തിരയുക

അഫിനീവ്സ്കിയുടെ  “ഫ്രാന്‍ചേസ്കൊ”  അഫിനീവ്സ്കിയുടെ “ഫ്രാന്‍ചേസ്കൊ”  

പാപ്പാ ഫ്രാന്‍സിസിനെക്കുറിച്ച് പുതിയൊരു ഡോക്യുമെന്‍ററി “ഫ്രാന്‍ചേസ്കൊ”

റോം ചലച്ചിത്രോത്സവത്തില്‍ ““ഫ്രാന്‍ചേസ്കൊ” ” മാനവികതയ്ക്കുള്ള കീനെയോ പുരസ്കാരം (Kinèo Award for Humanity) കരസ്ഥമാക്കി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. “ഫ്രാന്‍ചേസ്കൊ” റോം ചലച്ചിത്രോത്സവത്തില്‍
ചലച്ചിത്രോസവത്തിന്‍റെ രണ്ടാം ഭാഗത്ത് പ്രത്യേക വിഭാഗത്തിലുള്ള ചിത്രപ്രദര്‍ശനത്തിലാണ് സാമൂഹിക-മാനവിക പ്രശ്നങ്ങളെ പ്രതിപാദിക്കുന്ന വാര്‍ത്താചിത്രത്തിനുള്ള കീനെയോ പുരസ്കാരം “ഫ്രാന്‍ചേസ്കൊ”   കരസ്ഥമാക്കിയത്. പാപ്പാ ഫ്രാന്‍സിസിന്‍റെ ചരിത്രമൂല്യത്തിന് അടിവരയിടുന്നതാണ് ഈ പുരസ്കാരമെന്ന് പാശ്ചാത്യസിനിമാ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഒക്ടോബര്‍ 15-മുതല്‍ 25-വരെ നീളുന്ന ചലചിത്രോത്സവത്തിന്‍റെ 6-Ɔο ദിനം 20-Ɔο തിയതിയാണ് 7 വര്‍ഷക്കാലം നീണ്ട പാപ്പായുടെ സഭാഭരണത്തിലെ അപ്പസ്തോലിക യാത്രകള്‍, കൂടിക്കാഴ്ചകള്‍, അഭിമുഖങ്ങള്‍, പ്രഭാഷണങ്ങള്‍, അല്ലെങ്കില്‍ വചനവിചിന്തനങ്ങള്‍ എന്നിവയില്‍നിന്നും അടര്‍ത്തിയെടുത്തിട്ടുള്ള ദൃശ്യ-ശ്രാവ്യ ചിത്രശകലങ്ങള്‍ കൂട്ടിയിണക്കിയാണ് അമേരിക്കന്‍ സംവിധായകന്‍ യുജീനി അഫ്നീവ്സ്കി (Eugeny Afneevsky) “ഫ്രാന്‍ചേസ്കൊ” എന്ന ഹ്രസ്വവാര്‍ത്താ ചലച്ചിത്രം നിര്‍മ്മിച്ചത്.

2. ചിത്രത്തിന്‍റെ വ്യാപ്തിയും ഉള്ളടക്കവും
നിരവധി തവണ ഓസ്കാര്‍, എമ്മി അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം നേടിയ അഫിനീവ്സ്കി വളരെ വിശാലമായൊരു ക്യാന്‍വാസിലാണ് ഈ ചലചിത്രം ഒരുക്കിയിരിക്കുന്നത്. ഈ കാലഘട്ടത്തിലെ വെല്ലുവിളികള്‍, അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്ന പ്രശ്നങ്ങള്‍, ദുരിതങ്ങളും അനീതികളും പേറുന്നവരോടും അഭയാര്‍ത്ഥികളോടുമുള്ള ശ്രദ്ധയില്‍ സഭയ്ക്കുവന്ന അവധാനക്കുറവ് എന്നിവ ചിത്രത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനാരോഹണം മുതല്‍ കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യഘട്ടംവരെയുള്ള കാലയളവില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ശ്രദ്ധേയമായ അഭിമുഖങ്ങളുടെ ഭാഗങ്ങളും ഇഴചേര്‍ന്നാണ് അഫിനീവ്സ്കി ഈ ചലച്ചിത്രം മെനഞ്ഞെടുത്തിരിക്കുന്നത്.

3. ചിത്രത്തിലെ സവിശേഷ വ്യക്തികള്‍
ബെനഡിക്ട് 16-Ɔമന്‍ പാപ്പാ, പാപ്പാ ഫ്രാന്‍സിസിന്‍റെ കുടുംബാംഗങ്ങളായ ചിലര്‍, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ അന്തോണിയോ താഗ്ലേ, മോണ്‍സീഞ്ഞോര്‍ ചാള്‍സ് ഷിക്ലൂന, മെക്സിക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ മനുഷ്യക്കടത്തിന് എതിരായി അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ നോര്‍മാ പിമെന്‍റേല്‍, പാപ്പായുടെ സുഹൃത്ത് അര്‍ജന്‍റീനക്കാരന്‍ റാബി ഏബ്രഹാം ഷോര്‍ക്ക് എന്നിവരുമായുള്ള അഭിമുഖങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4. പാപ്പായും ഇന്നത്തെ ലോകവും
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അമേരിക്കയില്‍ മഹാമാരി കൊടുമ്പിരികൊള്ളുന്ന സമയത്താണ് അഫിനീവ്സ്കി “ഫ്രാന്‍സീസ്കൊ”യുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ലോകമിന്ന് അഭിമുഖീകരിക്കുന മഹാമാരി, വംശീയ പ്രശ്നങ്ങള്‍, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യപ്പെടുന്ന ഈ വാര്‍ത്താചിത്രത്തില്‍ സിറിയയിലെ ആഭ്യന്തരയുദ്ധം, മ്യാന്‍മാറില്‍ അടിച്ചമര്‍ത്തപ്പെടുകയും പുറംതള്ളപ്പെടുകയുംചെയ്ത രോഹിംഗ്യാ മുസ്ലീങ്ങള്‍ എന്നിങ്ങനെയുള്ള ചരിത്രസംഭവങ്ങളും ചിത്രത്തില്‍ വിഷയമായിട്ടുണ്ട്.

5. സംവിധാന പ്രതിഭ – യുജീനി അഫിനീവ്സ്കി
ചിത്രത്തിന്‍റെ പ്രദര്‍ശാനാനന്തരം പതിവുള്ള വാര്‍ത്താസമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ഉദാരവും മഹാമനസ്കതയുമുളള അഭിപ്രായങ്ങളും ജീവിതപാഠങ്ങളും ആഗോളസമൂഹത്തിന്‍റെ ഭാവി പ്രത്യാശകളും ഈ ചിത്രത്തിന് മിഴിവു നല്കിയതായി അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ലോസാഞ്ചലസിലെ കലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ നാടക-സിനിമാ വിഭാഗത്തിന്‍റെ സഹകരണത്തോടെ നിര്‍മ്മിച്ച ഈ വാര്‍ത്താചിത്രം ഒക്ടോബര്‍ 25-ന് സാവന്നാ ഫിലം ഫെസ്റ്റിവലില്‍ അമേരിക്കയിലെ ആദ്യത്തെ പ്രദര്‍ശനം നടക്കും. “തീപിടിച്ച ശൈത്യകാലം” (winter of fire) എന്ന 2016-ലെ അഫിനീവ്സ്കിയുടെ ചിത്രത്തിന് 3 ഓസ്കര്‍ നാമനിര്‍ദ്ദേങ്ങളും, 2018-ല്‍ സിറിയയില്‍നിന്നുള്ള രോദനങ്ങള്‍ (Cries from Syria) എന്ന വാര്‍ത്താചിത്രത്തിന് എമ്മി നാമനിര്‍ദ്ദേശവും ലഭിക്കുന്നതിലൂടെയാണ് യെവ്ജെനി അഫ്നിവ്സ്കി എന്ന സംവിധാനപ്രതിഭ ശ്രദ്ധേയനാകുന്നത്.

6. ചിത്രത്തില്‍  വിവാദമാക്കപ്പെടുന്ന വിഷയം
2016-ല്‍ പാപ്പാ അഫിനീവ്സ്കിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ സ്വവര്‍ഗ്ഗ കൂട്ടായ്മക്കാരോടുള്ള കാരുണ്യത്തിന്‍റെ മനോഭാവം പുലര്‍ത്തുന്ന അഭിപ്രായമാണ് “ഫ്രാന്‍ചേസ്കൊ”യുടെ റോമിലെ പ്രദര്‍ശനത്തിനുശേഷം വീണ്ടും  ചര്‍ച്ചാവിഷയമായിരിക്കുന്നത്. റോം ചലച്ചിത്രോത്സവത്തില്‍ സമ്മാനം നേടിയ ചിത്രം സായാഹ്നത്തില്‍ വത്തിക്കാന്‍ തോട്ടത്തില്‍ ഒക്ടോബര്‍ 22-ന് വൈകുന്നേരം പ്രദര്‍ശിപ്പിക്കും.
 

22 October 2020, 16:14