തിരയുക

Link webinar from Papal residence Santa Marta Link webinar from Papal residence Santa Marta 

മുറിപ്പെട്ട ലോകത്തിന് സാന്ത്വനമേകാന്‍ സ്ത്രീകള്‍ക്കാവും

സ്ത്രീകളുടെ കൂട്ടായ്മയ്ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ (Webinar) സന്ദേശത്തിലെ പ്രസക്തമായ ചിന്തകള്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വത്തിക്കാന്‍റെ സാംസ്ക്കാരിക വകുപ്പിലെ
സ്ത്രീകളുടെ ഉപദേശക സമിതിയോട്... 

സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലി‍ന്‍റെ ഉപദേശക സമിതി അംഗങ്ങളായ സ്ത്രീകളുടെ ‘വെബിനാറി’ന് (Webinar) ഒക്ടോബര്‍ 7-ന് നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. “സഭയുടെ പ്രബോധനങ്ങളെ ഉള്‍ക്കൊള്ളുന്ന സ്ത്രീകള്‍...” എന്ന ശീര്‍ഷകത്തില്‍ സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വനിത ഉപദേശസമിതി അംഗങ്ങളുടെ സംഗമത്തെയാണ് വെബ്-ലിങ്കി ലൂടെ പാപ്പാ അഭിസംബോധനചെയ്തത്. സുവിശേഷവത്ക്കരണം, സൃഷ്ടി, സാഹോദര്യം എന്നീ മൂന്നു വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുവിശേഷ സന്തോഷം (Evangelium Gaudium), അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ (Laudato Si’), വിശ്വസാഹോദര്യ പ്രഖ്യാപനം (Human Fraternity Declaration) എന്നിങ്ങനെയുള്ള പ്രബോധനങ്ങളുടെ സത്ത പ്രതിപാദ്യവിഷയമാക്കിയതില്‍ പാപ്പാ ആമുഖമായി സന്തോഷം പ്രകടിപ്പിച്ചു. 

2. മുറിപ്പെട്ട ലോകത്തിനു സാന്ത്വനം പകരാന്‍
ബുദ്ധിയും ആത്മീയതയും, ഐക്യവും വൈരുദ്ധ്യവും, സംഗീതവും ആരാധനക്രമവും... എന്നീ വിഷയങ്ങളെ സംയോജിപ്പിക്കുന്ന സ്ത്രീകളുടെ സംഗമം ആഗോള സൗഹൃദവും ആത്മവിശ്വാസവും വളര്‍ത്തുന്നതാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടുക എന്നതിനെക്കാള്‍  മുറിപ്പെട്ട ഇന്നത്തെ ലോകത്തു സമാധാനം വളര്‍ത്തുവാനും, സൗഖ്യവും നവജീവനും ആവശ്യമായ വിജ്ഞാനവും പകരുവാന്‍ അവര്‍ക്കു സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

3.  വേദനിക്കുന്നവര്‍ക്കു സമാശ്വാസമായ
മറിയത്തിന്‍റെ മാതൃക

രക്ഷാകര ചരിത്രത്തില്‍ ദൈവവചനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു ജീവിച്ചത് ഒരു സ്ത്രീയായിരുന്നെന്നും, തന്‍റെ കാലത്തിന്‍റെ ഇരുണ്ടയാമത്തില്‍ വിശ്വാസത്തിന്‍റെ വിളക്ക് കെട്ടുപോകാതെ തെളിയിക്കുവാന്‍ അവള്‍ ജാഗ്രതപുലര്‍ത്തുകയും  ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെയും, ഒപ്പം അവിടുത്തെ  പീഡകളുടെയും കുരിശുമരണത്തിന്‍റെയും രഹസ്യങ്ങള്‍ ഹൃദയത്തിലേറ്റിക്കൊണ്ട് പുനരുത്ഥാനംവരെ  ശിഷ്യന്മാര്‍ക്കൊപ്പം കാത്തിരുന്നതും ജീവിതത്തില്‍ നമുക്കു പ്രചോദനവും മാതൃകയുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അപരന്‍റെ ആവശ്യങ്ങളെക്കുറിച്ചു കേട്ടു മനസ്സിലാക്കുകയും അതില്‍ ശ്രദ്ധിക്കുകയും, നീതിയും സമാധാനവുമുള്ള ഒരു ഗാര്‍ഹിക അന്തരീക്ഷം വേദനക്കുന്നവര്‍ക്കു ലഭ്യമാക്കാന്‍ പരിശ്രമിക്കുകയും ചെയ്ത മറിയത്തിന്‍റെ മാതൃക സമ്മേളനത്തിനു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

09 October 2020, 13:38