ത്രികാലപ്രാര്‍ത്ഥനയ്ക്ക് വര്‍ദ്ധിച്ച ജനപങ്കാളിത്തം
- ഫാദര്‍ വില്യം നെല്ലിക്കല്‍
സെപ്തംബര്‍ 6, ഞായറാഴ്ച
യൂറോപ്പിലെ വേനലിന് ഒരു അറുതി വന്നപോലെ ചൂടു കുറഞ്ഞു തെളിവുള്ള ദിവസമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച. പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം സ്വീകരിക്കുവാനും, പാപ്പായെ നേരില്‍ കാണുവാനുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ തലേ ആഴ്ചയിലും അധികം ജനങ്ങള്‍ സമ്മേളിച്ചിരുന്നു.
1. റോമില്‍നിന്നുള്ളവര്‍
ആദ്യം പാപ്പാ റോമാക്കാര്‍ക്കും, തുടര്‍ന്ന് വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകര്‍ക്കും - കുടുംബങ്ങള്‍, ഇടവക സമൂഹങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു. പ്രത്യേകമായി റോമിലെ വടക്കെ അമേരിക്കന്‍ പൊന്തിഫിക്കല്‍ കോളെജിലെ വൈദിക വിദ്യാര്‍ത്ഥികളെയും, സ്ലൊവേനിയയിലെ ലുബിഞ്ഞാനോയിലെ വലിയ സെമിനാരിക്കാരെയും പാപ്പാ അഭിവാദ്യംചെയ്തു.
2. ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍
ഇറ്റലിയിലെ നവീലിയോ, ക്യൂസോ, മാജിയാനിക്കോ എന്നീ ഇടവകകളില്‍നിന്നും എത്തിയ സ്ഥൈര്യലേപനം സ്വീകരിക്കുവാന്‍ ഒരുങ്ങുന്ന യുവജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നല്ലിടയനും സഭയുടെ മൂലക്കല്ലുമായ ക്രിസ്തുവിനോട് അടുക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. സിയെന്നായില്‍നിന്നും എത്തിയ സ്ത്രീകളായ കായിക താരങ്ങളുടെ കൂട്ടായ്മയ്ക്കും, വിശുദ്ധ സ്റ്റീഫന്‍റെ ലൊദീജിയാനോ ഇടവകയില്‍നിന്നും സൈക്കിളില്‍ ഉപവിപ്രവര്‍ത്തന ലക്ഷ്യത്തോടെ റോമില്‍ എത്തിയ യുവാക്കള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ആത്മവിശ്വാസത്തോടും സന്തോഷത്തോടുംകൂടെ മുന്നേറാം...എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
3. മറ്റു വിവിധ രാജ്യക്കാര്‍
തുടര്‍ന്ന് ചത്വരത്തില്‍ അങ്ങുമിങ്ങും കൊടികളുമായി നിന്ന പോളണ്ട്, ലെബനോന്‍, മെക്സിക്കോ, ഫ്രാന്‍സ്, അമലോത്ഭവനാഥയുടെ സഖ്യം എന്നിവര്‍ക്ക് പാപ്പാ പ്രത്യേകം ആശംസകള്‍ നേര്‍ന്നു.
4. ശുഭാശംസകളോടെ
ഒരു നല്ലദിനത്തിന്‍റെ അനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്നു പതിവുപോലെ അനുസ്മരിപ്പിച്ചുകൊണ്ടുമാണ് ത്രികാലപ്രാര്‍ത്ഥനയുടെ ജാലകത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് പിന്‍വാങ്ങിയത്. അപ്പോള്‍ ജനങ്ങള്‍ വീവാ... ഇല്‍ പാപ്പാ (Viva il Papa…!) പാപ്പാ നീണാള്‍ വാഴട്ടെ! എന്ന് ആവശേത്തോടെ ആര്‍ത്തിരമ്പി.