തിരയുക

VATICAN-FRANCE-ENVIRONMENT-RELIGION-POPE 03092020 VATICAN-FRANCE-ENVIRONMENT-RELIGION-POPE 03092020 

പ്രകൃതി വിനാശത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ്

പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതികവും സാമൂഹികവും മാനവികവുമായ പ്രത്യാഘാതങ്ങളുണ്ടെന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ഫ്രാന്‍സിലെ പരിസ്ഥിതിവാദികള്‍
സെപ്തംബര്‍ 2-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ തന്നെ കാണാനെത്തിയ ഒരു കൂട്ടം ഫ്രഞ്ച് പരിസ്ഥിതിവാദികളുടെ സംഘത്തെ അവരുടെ മെത്രാന്മാര്‍ക്കൊപ്പം കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങന പ്രസ്താവിച്ചത്. “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രിക ലേഖനത്തിന്‍റെ (Laudato Si’) ചുവടുപിടിച്ച് ഫ്രാന്‍സിലെ മെത്രാന്‍ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാരിസ്ഥിതിക വിദഗ്ദ്ധര്‍ ഫ്രാന്‍സില്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ പാപ്പാ സന്തോഷം രേഖപ്പെടുത്തി.

2. മനുഷ്യന്‍റെ വ്രണിതഭാവം
പൊതുഭവനമായ ഭൂമിയുടെ ജീര്‍ണ്ണാവസ്ഥയാണ് നാമിന്നു കാണുന്നത്. ഭൂമിയുടെ ജീര്‍ണ്ണത കാരണമാക്കുന്ന മാനവികതയുടെ വ്രണിതഭാവമാണ് കൊറോണ വൈറസ് ബാധയായി ലോകം മുഴുവനും ഇന്നു പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഭൂമിയുടെ വികസനത്തില്‍ പങ്കുചേരുന്ന മനുഷ്യര്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുപോലെ, അതിന്‍റെ ജീര്‍ണ്ണതയും പരിണിതഫലവും പാരിസ്ഥിതികം മാത്രമല്ല സാമൂഹികവും മാനവികവുമായ പ്രതിസന്ധികളായി മനുഷ്യര്‍ അനുഭവിക്കേണ്ടി വരുമെന്ന് പാപ്പാ വിവരിച്ചു.

3. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മന്ദത
പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിയന്തിരാവസ്ഥയെ സംബന്ധിച്ച് അവബോധം എല്ലാ തലങ്ങളിലും – രാഷ്ട്രീയവും സാമ്പത്തികവുമായ തിരഞ്ഞെടുപ്പിന്‍റെ തലമായ വ്യവസായ മേഖലകളിലും എടുത്തിട്ടുണ്ട്. എന്നാല്‍ ഒത്തിരികാര്യങ്ങള്‍ ഈ മേഖലയില്‍ ചെയ്യുവാനുള്ളതിനാല്‍ പൊതുവെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ ഒരു മന്ദഗതിയും പിറകോട്ടു പോക്കും കാണുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

4. പാരിസ്ഥിതിക മാനസാന്തരം
തയ്യാറാക്കിവച്ചിരിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ സഭയ്ക്ക് ഇല്ലെങ്കിലും, ഈ മേഖലയിലെ സാങ്കേതികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ സഭ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. സാധിക്കുന്നിടങ്ങളില്‍ സഭ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ആഴമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുവാന്‍ പോരുന്ന ഒരു പാരിസ്ഥിതിക മാനസാന്തരത്തിന്‍റെ മനഃസാക്ഷി ജനങ്ങള്‍ക്കിടയില്‍ രൂപീകരിക്കുവാന്‍ സഭയ്ക്കു സാധിക്കുന്നുമെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ മനസ്സാക്ഷി തീര്‍ച്ചയായും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളിയെ നേരിടുകതന്നെ ചെയ്യുമെന്നും പാപ്പാ ഉറപ്പിച്ചു പറഞ്ഞു.

5. നാം പാലിക്കേണ്ട സാമൂഹിക നീതി
ഭൂമി ദൈവത്തിന്‍റെ ദാനമാണ്. ദൈവം സ്നേഹത്തോടെ സൃഷ്ടിചെയ്ത മനോഹരമായ ഉദ്യാനമാണത്. ദൈവത്തിന്‍റെ മനോഹാരിത ആസ്വദിക്കുന്ന മനുഷ്യന്‍, അത് നശിപ്പിക്കുകയല്ല വേണ്ടത്, മറിച്ച് കൂടുതല്‍ മെച്ചപ്പെടുത്തുകയും, അത് വളര്‍ത്തുവാനും സംരക്ഷിക്കുകയുമാണ് വേണ്ടത്. നാം അതിന്‍റെ സൂക്ഷിപ്പുകാരാണ്. ഒപ്പം ഇവിടെ നമ്മോടൊപ്പം ജീവിക്കുന്നവരുമായി നീതിയിലും സാഹോദര്യത്തിലും വസിക്കേണ്ടത് ക്രിസ്തു പഠിപ്പിച്ചിട്ടുള്ള സുവിശേഷ ധര്‍മ്മവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (Ls 82).

6. പാരിസ്ഥിതിക മാനസാന്തരവും നന്മയും
ഭൂമി ലാഭത്തിനുള്ള ഒരിടം മാത്രമായി കണ്ടാല്‍, പിന്നെ അവിടെ രമ്യതയില്ലാതാകും. ഉടനെ അനീതിയും അസമത്വവും യാതനകളും അവിടെ തലപൊക്കും. അതിനാല്‍ പാരിസ്ഥിതിക പ്രതിസന്ധി സമകാലീന ലോകത്തിന്‍റെ ധാര്‍മ്മികവും സാംസ്ക്കാരികവും ആത്മീയവുമായ പ്രതിസന്ധികളുടെ പ്രതിഫലനങ്ങളാണെന്നും, അതിനാല്‍ അടിസ്ഥാന പരമായി മാനുഷിക ബന്ധങ്ങളുടെ മുറിവുണക്കാതെ നമുക്ക് പാരിസ്ഥിതിക നന്മ പുനാരാവിഷ്ക്കാനാവില്ലെന്നും പാപ്പാ വ്യക്തമാക്കി (Ls 119).

7. പ്രത്യാശയുടെ വാക്കുകള്‍
ഭൂമിയുടെ മുറിവുണക്കാന്‍, അതിനാല്‍ നാം ആദ്യം മനുഷ്യഹൃദയങ്ങളിലെ മുറിവുണക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ലോകത്തിന്‍റെ അവസ്ഥ ഇന്ന് ഏറെ പരിതാപകരവും തിരുത്തുവാനാവാത്തതെന്നും തോന്നിയേക്കാം. എന്നാല്‍ യേശുവില്‍ പ്രത്യാശയര്‍പ്പിച്ചു മുന്നേറാം. കാരണം അവിടുന്നു നമ്മുടെ ലോകത്തില്‍ വന്ന പുത്രനായ ദൈവമാണ്, നമ്മുടെമദ്ധ്യേ വസിച്ച് ഉത്ഥിതനായി സ്വര്‍ഗ്ഗത്തിലേയ്ക്കു മടങ്ങിയവന്‍, നമ്മെ സന്ദര്‍ശിച്ച ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവായ ദൈവം തന്നെയാണ് (Ls 96-100). അവിടുന്നു നമ്മെ കൈവിടുകയില്ല, നമ്മെ അനാഥരായി വിടുകയില്ല. കാരണം അവിടുന്നു ഈ പ്രപഞ്ചത്തോടു ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടുത്തെ സ്നേഹം നമ്മെ നവമായ പാതകളിലേയ്ക്കു നയിക്കുക തന്നെ ചെയ്യുമെന്ന പ്രത്യാശയുടെ വാക്കുകളോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
 

05 September 2020, 08:44