തിരയുക

2020.09.14 Per un sapere della pace 2020.09.14 Per un sapere della pace 

വരുംതലമുറയെ സമാധാന ദൂതരാക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്

പാപ്പായുടെ മുഖപ്രസംഗവുമായി പുതിയ പുസ്തകം യുവതലമുറയ്ക്കുള്ള നവമായ പ്രബോധനം

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

1.  “സമാധാനത്തിനുള്ള അറിവ്”
പാപ്പായുടെ പുതിയ പുസ്തകം

സെപ്തംബര്‍ 15-Ɔο തിയതി ചൊവ്വാഴ്ച പ്രകാശനംചെയ്ത “സമാധാനത്തിനുള്ള അറിവ്”...  (Per un sapere della pace) എന്ന തന്‍റെ പുതിയ ഗ്രന്ഥത്തിലാണ് യുവജനങ്ങളെ സമാധാനത്തിന്‍റെ പ്രയോക്താക്കളാക്കണമെന്ന ആശയം പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടു വയ്ക്കുന്നത്. യൂണിവേഴ്സിറ്റികളെയും വിദ്യാലയങ്ങളെയും യുവജനപ്രസ്ഥാനങ്ങളെയും അഭിസംബോധനചെയ്യുന്ന ഈ ഗ്രന്ഥം, ഭാവി തലമുറ സമാധാനത്തിന്‍റെ സംവാഹകരാകണം എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തയാണ് വിവിധ ലേഖനങ്ങളിലൂടെ വികസിപ്പിക്കുന്നത്.

വത്തിക്കാന്‍റെ മുദ്രണാലയം (Libreria Editrice Vaticana) പുറത്തുകൊണ്ടുവന്ന ഗ്രന്ഥം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള വിവാഹത്തിനും കുടുംബങ്ങള്‍ക്കുമായുള്ള പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാ‍‍ഡമിയാണ്  പുറത്തുകൊണ്ടുവന്നത്. ആകെ 124-പോജുകളുള്ള ഗ്രന്ഥത്തിന് അഞ്ച് അദ്ധ്യായങ്ങളുണ്ട്. ഭാവി ഭൂമിയെ സംബന്ധിച്ച പാപ്പായുടെ പ്രബോധനങ്ങളെ അധികരിച്ചുള്ള പഠങ്ങളുടെ പുസ്തകത്തിന്‍റെ പത്രാധിപര്‍ ഗില്‍ഫ്രേദോ മരേംഗൊയാണ്.

2. സഭയും വിദ്യാഭ്യാസസ്ഥാപനങ്ങളും – സംയോജിത
മാനവികതയ്ക്കുള്ള വീക്ഷണം

യുവജനങ്ങളുടെ ലോകവുമായി, പ്രത്യേകിച്ച് കലാലയങ്ങളും വിദ്യാലയങ്ങളുമായി - വിശിഷ്യാ യുവജനങ്ങളെ പിന്‍തുണയ്ക്കാന്‍ പുറത്തേയ്ക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന സഭയുടെ നവമായ ചിത്രം ആദ്യത്തെ അദ്ധ്യായം വരച്ചുകാട്ടുന്നു. സമൂഹത്തിലെ സമാധാനം, കൂട്ടായ്മ, പരിസ്ഥിതി, ജീവന്‍റെ സംരക്ഷണം, മാനുഷിക-പൗരാവകാശങ്ങള്‍ എന്നീ മേഖലകളില്‍ സഭയ്ക്ക് വലിയ ഉത്തരവാദിത്ത്വമുണ്ടെന്ന നിഗമനത്തിലാണ് ഗ്രന്ഥം പുരോഗമിക്കുന്നത്. യുവജനങ്ങളെ രൂപപ്പെടുത്തുന്നതില്‍ യൂണിവേഴ്സിറ്റികള്‍ക്ക് മുഖ്യമായ പങ്കുണ്ടെന്നും, ഒരു സംയോജിത മാനവികത വളര്‍ത്തിയെടുക്കാന്‍ അനുയോജ്യവുമായ ഇടം വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടെയുള്ള യുവജനങ്ങളുമാണെന്നും ഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ നിരന്തരമായി നവീകരിക്കപ്പെടുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യേണ്ട ഘടകമാണ് സംയോജിത മാനവികതയെന്നുള്ള ചിന്താധാരകള്‍ ഗ്രന്ഥം ചുരുളഴിയിക്കുന്നുണ്ട്. തത്ത്വശാശ്ത്രം, ദൈവശാസ്ത്രം, നിയമം, ചരിത്രം എന്നീ മാനവിക ശാസ്ത്രങ്ങള്‍ തെളിയിക്കുന്ന സമാധാനത്തിന്‍റെ വഴികളുടെ വെളിച്ചം യുവജനങ്ങള്‍ക്ക് അന്തര്‍-വിജ്ഞാനീയ പാഠ്യപദ്ധതികളിലൂടെ (inter disciplinary academics) നല്കിക്കൊണ്ട് സംവാദത്തിന്‍റെ വഴികളിലൂടെ ഭാവിയില്‍ സമാധാനമുള്ളൊരു സംയോജിതമായ മാനവകുടുംബത്തെ രൂപപ്പെടുത്താനുകുമെന്ന് ഗ്രന്ഥത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യാശിക്കുന്നു.

3. സമാധാനത്തിന്‍റെ നല്ല വക്താവ്
സമാധാനത്തിന്‍റെ നല്ല വക്താവ് ആരാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. പക്വമാര്‍ന്ന വീക്ഷണത്തില്‍ ചരിത്രത്തെയും ലോകത്തെയും കാണുവാനുള്ള കഴിവാണ് ആവശ്യമെന്നും, അല്ലാതെ രോഗനിര്‍ണ്ണായക ശൈലിയില്‍ അതിന്‍റെ പുഴുക്കുത്തുകള്‍ എണ്ണിയിരിക്കുന്നവരാകരുതെന്നും പാപ്പാ പ്രബോധിപ്പിക്കുന്നുണ്ട്. സാമൂഹ്യശാസ്ത്രപരവും, അമൂര്‍ത്തവും, അലസവുമായ സമീപനത്തിലൂടെ സമാധാനത്തിന്‍റെ വഴി തുറക്കാനാവില്ലെന്നും പാപ്പാ വ്യക്തമാക്കുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2020, 15:45