തിരയുക

Photo from General Audience Photo from General Audience 

വചനം സാധാരണക്കാര്‍ക്കു ലഭ്യമാക്കിയ പണ്ഡിതന്‍ വിശുദ്ധ ജെറോം

1600-Ɔο ചരമവാര്‍ഷിക നാളില്‍ പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക ലിഖിതം, Scripturae Sacrae Affectus “തിരുവചന ഭക്തി” പ്രസിദ്ധപ്പെടുത്തി (AD 345-420).

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. “തിരുവചന ഭക്തി”  അപ്പസ്തോലിക  ലിഖിതം
വിശുദ്ധന്‍റെ ചരമവാര്‍ഷികനാളും അനുസ്മരണദിനവും സന്ധിക്കുന്ന സെപ്തംബര്‍ 30-Ɔο തിയതിയാണ് “തിരുവചന ഭക്തി”യെന്ന പേരില്‍ Scripturae Sacrae Affectus ഒരു അപ്പസ്തോലിക ലിഖിതം പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത്. ഹീബ്രൂഭാഷയിലുള്ള മൂലരചനയില്‍നിന്നുമാണ് അക്കാലത്ത് സമകാലീന വിജ്ഞാന ലോകത്തിനും സാമാന്യം വിദ്യാഭ്യാസമുള്ളവര്‍ക്കും വായിക്കാവുന്ന “ലത്തീന്‍ വുള്‍ഗാത്ത” (Latin Vulgata) തര്‍ജ്ജിമ വിശുദ്ധ ജെറോം ലഭ്യമാക്കിയത്. വിശുദ്ധനാട്ടില്‍ യേശു ജനിച്ച ബെതലേഹം ഗുഹയില്‍ ഒരു താപസനെപ്പോലെ ജീവിതംമുഴുവന്‍ സമര്‍പ്പിച്ചുകൊണ്ടാണ് ഒരു പണ്ഡിതന്‍റെയും, പരിഭാഷകന്‍റെയും, വ്യാഖ്യാതാവിന്‍റെയും  ഭാഷ്യത്തില്‍ വിശുദ്ധഗ്രന്ഥം മുഴുവന്‍ അദ്ദേഹം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. ക്രിസ്താബ്ദം 375-ലെ തപസ്സുകാലത്ത് സിദ്ധനു ലഭിച്ച ഒരു വെളിപാടിനെ തുടര്‍ന്നാണ് വൈദികനായിരുന്ന ജെറോം തന്നെത്തന്നെ പൂര്‍ണ്ണമായും ക്രിസ്തുവിനും അവിടുത്തെ വചനത്തിന്‍റെ പരിഭാഷയ്ക്കുമായി മാറ്റിവച്ചത്.

2. വചനം സാധാരണക്കാരില്‍ എത്തിച്ച വിശുദ്ധന്‍
ജെറോം അങ്ങനെ ദൈവവചനത്തിന്‍റെ ദാസനും, ചരിത്രത്തില്‍ സഭാപിതാക്കന്മാരുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രതിഭകളില്‍ ഒരാളുമായി മാറി. വിശുദ്ധ ജെറോം കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും ഒരു പാലമായി മാറിയെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാരണം കിഴക്കിന്‍റെ ഹീബ്രു മൂലത്തില്‍നിന്നും ബൈബിള്‍ പശ്ചാത്യ ഭാഷയായ ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയ ലോകത്തിന് എളുപ്പത്തില്‍ വിശുദ്ധഗ്രന്ഥം ലഭ്യമായി. അതിനുശേഷമാണ് ഇംഗ്ലിഷ് തുടങ്ങി മറ്റ് യൂറോപ്യന്‍ ഭാഷകളിലും പ്രാദേശിക ഭാഷകളില്‍പ്പോലും ബൈബിള്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ ചുരുളഴിഞ്ഞത്. അതിനാല്‍ വിശുദ്ധഗ്രന്ഥം സാധാരണക്കാര്‍ക്ക് ലഭ്യമാക്കിയ സിദ്ധനാണ് ജെറോമെന്ന് പാപ്പാ തന്‍റെ ലിഖിതത്തില്‍ എടുത്തു പറയുന്നുണ്ട്. കിഴക്കെ യൂറോപ്പില്‍ ഇന്നത്തെ ക്രൊയേഷ്യ ഭാഗത്തു ക്രിസ്തുവര്‍ഷം 345-ല്‍ ജനിച്ച അദ്ദേഹം 420-ല്‍ ബെതലഹേമില്‍ മരണമടഞ്ഞു.

3.  യേശുവിനെ അറിയാന്‍...
“യേശുവിനെ അറിയണമെങ്കില്‍ വിശുദ്ധഗ്രന്ഥം അറിയണം. വിശുദ്ധഗ്രന്ഥം വായിച്ചിട്ടുള്ളവര്‍ യേശുവിനെയും അറിയു”മെന്ന് പ്രസ്താവിച്ചത് വിശുദ്ധ ജെറോമാണ്. “സുവിശേഷം ക്രിസ്തുവിന്‍റെ ശരീര”മാണെന്നതും വിശുദ്ധന്‍റെ വിഖ്യാതമായ പ്രസ്താവമാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2020, 14:16