്കും വ്യാപിക്കുകതന്നെ ചെയ്യും.

കഴിഞ്ഞതിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എത്ര മാപ്പു പറഞ്ഞാലും തീരുവാനോ തിരുത്തുവാനോ പറ്റാത്തവിധത്തിലുള്ള മനോവ്യഥയാണ് ഇരകളായവര്‍ അനുഭവിക്കുന്നത്. അതിനാല്‍  ഭാവിയിലേയ്ക്കു നോക്കുമ്പോള്‍ സഭാശുശ്രൂഷകരുടെ ലൈംഗിക അതിക്രമങ്ങള്‍  തുടരുവാനോ, അതു മൂടിവയ്ക്കുവാനോ  ഉള്ള ശ്രമങ്ങള്‍  തടയുവാനും സംഭവിക്കാതിരിക്കുവാനുമുള്ള കരുതലുകളുടെ ഭാഗമാണ് താന്‍ 2018-ല്‍  ആവശ്യപ്പെട്ട വസ്തുനിഷ്ഠവും വ്യക്തവുമായ  റിപ്പോര്‍ട്ടെന്ന്  പാപ്പാ രേഖപ്പെടുത്തുകയുണ്ടായി.  മാത്രമല്ല ആഗോളസാഭാദ്ധ്യക്ഷനായ പാപ്പാ ആരായിരുന്നാലും തുടര്‍ന്നും ഇത്തരം അസാന്മാര്‍ഗ്ഗിക പ്രവണതകളോട് സഭ സ്വീകരിക്കുന്ന നിലപാടിനും നടപടിക്രമങ്ങള്‍ക്കും മാതൃകയാവും റിപ്പോര്‍ട്ടെന്നും പാപ്പാ അഭ്യര്‍ത്ഥനയില്‍ വ്യക്തമാക്കിയിരുന്നു.

മെക്കാറിക്കിനെ സംബന്ധിച്ച റിപ്പോര്‍ട്ടിന്‍റെ  ഇംഗ്ലിഷ് പതിപ്പ് പൂര്‍ണ്ണരൂപം  ലിങ്ക് ചുവടെ ചേര്‍ക്കുന്നു:
http://www.vatican.va/resources/resources_rapporto-card-mccarrick_20201110_en.pdf
 

11 November 2020, 16:06