തിരയുക

TOPSHOT-BELARUS-POLITICS-UNREST-DEMO TOPSHOT-BELARUS-POLITICS-UNREST-DEMO 

ലോകത്ത് ഇന്നുയരുന്ന പ്രതിഷേധങ്ങളില്‍ പാപ്പായുടെ ആശങ്ക

ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസകളും അഭിവാദ്യങ്ങളും

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സെപ്തംബര്‍ 13, ഞായറാഴ്ച
യൂറോപ്പിലെ വേനല്‍ക്കാലം അവസാനിക്കാറായി. ചൂടു കുറഞ്ഞു തെളിവുള്ള ദിവസമായിരുന്നു ഞായറാഴ്ച. പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം സ്വീകരിക്കുവാനും, പാപ്പായെ നേരില്‍ കാണുവാനുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ആയിരങ്ങള്‍ സമ്മേളിച്ചിരുന്നു.

1. ലോകത്ത് ഇന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധ സ്വരങ്ങളും ജനങ്ങളുടെ വന്‍ പ്രകടനങ്ങളും പാപ്പാ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥമായ അവകാശങ്ങളും സ്വാതന്ത്യത്തിനുമായുള്ള സഹപൗരന്മാരുടെ മുറവിളി ഭരണകര്‍ത്താക്കള്‍ കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. നീതിനിഷ്ഠവും മനുഷ്യാവകാശപരവുമായ ജനങ്ങളുടെ അഭ്യര്‍ത്ഥനകള്‍ മാനിക്കണമെന്നും പ്രസ്താവിച്ചു. എന്നാല്‍ സ്ഥലത്തെ സഭാ നേതൃത്വം സംവാദത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ രാഷ്ട്രങ്ങളില്‍ സമാധാനം കൈവരിക്കാന്‍ പരിശ്രമിക്കണമെന്നും പാപ്പാ പ്രത്യേകം ഓര്‍പ്പിച്ചു.

2. ലെസ്ബോസ് ദ്വീപിലെ ദുരന്തത്തില്‍ ദുഃഖം
ഗ്രീസിന്‍റെ ദ്വീപായ ലെസ്ബോസിലെ വലിയ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ അഗ്നിബാധയെക്കുറിച്ച് കേട്ടതില്‍ അതിയായി ഖേദിക്കുന്നെന്ന് പാപ്പാ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനക്കൂട്ടമുള്ള ആ വലിയ ക്യാമ്പിലേയ്ക്കു 2016 ഏപ്രില്‍ മാസത്തില്‍ നടത്തിയ സന്ദര്‍ശനം പാപ്പാ അനുസ്മരിച്ചു. നാടകീയമായ ദുരന്തത്തില്‍ ഇരകളായവര്‍ക്കുവേണ്ടി പാപ്പാ തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ചു.

3. വിശുദ്ധനാടിനുവേണ്ടിയുള്ള സ്തോത്രക്കാഴ്ച
മഹാമാരിമൂലം വിശുദ്ധനാടിനുവേണ്ടിയുള്ള ഈ വര്‍ഷത്തെ സ്ത്രോത്രക്കാഴ്ച സെപ്തംബര്‍ 14, വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാളിലേയ്ക്ക് മാറ്റിവച്ച കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. ഇന്നിന്‍റെ ക്ലേശകരമായ സാഹചര്യത്തില്‍ ക്രിസ്തു ജീവിച്ചു മരിച്ച ആ നാട്ടില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടു ജീവിക്കുന്ന ജനതയ്ക്ക് പ്രത്യാശയുടെയും, ഐക്യദാര്‍ഢ്യത്തിന്‍റെയും അടയാളമായിരിക്കും ഈ സ്തോത്രക്കാഴ്ചയെന്നും പാപ്പാ വിശദീകരിച്ചു.

4. സൈക്കിള്‍ സവാരി നടത്തിയ
പാര്‍ക്കിന്‍സാന്‍സ് രോഗികള്‍

തുടര്‍ന്ന് ചത്വരത്തില്‍ സമ്മേളിച്ച റോമിലെയും ഇതര രാജ്യങ്ങളിലെയും വിശ്വാസികളെ പാപ്പാ അഭിവാദ്യംചെയ്തു. പാവിയയില്‍നിന്നും റോമിലേയ്ക്ക്... 400-ല്‍ അധികം കിലോമീറ്റര്‍ദൂരം പുരാതനമായ ഫ്രാന്‍സിജേനിയ വഴിയിലൂടെ സൈക്കിള്‍ സവാരി നടത്തിയ പാര്‍ക്കിന്‍സാന്‍സ് രോഗികളുടെ കൂട്ടായ്മയുടെ സാക്ഷ്യത്തെയും, അവരുടെ ധൈര്യത്തെയും പാപ്പാ അഭിനന്ദിച്ചു.

5. പരിസ്ഥിതിയുടെ പ്രയോക്താക്കളായ സമൂഹം
മോന്തോ കസ്തേലോയില്‍നിന്നും എത്തിയ വ്യാകുല മാതാവിന്‍റെ സാഹോദര്യക്കൂട്ടായ്മയ്ക്കും, വടക്കെ ഇറ്റലിയിലെ വാലെ ദി അയോസ്തയില്‍നിന്നുമുള്ള “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ...” പാരിസ്ഥിതിക സമൂഹത്തിന്‍റെ പ്രതിനിധികള്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ആഗസ്റ്റ് മാസത്തെ വേനലില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സന്നദ്ധരായി ഇറങ്ങിയ ഇറ്റാലിയന്‍ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്കും പാപ്പാ നന്ദിയും ആശംസകളും അര്‍പ്പിച്ചു.

6. ശുഭാശംസകളോടെ
ഒരു നല്ലദിനത്തിന്‍റെ അനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്നു പതിവുപോലെ അനുസ്മരിപ്പിച്ചു. എന്നിട്ട് കരങ്ങള്‍ ഉയര്‍ത്തി പുഞ്ചിരിയോടെ ഒരിക്കല്‍ക്കൂടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടാണ് ത്രികാലപ്രാര്‍ത്ഥനയുടെ ജാലകത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് മെല്ലെ പിന്‍വാങ്ങിയത്. അപ്പോള്‍ ജനങ്ങള്‍ വീവാ... ഇല്‍ പാപ്പാ (Viva il Papa…!) പാപ്പാ നീണാള്‍ വാഴട്ടെ! എന്ന് ആവശേത്തോടെ ആര്‍ത്തിരമ്പി.
 

14 September 2020, 14:39