തിരയുക

(ഫയല്‍ ചിത്രം)   2019-ലെ  നവകര്‍ദ്ദിനാളന്മാരുടെ  സ്ഥാനാരോഹണ ചടങ്ങില്‍നിന്ന്...  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ (ഫയല്‍ ചിത്രം) 2019-ലെ നവകര്‍ദ്ദിനാളന്മാരുടെ സ്ഥാനാരോഹണ ചടങ്ങില്‍നിന്ന്... വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ 

നിയുക്ത കര്‍ദ്ദിനാളന്മാര്‍ ലോകത്തിന്‍റെ നാലു ദിക്കുകളില്‍നിന്നും

ആഗോളസഭാ ശുശ്രൂഷയിലേയ്ക്ക് 13 കര്‍ദ്ദിനാളന്മാര്‍കൂടി - അവരുടെ ഹ്രസ്വ ജീവിതരേഖ താഴെ ചേര്‍ക്കുന്നു :

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

ഒക്ടോബര്‍ 25-Ɔο തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് 13 നവകര്‍ദ്ദിനാളന്മാരുടെ പേരുകള്‍ വെളിപ്പെടുത്തി. ഇവരെ വാഴിക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ കൂട്ടായ്മ (Consistory) നവംബര്‍ 28, ആഗമനകാലത്തിലെ പ്രഥമവാരത്തിന്‍റെ (Eve of First Sunday of Advent) സായാഹ്ന പ്രാര്‍ത്ഥനയില്‍ സംഗമിക്കുമെന്നും പാപ്പാ അറിയിച്ചു.

1. ബിഷപ്പ് മാരിയോ ഗ്രേഷ് (Bishop Mario Grech) – മാള്‍ട്ട സ്വദേശി, 63 വയസ്സ്
ഇപ്പോള്‍ വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്‍റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിക്കുന്നു.

1984-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അജപാലന പരിചയ സമ്പത്തുകൊണ്ടു ശ്രദ്ധേയനായി.
2006-ല്‍ മാള്‍ട്ടയില്‍ ഗോസോ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു.
2011-ല്‍ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ ആദ്യം മെത്രാന്മാരുടെ സിനഡിന്‍റെ പകരക്കാരനായും, തുടര്‍ന്ന് സെക്രട്ടറി ജനറലായും നിയോഗിച്ചു.

2. ബിഷപ്പ് മര്‍ചേലോ സെമെറാരോ (Bishop Marcello Semeraro) ഇറ്റലി സ്വദേശി,  73 വയസ്സ്. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവനാണ്.

1971-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ദൈവശാസ്ത്രത്തില്‍ ‍ഡോക്ടര്‍ ബിരുദധാരിയാണ്.
1994-ല്‍ ഇറ്റലിയിലെ ഓറിയായിലെ മെത്രാനായി.
2004-ല്‍ അല്‍ബാനോ രൂപതയുടെ മെത്രാന്‍ സ്ഥാനമേറ്റു.
2013-ല്‍ പാപ്പാ ഫ്രാന്‍സിസ് സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ (C9) സെക്രട്ടറിയായി നിയമിച്ചു.
2020- ഒക്ടോബറില്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടായും നിയമിതനായി.

3. ആര്‍ച്ചുബിഷപ്പ് ആന്‍റെണി കാമ്പന്താ (Archbishop Antony Kambanda) - ആഫ്രിക്കയിലെ റുവാണ്ട സ്വദേശി, 73 വയസ്സ്. അവിടെ കില്‍ഗാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായി സേവനംചെയ്യുന്നു.

1990-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
1994-ല്‍ റുവാണ്ടായിലെ ദേശീയ കലാപത്തില്‍ ഒരു സഹോദരന്‍ ഒഴികെ കുടുംബത്തില്‍ എല്ലാവരും കൊല്ലപ്പെട്ടു.
വൈദികനായിരിക്കെ വിദ്യാഭ്യാസം, അജപാലനം, സഭാഭരണം എന്നീ മേഖലകളില്‍ കാര്യക്ഷമമായ സേവനം കാഴ്ചവച്ചിട്ടുണ്ട്.
2006-ല്‍ കിബൂങ്കോയുടെ മെത്രാനായി.
2013-ല്‍ കില്‍ഗാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായി.

4. ആര്‍ച്ചുബിഷപ്പ് വില്‍ട്ടണ്‍ ഡാനിയേല്‍ ഗ്രിഗരി (Archbishop Wilton Daniel Gregory)
അമേരിക്ക സ്വദേശി, 73 വയസ്സ്. ഇപ്പോള്‍ വാഷിങ്ടണ്‍ ടി.സി.യുടെ മെത്രാപ്പോലീത്തയാണ്.

1973-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അജപാലന മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
1983-ല്‍ അമേരിക്കയില്‍ ഒലീവയുടെ മെത്രാനും ചിക്കാഗോ രൂപതയുടെ സഹായമെത്രാനുമായി നിയമിതനായി.
1994 ഈലിനോയിലെ (Illinois) ബെല്ലെവിലെ (Belleville)യിലെ മെത്രാനായി.
2004- അറ്റ്ലാന്‍റാ അതിരൂപതയുടെ മെത്രാപ്പോലീത്തയായി.
2019-ല്‍ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ  വാഷിങ്ടണ്‍ ഡി. സി.യുടെ മെത്രാപ്പോലീത്തയായി നിയമിച്ചു.

5. ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഫുയര്‍സേ അദ്വേങ്കുള (Archbishop Jose Fuerte Advincula) ഫിലിപ്പീന്‍സ് സ്വദേശി, 78 വയസ്സ്. കപീസ് അതിരൂപതാദ്ധ്യക്ഷന്‍.
1976-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

ഫിലിപ്പീന്‍സിലെ റോക്സാസ് സെമിനാരിയില്‍ വൈദികവിദ്യാര്‍ത്ഥികളുടെ ആത്മീയ ഗുരുവായി നിയമിതനായി. ദൈവശാസത്രത്തിലും കാനോന നിയമത്തിലും അദ്ദേഹം തുടര്‍ന്നു പഠിച്ച് ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.
1995-ല്‍ കപീസില്‍ വിശുദ്ധ പത്താം പിയൂസ് പാപ്പായുടെ നാമത്തിലുള്ള സെമിനാരിയുടെ റെക്ടറായി നിയമിതനായി. കപീസ് അതിരൂപതയുടെ നീതിക്കായുള്ള കമ്മിഷന്‍റെ പ്രസിഡന്‍റ്, ജുഡീഷ്യല്‍ വികാരി എന്നീ തസ്തികകളിലും തത്സമയം പ്രവര്‍ത്തിച്ചു.
1999-ല്‍ ദാവോയിലുള്ള സെന്‍റ് തോമസ് വില്ലനോവ ഇടവക വികാരിയായി സേവനം ആരംഭിച്ചു.
2001-ല്‍ സാന്‍ കാര്‍ളോ രൂപതയുടെ മെത്രാനായി നിയമിതനായി.
2011-ല്‍ കപീസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായും നിയമിതനായി.

6. ആര്‍ച്ചുബഷിപ്പ് ചെലസ്തീനോ അവോസ് ബ്രാകൊ (Archbishop Celestino Ao’s Braco, ofm., cap.) സ്പെയിന്‍ സ്വദേശി, 75 വയസ്സ്. തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ സാന്തിയാഗോ അതിരൂപതാദ്ധ്യക്ഷന്‍.

1964-ല്‍ ഫ്രാന്‍സിസ്ക്കന്‍ സഭയില്‍ ചേര്‍ന്നു.
1968-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അദ്ധ്യാപകനായും അജപാലകനായും സ്തുത്യര്‍ഹമായി സേവനംചെയ്തു.
1983-ല്‍ സ്പെയിനില്‍നിന്നും ചിലിയില്‍ എത്തി. ഇടവകസമൂഹങ്ങളിലെ അജപാലന ശുശ്രൂഷയിലും ഫ്രാന്‍സിസ്കന്‍ സഭാ സമൂഹത്തെ നയിക്കുന്നതിലും ശ്രദ്ധാലുവായി ജീവിച്ചു.
2014-ല്‍ കോപിയാപോ രൂപതയുടെ മെത്രാനായി.
2019-ല്‍ ആദ്യം സാന്തിയാഗോ രൂപതയുടെ അപ്പസ്തോലിക അധികാരിയായും തുടര്‍ന്ന് മെത്രാപ്പോലീത്തയായും നിയമിതനായി.

7. ബിഷപ്പ് കൊര്‍ണേലിയസ് സിം (Bishop Cornelius Sim) - തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണേയി സ്വദേശി 69 വയസ്സ്. ബ്രൂണേയിയിലെ അപ്പസ്തോലിക വികാരി.
1989-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അജപാലന ശുശ്രൂഷയില്‍ നിറഞ്ഞുനിന്ന ജീവിതം.
1995-ല്‍ ബ്രൂണേയിയുടെ വികാരി ജനറലായി.
1997-ല്‍ സഭാപ്രവിശ്യയുടെ അപ്പസ്തോലിക് പ്രീഫെക്ടായി.
2004-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ബ്രൂണേയിയെ അപ്പസ്തോലിക വികാരിയത്തായി ഉയര്‍ത്തി. മോണ്‍സീഞ്ഞോര്‍ കൊര്‍ണേലിയസ് സിം  പ്രഥമ അപ്പസ്തോലിക വികാരിയായി നിയമിതനായി.

8. ആര്‍ച്ചുബിഷപ്പ് അഗുസ്തോ പാവുളോ ലൊദീചെ (Archbishop Augusto Paolo Lojudice)
ഇറ്റലി സ്വദേശി 56 വയസ്സ്. ഇറ്റലിയിലെ സിയെന്നാ – കോളെ ദി വാള്‍ഡിയേല്‍സ മൊന്താള്‍ചീനോ അതിരൂപതയുടെ മെത്രാപ്പോലീത്ത.

1989-ല്‍ വൈദികനായി. റോമിലാണ് ജനിച്ചു വളര്‍ന്നത്.
അജപാലകന്‍, വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലകന്‍, കുടിയേറ്റക്കാരുടെ ശുശ്രൂഷകന്‍ എന്നീ മേഖലകളില്‍ ഏറെ അറിയപ്പെട്ട വ്യക്തിയാണ്. ദേശീയ മെത്രാന്‍ സമിതിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2015-ല്‍ റോമാരൂപതയുടെ സഹായമെത്രാനായി നിയമിതനായി.
2019-ലാണ് സിയെന്ന അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയുക്തനായത്.

9. ഫാദര്‍ മാവുരോ ഗമ്പേത്തി, കപ്പൂച്ചിന്‍ (Friar Mauro Gambetti) - ഇറ്റലി സ്വദേശി 55 വയസ്സ്
ഇറ്റലിയിലെ അസ്സീസി പട്ടണത്തിലെ ഫ്രാന്‍സിസ്കന്‍ സമൂഹത്തിലെ ശ്രേഷ്ഠാചാര്യന്‍.

1992-ല്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ ആകൃഷ്ടനായി മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന അല്‍മായന്‍ ഫ്രാന്‍സിസ്കന്‍ സന്ന്യാസ സമൂഹത്തിന്‍റെ വ്രതമേറ്റു.
2000-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
2009-ല്‍ ഫ്രാന്‍സിസ്കന്‍ എമീലിയ-റൊമാഞ്ഞ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ സ്ഥാനമേറ്റു.
2013-ല്‍ അസ്സീസിയിലെ ഫ്രാന്‍സിസ്കന്‍ സമൂഹത്തിന്‍റെ സന്ന്യാസശ്രേഷ്ഠനായി നിയമിതനായി.
2017-മുതല്‍ മെഡിറ്ററേനിയന്‍ രാജ്യങ്ങളിലെ ഫ്രാന്‍സിസ്കന്‍ സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനംചെയ്യുകയാണ്.

മേല്പറഞ്ഞ നിയുക്തകര്‍ദ്ദിനാളന്മാരുടെ കൂട്ടത്തിലേയ്ക്ക് പിന്നെയും വിശ്രമജീവിതം നയിക്കുന്ന നാലുപേരെക്കൂടി അവരുടെ പ്രത്യേക മേഖലകളിലെ സവിശേഷ സേവനങ്ങള്‍ക്ക് അംഗീകാരമായി പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു :

10. ബിഷപ്പ് ഫെലീപെ അരിസ്മേന്തി എസ്ക്വിവേല്‍ (Bishop Felipe Arizmendi Esquivel) - മെക്സിക്കൊ സ്വദേശി, 80 വയസ്സ്. സാന്‍ക്രിസബല്‍ രൂപതയുടെ മുന്‍മെത്രാനായിരുന്നു.
1963-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അജപാലന സമര്‍പ്പണംകൊണ്ട് ശ്രദ്ധേയനായി.
1991-ല്‍ തപാചൂല രൂപതയുടെ മെത്രാനായി നിയുക്തനായി. ഇക്കാലയളവില്‍ ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതികളുടെ കൂട്ടായ്മയുടെ (CELAM) സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2000-ല്‍ സാന്‍ക്രിസബല്‍ രൂപതയുടെ മെത്രാനായി സ്ഥാനമേറ്റു.
2017-ല്‍ 75 വയസ്സെത്തിയപ്പോള്‍ സ്ഥാനത്യാഗംചെയ്തു.

11. ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി (Archbishop Silvano M. Tomasi) – ഇറ്റാലിയന്‍ 80 വയസ്സ്.
മുന്‍ അപ്പസ്തോലിക സ്ഥാനപതിയും ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകനുമായിരുന്നു.

ഇറ്റലിയിലും അമേരിക്കയിലുമായി വൈദികപഠനം നടത്തി അദ്ദേഹം സ്കാലാബ്രിനീയന്‍ (scalabrinian)  സന്ന്യാസസമൂഹത്തിലാണ് വൈദികനായത്.
1983-മുതല്‍ അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയില്‍ കുടിയേറ്റക്കാരുടെ ശുശ്രൂഷയ്ക്കായുള്ള കമ്മിഷനില്‍ പ്രവര്‍ത്തിച്ചു.
1989-ല്‍ കുടിയേറ്റക്കാരുടെ സേവനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ സെക്രട്ടറിയായി സേവനം ആരംഭിച്ചു.
1996-മുതല്‍ വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ നിയമിതനായി. വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക സ്ഥാനപതിയായി സേവനംചെയ്തു.
2003-മുതല്‍ ജനീവ യുഎന്‍ കേന്ദ്രത്തില്‍ വത്തിക്കാന്‍റെ സ്ഥിരംനീരീക്ഷകനായി പ്രവര്‍ത്തിച്ചു.
2016-ല്‍ നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ അംഗമായി നിയമിതനായി.
2017- ഔദ്യോഗിക ജോലികളില്‍നിന്നും വിരമിച്ചു.

12. റനിയേരോ കന്തലമേസ്സ, കപ്പൂച്ചിന്‍ (Friar Raniero Cantalamessa, ofm. Cap.)
ഇറ്റലിക്കാരന്‍, 86 വയസ്സ്.   പേപ്പല്‍ വസതിയുടെ ഔദ്യോഗിക ധ്യാനപ്രഭാഷകനായ ആത്മീയാചാര്യന്‍.

1958-ല്‍ ഫ്രാന്‍സിസ്ക്കന്‍ സഭയില്‍ പൗരോഹിത്യം സ്വീകരിച്ചു.
ദൈവശാസ്ത്രത്തിലും സാഹിത്യത്തിലും ഡോക്ടര്‍ ബിരുദധാരിയാണ്. മിലാനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് അദ്ദേഹത്തെ പേപ്പല്‍ വസതിയുടെ ഔഗ്യോഗിക ധ്യാനഗുരുവും പ്രഭാഷകനുമായി നിയമിച്ചത്. ഈ നിയമനം മുന്‍പാപ്പാ ബെനഡിക്ടും, പാപ്പാ ഫ്രാന്‍സിസും തുടര്‍ന്നും അംഗീകരിച്ചു.
ഇന്നും വചനപ്രഭാഷണ മേഖലയില്‍ തെളിഞ്ഞുനില്ക്കുന്ന ഫാദര്‍ കന്തലമേസ്സ നിരവധി ആത്മീയഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്.

13. മോണ്‍സീഞ്ഞോര്‍ എന്‍റീക്കൊ ഫെറോച്ചി (Monsignor Enrico Feroci) - ഇറ്റലി സ്വദേശി, 80 വയസ്സ്.
ഇറ്റലിയില്‍ റോമാരൂപതയുടെ കീഴിലുള്ള വിഖ്യാതമായ ദൈവസ്നേഹത്തിന്‍റെ അമ്മ, (Divina Amore) എന്ന  മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ റെക്ടറായി ഇപ്പോള്‍  സേവനംചെയ്യുന്നു.

1965-ല്‍ റോമാരൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു.
റോമാ രൂപതയിലെ ഇടവകകളില്‍ ശ്രേഷ്ഠമായ അജപാലന ശുശ്രൂഷചെയ്തു.
1995-മുതല്‍ റോമാരൂപതയില്‍ കുടിയേറ്റക്കാരുടെ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായി.
2017-ല്‍ റോമിലെ വൈദികരുടെ കൂട്ടായ്മയുടെ പ്രസിഡന്‍റായി സ്ഥാനമേറ്റു.
2019-ലാണ് ‘ദിവീന അമോരെ,’ (Divina Amore) മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ റെക്ടറായി നിയമിതനായത്.

നിയുക്ത കര്‍ദ്ദിനാളന്മാര്‍ക്ക് പ്രാര്‍ത്ഥനയോടെ ഭാവുകങ്ങള്‍...!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2020, 14:33